പുതിയ ബിഎംഡബ്ല്യു 3 സീരീസ് വൈകില്ല

പുതിയ ബിഎംഡബ്ല്യു 3 സീരീസ് വൈകില്ല

2018 ഒക്‌റ്റോബറില്‍ പാരിസ് മോട്ടോര്‍ ഷോയിലാണ് പുതിയ 3 സീരീസ് ആഗോള അരങ്ങേറ്റം നടത്തിയത്

ന്യൂഡെല്‍ഹി : ഏഴാം തലമുറ ബിഎംഡബ്ല്യു 3 സീരീസ് ഇന്ത്യന്‍ വിപണിയില്‍ വൈകാതെ അവതരിപ്പിക്കും. കോംപാക്റ്റ് എക്‌സിക്യൂട്ടീവ് കാര്‍ ഇന്ത്യയില്‍ പരീക്ഷണ ഓട്ടം നടത്തുന്നതായി കണ്ടെത്തി. 2018 ഒക്‌റ്റോബറില്‍ പാരിസ് മോട്ടോര്‍ ഷോയിലാണ് പുതിയ 3 സീരീസ് ആഗോള അരങ്ങേറ്റം നടത്തിയത്. ഈ വര്‍ഷം പകുതിയോടെ ഇന്ത്യയില്‍ പുറത്തിറക്കും. മുന്‍ഗാമിയേക്കാള്‍ 55 കിലോഗ്രാം ഭാരം കുറച്ചാണ് പുതു തലമുറ ബിഎംഡബ്ല്യു 3 സീരീസ് വരുന്നത്. കാര്‍ ഇപ്പോള്‍ കുറേക്കൂടി എഡ്ജിയാണ്.

പുതിയ 3 സീരീസിന് വലുപ്പം വര്‍ധിച്ചിരിക്കുന്നു. എന്നാല്‍ ആഗോളതലത്തില്‍ വില്‍ക്കുന്ന അതേ അളവുകളിലാണ് പുതിയ ബിഎംഡബ്ല്യു 3 സീരീസ് ഇന്ത്യയിലെത്തുന്നത്. നീളം 76 എംഎം വര്‍ധിച്ച് 4709 മില്ലി മീറ്ററായും വീതി 16 എംഎം വര്‍ധിച്ച് 1827 മില്ലി മീറ്ററായും ഉയരം ഒരു എംഎം വര്‍ധിച്ച് 1442 മില്ലി മീറ്ററായും മാറിയിരിക്കുന്നു. വീല്‍ബേസ് 41 എംഎം വര്‍ധിച്ചു. 2851 മില്ലി മീറ്ററാണ് പുതിയ വീല്‍ബേസ്. ഗ്ലോബല്‍ മോഡല്‍ ഉപയോഗിക്കുന്ന അതേ 19 ഇഞ്ച് വ്യാസമുള്ള ചക്രങ്ങളിലാണ് കാര്‍ ഇന്ത്യയിലേക്ക് വരുന്നത്.

ഫീച്ചറുകളുടെ കണക്കെടുത്താല്‍, ലേസര്‍ ലൈറ്റ് സഹിതം അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, ഇംഗ്ലീഷ് അക്ഷരമാലയിലെ ‘എല്‍’ ആകൃതിയിലുള്ള എല്‍ഇഡി ടെയ്ല്‍ലാംപുകള്‍, ഇരട്ട എക്‌സോസ്റ്റ് പൈപ്പുകള്‍, ഗ്ലാസ് റൂഫ് എന്നിവ സവിശേഷതകളാണ്. 12.3 ഇഞ്ച് വലുപ്പമുള്ള പൂര്‍ണ്ണ ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, ഹെഡ്‌സ്-അപ് ഡിസ്‌പ്ലേ, ബിഎംഡബ്ല്യു ഐഡ്രൈവ് 7.0, ബിഎംഡബ്ല്യു പേഴ്‌സണല്‍ ഇന്റലിജന്റ് അസിസ്റ്റന്റ് എന്നിവ പുതിയ 3 സീരീസിന്റെ കാബിനില്‍ നല്‍കിയിരിക്കുന്നു.

330ഐ പെട്രോള്‍, 320ഡി ഡീസല്‍ വേരിയന്റുകളില്‍ പുതിയ ബിഎംഡബ്ല്യു 3 സീരീസ് ഇന്ത്യയില്‍ പുറത്തിറക്കിയേക്കും. രണ്ട് വേരിയന്റുകള്‍ക്കും 2.0 ലിറ്റര്‍ മോട്ടോര്‍ കരുത്തേകും. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് പിന്‍ ചക്രങ്ങളിലേക്ക് കരുത്ത് എത്തിക്കും.

Comments

comments

Categories: Auto
Tags: BMW 3 series