തായ്‌ലാന്‍ഡില്‍ റോയല്‍ എന്‍ഫീല്‍ഡ് അസംബ്ലി പ്ലാന്റ് സ്ഥാപിക്കും

തായ്‌ലാന്‍ഡില്‍ റോയല്‍ എന്‍ഫീല്‍ഡ് അസംബ്ലി പ്ലാന്റ് സ്ഥാപിക്കും

ഈ വര്‍ഷം ജൂണില്‍ പ്രവര്‍ത്തനമാരംഭിക്കും. എന്നാല്‍ ഉല്‍പ്പാദനശേഷി വെളിപ്പെടുത്തിയില്ല. മുതല്‍മുടക്ക് എത്രയാണെന്നും പ്രഖ്യാപിച്ചില്ല

ന്യൂഡെല്‍ഹി : തായ്‌ലാന്‍ഡില്‍ അസംബ്ലി പ്ലാന്റ് സ്ഥാപിക്കുമെന്ന് റോയല്‍ എന്‍ഫീല്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ചെന്നൈ ആസ്ഥാനമായ ബൈക്ക് നിര്‍മ്മാതാക്കള്‍ ഇന്ത്യയ്ക്ക് പുറത്ത് ഇതാദ്യമായാണ് പ്ലാന്റ് ആരംഭിക്കുന്നത്. ഏഷ്യ പസിഫിക് മേഖലയില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള അനുബന്ധ കമ്പനി ഇതോടെ രൂപീകൃതമാകും. പുതിയ അസംബ്ലി പ്ലാന്റ് ഈ വര്‍ഷം ജൂണില്‍ പ്രവര്‍ത്തനമാരംഭിക്കും.

പുതിയ അസംബ്ലി പ്ലാന്റില്‍ പ്രതിവര്‍ഷം എത്രമാത്രം ബൈക്കുകള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്ന് റോയല്‍ എന്‍ഫീല്‍ഡ് വെളിപ്പെടുത്തിയില്ല. എത്ര ജീവനക്കാരെ നിയമിക്കുമെന്നും മുതല്‍മുടക്ക് എത്രയാണെന്നും പ്രഖ്യാപിച്ചില്ല. പുതിയ നിക്ഷേപങ്ങള്‍ക്കായി വകയിരുത്തിയ 800 കോടി രൂപയുടെ ഭാഗമാണ് തായ്‌ലാന്‍ഡ് പ്ലാന്റ്. പുതിയ പ്ലാന്റ് സ്ഥാപിച്ച് തായ്‌ലാന്‍ഡിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കമ്പനി വ്യക്തമാക്കിയിരുന്നു. ഇന്തോനേഷ്യയില്‍ സാന്നിധ്യമറിയിക്കാനും റോയല്‍ എന്‍ഫീല്‍ഡ് പദ്ധതിയിടുന്നു.

മൂന്ന് വര്‍ഷം മുമ്പ് തായ്‌ലാന്‍ഡില്‍ വില്‍പ്പന ആരംഭിച്ചതുമുതല്‍ അവിടുത്തെ റൈഡര്‍മാര്‍ വലിയ സ്‌നേഹമാണ് പ്രകടിപ്പിക്കുന്നതെന്ന് റോയല്‍ എന്‍ഫീല്‍ഡ് സിഇഒ സിദ്ധാര്‍ത്ഥ ലാല്‍ പറഞ്ഞു. മുഴുവന്‍ മോഡലുകളുമായി മൂന്ന് വര്‍ഷം മുമ്പാണ് തായ് മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് പ്രവേശിച്ചത്. ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 മോഡലുകള്‍ ഈയിടെ തായ്‌ലാന്‍ഡിലും പുറത്തിറക്കിയിരുന്നു.

തെക്കുകിഴക്കനേഷ്യ മേഖലയില്‍ 650 ഇരട്ടകള്‍ ആദ്യം അവതരിപ്പിച്ചത് തായ്‌ലാന്‍ഡിലാണ്. ആ രാജ്യത്ത് ഇതുവരെ 700 ലധികം ബുക്കിംഗ് കരസ്ഥമാക്കാന്‍ 650 ഇരട്ടകള്‍ക്ക് കഴിഞ്ഞു. 2020 മാര്‍ച്ച് മാസത്തോടെ 15 ഡീലര്‍ഷിപ്പുകളും 25 അംഗീകൃത സര്‍വീസ് സെന്ററുകളാണ് തായ്‌ലാന്‍ഡില്‍ ലക്ഷ്യമിടുന്നതെന്ന് റോയല്‍ എന്‍ഫീല്‍ഡ് ഏഷ്യ പസിഫിക് മേഖല ബിസിനസ് മേധാവി വിമല്‍ സുംബ്ലി അറിയിച്ചു.

Comments

comments

Categories: Auto