പോര്‍ഷെ കയെന്‍ കൂപ്പെ അവതരിച്ചു

പോര്‍ഷെ കയെന്‍ കൂപ്പെ അവതരിച്ചു

കയെന്‍ എസ്‌യുവി അടിസ്ഥാനമാക്കിയാണ് കയെന്‍ കൂപ്പെ നിര്‍മ്മിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ അനാവരണം ചെയ്തു

സ്റ്റുട്ട്ഗാര്‍ട്ട് : മെഴ്‌സേഡസ് ബെന്‍സ് ജിഎല്‍സി കൂപ്പെ അനാവരണം ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ പോര്‍ഷെ കയെന്‍ കൂപ്പെ മറ നീക്കി പുറത്തുവന്നു. ആഗോളതലത്തില്‍ അനാവരണം ചെയ്തു. കയെന്‍ എസ്‌യുവി അടിസ്ഥാനമാക്കിയാണ് കയെന്‍ കൂപ്പെ നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ പുതിയ ബോഡി സ്‌റ്റൈലില്‍ അഭിമാനിക്കുന്നു.

കയെന്‍ എസ്‌യുവിയുടെ അതേ മുഖച്ഛായ തന്നെയാണ് കയെന്‍ കൂപ്പെയുടേത്. എന്നാല്‍ ബംപര്‍ പുനര്‍രൂപകല്‍പ്പന ചെയ്തിരിക്കുന്നു. ചെരിഞ്ഞിറങ്ങുന്ന റൂഫ്‌ലൈന്‍ അല്‍പ്പം ഉയര്‍ത്തിനല്‍കിയ ബൂട്ടില്‍ അവസാനിക്കുന്നു. കാര്‍ബണ്‍ ഫൈബര്‍ റൂഫ് ഓപ്ഷണലായി ലഭിക്കും. അഡാപ്റ്റീവ് റൂഫ് സ്‌പോയ്‌ലര്‍ ലഭ്യമാണ്. മണിക്കൂറില്‍ 90 കിലോമീറ്ററിലധികം വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ ഡൗണ്‍ഫോഴ്‌സ് വര്‍ധിപ്പിക്കുന്നതിന് സ്‌പോയ്‌ലര്‍ 5.3 ഇഞ്ച് വരെ നീളുന്നു.

പോര്‍ഷെ ആക്റ്റീവ് സസ്‌പെന്‍ഷന്‍ മാനേജ്‌മെന്റ് (പിഎഎസ്എം), സ്‌പോര്‍ട് ക്രോണോ പാക്കേജ്, 20 ഇഞ്ച് ചക്രങ്ങള്‍ എന്നിവ എന്നിവ പോര്‍ഷെ കയെന്‍ കൂപ്പെയില്‍ സ്റ്റാന്‍ഡേഡായി നല്‍കിയിരിക്കുന്നു. കാബിനകത്ത്, മുന്നിലെ യാത്രക്കാര്‍ക്കായി എട്ട് വിധത്തില്‍ ക്രമീകരിക്കാവുന്ന സീറ്റുകള്‍ സ്റ്റാന്‍ഡേഡായി നല്‍കി.

3.0 ലിറ്റര്‍ സിംഗിള്‍ ടര്‍ബോ വി6, 4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി8 എന്നീ രണ്ട് എന്‍ജിന്‍ ഓപ്ഷനുകളാണ് ലഭ്യമാക്കുന്നത്. ആദ്യത്തെ എന്‍ജിന്‍ 339 പിഎസ് കരുത്തും 450 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. 0-100 കിമീ/മണിക്കൂര്‍ വേഗം കൈവരിക്കാന്‍ 5.7 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 250 കിലോമീറ്ററാണ് ടോപ് സ്പീഡ്.

രണ്ടാമത്തെ എന്‍ജിന്‍ 548 പിഎസ് കരുത്തും 760 എന്‍എം ടോര്‍ക്കുമാണ് പുറപ്പെടുവിക്കുന്നത്. 0-100 കിമീ/മണിക്കൂര്‍ വേഗം കൈവരിക്കാന്‍ 3.7 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 286 കിലോമീറ്റാണ് ഏറ്റവും ഉയര്‍ന്ന വേഗത.

Comments

comments

Categories: Auto