തുല്യതയുടെ പ്രതിഷ്ഠാപനവുമായി പോളിഷ് ആര്‍ട്ടിസ്റ്റ് ഗോഷ്‌ക മക്കുഗ

തുല്യതയുടെ പ്രതിഷ്ഠാപനവുമായി പോളിഷ് ആര്‍ട്ടിസ്റ്റ് ഗോഷ്‌ക മക്കുഗ

സ്ത്രീപക്ഷ വാദവും മാര്‍ക്‌സിസവും തമ്മിലുള്ള ബന്ധത്തെയാണ് ഈ പ്രതിഷ്ഠാപനത്തിലൂടെ മക്കുഗ മുന്നോട്ടു വയ്ക്കാന്‍ ശ്രമിക്കുന്നത്

മാര്‍ക്‌സിന്റെ ശവകുടീരത്തെ തള്ളിക്കൊണ്ടു പോകുന്ന സ്ത്രീകളുടെ ഫോട്ടോയാണ് കൊച്ചിമുസിരിസ് ബിനാലെയില്‍ പോളണ്ട് ആര്‍ട്ടിസ്റ്റായ ഗോഷ്‌ക മക്കുഗയുടെ പ്രതിഷ്ഠാപനത്തിന്റെ ആദ്യ കാഴ്ചയില്‍ കണ്ണിലുടക്കുന്നത്. സ്ത്രീപക്ഷ വാദവും മാര്‍ക്‌സിസവും തമ്മിലുള്ള ബന്ധത്തെയാണ് ഈ പ്രതിഷ്ഠാപനത്തിലൂടെ മക്കുഗ മുന്നോട്ടു വയ്ക്കാന്‍ ശ്രമിക്കുന്നത്.

കമ്മ്യൂണിസം ചരിത്രത്തിന്റെ മാത്രം ഭാഗമല്ലാത്ത കേരളത്തില്‍ ഇത്തരം പ്രമേയത്തിന് പ്രാധാന്യം ഏറെയാണെന്ന് 52കാരിയായ മക്കുഗ വിശ്വസിക്കുന്നു. ‘ഡെത്ത് ഓഫ് മാര്‍ക്‌സിസം, വുമണ്‍ ഓഫ് ഓള്‍ ലാന്‍ഡ്‌സ് യുണൈറ്റ്’ എന്നാണ് ഈ പ്രതിഷ്ഠാപനത്തിന് നല്‍കിയിരിക്കുന്ന പേര്. മാര്‍ക്‌സിന്റെ ലണ്ടനിലുള്ള ശവകുടീരം കേരളത്തിലെ ഒരു കൂട്ടം സ്ത്രീകള്‍ തള്ളിക്കൊണ്ടു പോകുന്നതായാണ് ഈ പ്രതിഷ്ഠാപനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടൊപ്പം ചരിത്രത്തിലെ പല സ്ത്രീപക്ഷ വാദികളുടെയും ചിത്രങ്ങളും നല്‍കിയിരിക്കുന്നു.

മാര്‍ക്‌സിന്റെ ശവകുടീരത്തിനടുത്ത് ആലേഖനം ചെയ്തിരിക്കുന്ന ‘സാര്‍വരാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍’ എന്ന ആഹ്വാനമാണ് പ്രതിഷ്ഠാപനത്തിന്റെ പേരിനു പിന്നിലെന്ന് മക്കുഗ പറഞ്ഞു. വര്‍ഗസമരത്തില്‍ നിന്നും സ്ത്രീശാക്തീകരണത്തിനും ലിംഗസമത്വത്തിനു വേണ്ടിയുള്ള പോരാട്ടത്തിനുമായി മാര്‍ക്‌സിസം മാറുന്നതാണ് പ്രമേയം.

ആറു വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ചതാണ് ഈ സൃഷ്ടിക്കായുള്ള പ്രവര്‍ത്തനം. ചെക്ക് ആര്‍ട്ടിസ്റ്റായ മിറാസ്ലാവ് ടിച്ചിയുടെ തെരുവിലെ സ്ത്രീകളെക്കുറിച്ചുള്ള ഫോട്ടോ പ്രതിഷ്ഠാപനത്തില്‍ നിന്നുമാണ് മക്കുഗ പ്രചോദനം ഉള്‍ക്കൊണ്ടത്. ബിനാലെയ്ക്ക് വേണ്ടി പകുതി അച്ചടിച്ച ചിത്രമായും പകുതി പരവതാനിയായുമാണ് ഇത് നിര്‍മ്മിച്ചിട്ടുള്ളത്.

വിനോദയാത്രയ്ക്ക് പോകുന്ന സ്ത്രീകളെയാണ് മക്കുഗയുടെ ചിത്രത്തില്‍ പരാമര്‍ശിച്ചിരുന്നത്. എന്നാല്‍ കൊച്ചി ബിനാലെയ്ക്ക് വേണ്ടി അതില്‍ മാറ്റങ്ങള്‍ വരുത്തി. മാര്‍ക്‌സിന്റെ ശവകുടീരത്തെ വളഞ്ഞ് നില്‍ക്കുന്ന സ്ത്രീകളുടെ ചിത്രത്തിലേക്ക് അങ്ങിനെയാണ് എത്തുന്നതെന്ന് ഗോഷ്‌ക മക്കുഗ പറഞ്ഞു.

പ്രതിഷ്ഠാപനം കാഴ്ചക്കാരനുമായി ഏറെ സംവദിക്കുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പ്രതിഷ്ഠാപനത്തിന്റെ ഭാഗമായുള്ള പരവതാനിയില്‍ സന്ദര്‍ശകര്‍ക്ക് ഇരിക്കാം. സ്ത്രീപക്ഷവാദിയായ പുസ്തകങ്ങള്‍ അവയില്‍ വച്ചിട്ടുണ്ട്. അത് വായിക്കാം. കെ ആര്‍ മീരയുടെ ‘ആരാച്ചര്‍’ എന്ന നോവലിന്റെ ഇംഗ്ലീഷ് പതിപ്പ്, ‘റെവല്യൂഷണറി ഡിസയേഴ്‌സ്; വുമണ്‍, കമ്മ്യൂണിസം’, ‘ഫെമിനിസം ഇന്‍ ഇന്ത്യ, ഹെര്‍സെല്‍ഫ്; ജെന്‍ഡര്‍ ആന്‍ഡ് ഏര്‍ളി റൈറ്റിംഗ്‌സ് ഓഫ് മലയാളി വുമണ്‍’ എന്നീ പുസ്തകങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

സ്ത്രീപക്ഷവാദിയായ പ്രമേയങ്ങളാണ് ഗോഷ്‌ക മക്കുഗ മുമ്പും പ്രമേയമാക്കിയിട്ടുള്ളത്. തിയോസഫിക്കല്‍ സൊസൈറ്റിയുടെ സ്ഥാപകയായ മാഡം ബ്ലാവാറ്റ്‌സ്‌കി, ലോകമഹായുദ്ധത്തിലെ പ്രമുഖയായ സ്ത്രീകള്‍, മീ ടൂ തുടങ്ങിയ വിഷയങ്ങള്‍ അവര്‍ പ്രമേയങ്ങളാക്കിയിട്ടുണ്ട്.

Comments

comments

Categories: FK News