നാഷണല്‍ ഹെല്‍ത്ത് അതോറിറ്റിയുടെ കാന്‍സര്‍ ചികില്‍സാശൃംഖല

നാഷണല്‍ ഹെല്‍ത്ത് അതോറിറ്റിയുടെ കാന്‍സര്‍ ചികില്‍സാശൃംഖല

ആയുഷ്മാന്‍ ഗുണഭോക്താക്കള്‍ക്ക് മികച്ച കാന്‍സര്‍ ചികില്‍സ ലഭ്യമാക്കാന്‍ ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതിയില്‍ ദേശീയ കാന്‍സര്‍ ഗ്രിഡുമായി പങ്കാളിത്തത്തിന് നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി

രാജ്യത്തെ കാന്‍സര്‍ ദുരിതമനുഭവിക്കുന്ന സാധാരണക്കാര്‍ക്കു വിദഗ്ധചികില്‍സ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി. ആരോഗ്യപരിപാലനരംഗത്ത് കുറഞ്ഞ സമയത്തിനുള്ളില്‍ വിപ്ലവകരമായ നേട്ടങ്ങള്‍ കൊണ്ടുവന്ന കേന്ദ്രാവിഷ്‌കൃതപദ്ധതി, ആയുഷ്മാനിലൂടെ നടപ്പാക്കാന്‍ പോകുന്നത് വികസിത രാജ്യങ്ങളുടെ ആരോഗ്യക്ഷേമ പരിപാടികള്‍ക്കു സമാനമായിരിക്കും. മുംബൈ ടാറ്റാ മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ വെര്‍ച്വല്‍ ട്യൂമര്‍ ബോര്‍ഡ് നടത്തുന്ന കാന്‍സര്‍ ഗ്രിഡുമായി പങ്കാളിത്തത്തിനു നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി ചര്‍ച്ചകള്‍ നടത്തിവരുകയാണ്. ഗ്രിഡ് മുഖേന പ്രവര്‍ത്തിയ്ക്കുന്ന ബോര്‍ഡ്, ആശുപത്രികളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു ഡിജിറ്റല്‍ ശൃംഖലയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്. സങ്കീര്‍ണ്ണമായ അര്‍ബുദ ചികില്‍സകളാണ് ഈ ശൃംഖല കൈകാര്യം ചെയ്യുന്നത്. ഇതു വഴി ആയുഷ്മാന്‍ ഗുണഭോക്താക്കള്‍ക്ക് മികച്ച ചികില്‍സ ലഭ്യമാക്കാന്‍ കഴിയും.

രാജ്യത്തെ കാന്‍സര്‍ വിദഗ്ധര്‍ അണിനിരക്കുന്ന ശൃംഖലയില്‍ നിന്നും ചികില്‍സ സംബന്ധിച്ച മികച്ച ഉപദേശങ്ങള്‍ നേടിയെടുക്കാന്‍ ആയുഷ്മാന്‍ ഭാരത് ഗുണഭോക്താക്കള്‍ക്ക് അവസരം ലഭിക്കുന്നു. അതായത് വിദഗ്ധ ചികില്‍സയ്ക്കായി ദീര്‍ഘദൂരം യാത്ര ചെയ്യേണ്ടിവരില്ലെന്നു ചുരുക്കം. പദ്ധതി നടപ്പാക്കുന്നതോടെ പൊതുജനാരോഗ്യ മേഖലയിലെ കാന്‍സര്‍ വിദഗ്ധരുടെ അഭാവം പരിഹരിക്കപ്പെടുമെന്നാണു പ്രതീക്ഷ. ഇന്ത്യയില്‍ ഓരോ വര്‍ഷവും സങ്കീര്‍ണ്ണമായ കാന്‍സര്‍ രോഗങ്ങളാണു കണ്ടെത്തുന്നത്. ഇവയ്ക്ക് പലപ്പോഴും ശരിയായ ചികില്‍സ ലഭിക്കാറില്ല. രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളില്‍ ദേശീയ കാന്‍സര്‍ ഗ്രിഡുമായി ഒരു കരാര്‍ ഒപ്പിടാമെന്ന് പ്രതീക്ഷിക്കുന്നതായി ആയുഷ്മാന്‍ ഭരത് ഡെപ്യൂട്ടി സിഇഒ ദിനേശ് അറോറ പറഞ്ഞു. ഇത് രോഗികള്‍ക്ക് മികച്ച ചികില്‍സ ഉറപ്പുവരുത്തുക മാത്രമല്ല, എല്ലാ തരത്തിലുള്ള കാന്‍സറിനും അടിസ്ഥാന ചികില്‍സാ സമ്പ്രദായങ്ങളും മാര്‍ഗനിര്‍ദേശങ്ങളും വികസിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറയുന്നു.

പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജനപദ്ധതിയില്‍ ചികില്‍സാസഹായം ലഭിക്കുന്നതില്‍ 30% കാന്‍സര്‍ രോഗികളാണ്. കാന്‍സര്‍ പ്രതിരോധത്തിനായി 400 കോടി രൂപ സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്. ശൃംഖലയിലെ കാന്‍സര്‍ ആശുപത്രികളുടെ കുറവും ചില സംസ്ഥാനങ്ങള്‍ പദ്ധതിയില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ പ്രവണത കാണിക്കുന്നതുമാണ് പദ്ധതിനടത്തിപ്പിലെ വെല്ലുവിളികള്‍. ഗുജറാത്ത്, ഉത്തര്‍പ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, ഛത്തീസ്ഗഢ് എന്നീ അഞ്ച് സംസ്ഥാനങ്ങളാണ് പദ്ധതിയുമായി നല്ല രീതിയില്‍ സഹകരിക്കുന്നത്. പദ്ധതിയില്‍ പങ്കാളികളായ ആശുപത്രികളില്‍ 76 ശതമാനവും ഇവിടങ്ങളിലെ കാന്‍സര്‍ ആശുപത്രികളാണ്. നിലവില്‍, 1,574 ആശുപത്രികളെയാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ 438 ആശുപത്രികള്‍ മാത്രമാണ് കീമോതെറാപ്പി, റേഡിയേഷന്‍ തുടങ്ങിയ ചികില്‍സാസൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്.

കാന്‍സര്‍ ചികില്‍സ നല്‍കുന്നതിനുള്ള പ്രാരംഭ പ്രവണതകള്‍ സംസ്ഥാനങ്ങളില്‍ ഉടനീളം ഗൗരവത്തോടെയുള്ള ചലനങ്ങള്‍ കാണിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇപ്പോഴും, പദ്ധതിയുടെ ഏറിയ പങ്കും ഗുജറാത്തില്‍ മാത്രമാണുള്ളത്. സംസ്ഥാനത്തിനു പുറത്തുള്ള 23 ശതമാനം രോഗികള്‍ക്കാണ് കാന്‍സര്‍ ചികില്‍സ ലഭിച്ചത്. ബീഹാറിന് 10 ശതമാനം ചികില്‍സ അയല്‍സംസ്ഥാനം ജാര്‍ഖണ്ഡില്‍ നിന്നുള്ള രോഗികള്‍ക്കു നല്‍കാനായി. പദ്ധതിക്കു കീഴില്‍ കാന്‍സര്‍ ചികില്‍സാസഹായം ലഭിക്കുന്നതിന് ഇതുവരെ 2.20 ലക്ഷം ആശുപത്രികളില്‍ രോഗീപ്രവേശനം ഉണ്ടായിട്ടുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതില്‍ 1,53,000 മെഡിക്കല്‍ ഓങ്കോളജി രോഗികളില്‍ റേഡിയേഷന്‍ മാത്രം വേണ്ടത് 44,479 പേര്‍ക്കാണ്. ബാക്കിയുള്ളവര്‍ക്ക് ശസ്ത്രക്രിയയും പീഡിയാട്രിക് ഓങ്കോളി ചികില്‍സയുമാണുള്ളത്.

കാന്‍സര്‍ രോഗം വര്‍ധിക്കുന്നതിനനുസരിച്ച് ചികില്‍സയുടെ ആവശ്യകതയും വര്‍ധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നു. നാഷണല്‍ ഗ്രിഡുമായുള്ള പങ്കാളിത്തത്തിലൂടെ രാജ്യമെമ്പാടുമുള്ള ജനങ്ങള്‍ക്ക് ചികിത്സാ പദ്ധതികളെക്കുറിച്ച് മെച്ചപ്പെട്ട മാര്‍ഗനിര്‍ദ്ദേശം ഉറപ്പാക്കുന്നു. ചികില്‍സയ്ക്ക് വേണ്ടി വരുന്ന അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് അടിയന്തരപ്രാധാന്യം നല്‍കേണ്ടതുണ്ട്. രാജ്യത്തെ 10.74 കോടി കുടുംബങ്ങളിലെ 50 കോടി ഗുണഭോക്താക്കള്‍ക്കായി അഞ്ചുലക്ഷം രൂപയുടെ വാര്‍ഷിക ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാനാണ് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജനപദ്ധതി ഉദ്ദേശിക്കുന്നത്. പദ്ധതിപ്രകാരം ഇതുവരെ 16.82 ലക്ഷം പ്രവേശനം നേടിയിട്ടുണ്ട്.

Comments

comments

Categories: Health