ഷെല്‍ബി മസ്താംഗ് ജിടി500 ഇന്ത്യയില്‍ ഈ വര്‍ഷമെത്തും

ഷെല്‍ബി മസ്താംഗ് ജിടി500 ഇന്ത്യയില്‍ ഈ വര്‍ഷമെത്തും

പുണെ ആസ്ഥാനമായ എജെപി ഗ്രൂപ്പാണ് കാര്‍ ഇന്ത്യയിലെത്തിക്കുന്നത്. ഷെല്‍ബിയില്‍നിന്ന് ഇന്ത്യയിലെത്തുന്ന ആദ്യ കാറായിരിക്കും 2020 ഷെല്‍ബി മസ്താംഗ് ജിടി500

ന്യൂഡെല്‍ഹി : ഷെല്‍ബി മസ്താംഗ് ജിടി500 ഇന്ത്യയില്‍ ഈ വര്‍ഷമെത്തിയേക്കും. പുണെ ആസ്ഥാനമായ എജെപി ഗ്രൂപ്പാണ് കാര്‍ ഇന്ത്യയിലെത്തിക്കുന്നത്. ഫോഡ് മസ്താംഗ് അടിസ്ഥാനമാക്കി ഷെല്‍ബി അമേരിക്കന്‍ എന്ന യുഎസ് വാഹന നിര്‍മ്മാതാക്കള്‍ പുറത്തിറക്കുന്ന ഹൈ പെര്‍ഫോമന്‍സ് കാറാണ് ഷെല്‍ബി മസ്താംഗ് ജിടി500. ഷെല്‍ബിയുമായി പങ്കാളിത്തം സ്ഥാപിച്ചതായി എജെപി ഗ്രൂപ്പ് അറിയിച്ചു. ഷെല്‍ബിയില്‍നിന്ന് ഇന്ത്യയിലെത്തുന്ന ആദ്യ കാറായിരിക്കും 2020 ഷെല്‍ബി മസ്താംഗ് ജിടി500. ഈ വര്‍ഷം ജനുവരിയില്‍ നടന്ന ഡിട്രോയിറ്റ് മോട്ടോര്‍ ഷോയില്‍ ഷെല്‍ബി മസ്താംഗ് ജിടി500 അരങ്ങേറ്റം നടത്തിയിരുന്നു.

ഈ വര്‍ഷം അവസാനത്തോടെയായിരിക്കും കാര്‍ ഇന്ത്യയിലെത്തുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. ഇന്ത്യയില്‍ ഷെല്‍ബിയുടെ സാങ്കേതിക പങ്കാളിയായിരിക്കും എജെപി എന്ന കാര്യം വ്യക്തമാണ്. മോഡിഫിക്കേഷന്‍ വരുത്തുന്നതിനും പരിഷ്‌കരിക്കുന്നതിനും എജെപിയുടെ സഹായമുണ്ടായിരിക്കും. അതേസമയം വില്‍പ്പന, സര്‍വീസ്, വാറന്റി തുടങ്ങിയ കാര്യങ്ങള്‍ ഷെല്‍ബിയും ഫോഡ് ഇന്ത്യയും കൈകാര്യം ചെയ്യും. സാധാരണ ഫോഡ് മസ്താംഗ് അടിസ്ഥാനമാക്കി നിര്‍മ്മിച്ച പെര്‍ഫോമന്‍സ് ഓറിയന്റഡ് പോണി കാറാണ് ജിടി500. ഷെല്‍ബി ഇതിനെ ഏറ്റവും കരുത്തുറ്റ ഫോഡ് കാറാക്കി മാറ്റി.

കൈകൊണ്ട് നിര്‍മ്മിച്ച സൂപ്പര്‍ചാര്‍ജ്ഡ് 5.2 ലിറ്റര്‍ അലുമിനിയം അലോയ് എന്‍ജിനാണ് ഷെല്‍ബി ജിടി500 കാറിന്റെ ഹൃദയം. ഇന്‍വെര്‍ട്ടഡ് 2.65 ലിറ്റര്‍ റൂട്ട്‌സ് ടൈപ്പ് സൂപ്പര്‍ചാര്‍ജറും എയര്‍-ടു-ലിക്വിഡ് ഇന്റര്‍കൂളറും വി8 എന്‍ജിന്‍ വാലിയില്‍ സുരക്ഷിതമായി വെച്ചിരിക്കുന്നു. ഈ മോട്ടോര്‍ ഏകദേശം 700 ബിഎച്ച്പി കരുത്താണ് ഉല്‍പ്പാദിപ്പിക്കുന്നത്. നൂറ് മില്ലിസെക്കന്‍ഡില്‍ താഴെ സമയത്തിനുള്ളില്‍ സുഗമമായി ഷിഫ്റ്റ് ചെയ്യാന്‍ സാധിക്കുന്ന 7 സ്പീഡ് ഡുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ എന്‍ജിനുമായി ചേര്‍ത്തുവെച്ചു. നോര്‍മല്‍, സ്ലിപ്പറി, സ്‌പോര്‍ട്, ഡ്രാഗ്, ട്രാക്ക് തുടങ്ങിയവയാണ് ഡ്രൈവിംഗ് മോഡുകള്‍. കാര്‍ബണ്‍ ഫൈബറില്‍ നിര്‍മ്മിച്ച ക്രമീകരിക്കാവുന്ന എക്‌സ്‌പോസ്ഡ് ട്രാക്ക് വിംഗ് നല്‍കിയിരിക്കുന്നു. ഇരട്ട റേസിംഗ് സ്ട്രിപ്പുകള്‍ കാറിന്റെ മുന്നില്‍നിന്ന് റൂഫ് വഴി പിന്നിലേക്ക് നീണ്ടുപോയിരിക്കുന്നു.

ഷെല്‍ബിയുടെ തനത് സ്വഭാവവും ഫോഡ് മസ്താംഗിന്റെ രൂപകല്‍പ്പനയും പേറുന്നതാണ് ഷെല്‍ബി മസ്താംഗ് ജിടി500. വലിയ ഗ്രില്ലിന് നടുവിലായി കോബ്ര ചിഹ്നം കാണാം. മുന്നില്‍ ലിപ് സ്‌പോയ്‌ലര്‍ സഹിതം സ്‌പോര്‍ടി ബംപര്‍, കാര്‍ബണ്‍ ഫൈബറില്‍ നിര്‍മ്മിച്ച 20 ഇഞ്ച് വ്യാസമുള്ള ചക്രങ്ങള്‍ എന്നിവയാണ് മറ്റ് വിശേഷങ്ങള്‍. റേസ് കാറുകളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് പ്രീമിയം വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചതാണ് കാബിന്‍. സിറിയസ് എക്‌സ്എം, ഫോഡ് പാസ് കണക്റ്റ് എന്നിവയോടെ 8 ഇഞ്ച് സിങ്ക് 3 ടച്ച്‌സ്‌ക്രീന്‍ ഡാഷ്‌ബോര്‍ഡില്‍ നല്‍കിയിരിക്കുന്നു. ഫുള്‍ കളര്‍ എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ 12 ഇഞ്ച് വലുപ്പമുള്ളതാണ്. കസ്റ്റം ട്യൂണ്‍ ചെയ്ത ഡാനിഷ് കമ്പനിയായ ബാംഗ് & ഒലുഫ്‌സെന്റെ ഹൈ-പെര്‍ഫോമന്‍സ് 12 സ്പീക്കര്‍ പ്ലേ പ്രീമിയം ഓഡിയോ സിസ്റ്റം സവിശേഷതയാണ്.

Comments

comments

Categories: Auto