ലോകത്തിലെ ഏറ്റവും പ്രായമേറിയ ആപ്പ് ഡവലപ്പറെ പരിചയപ്പെടാം

ലോകത്തിലെ ഏറ്റവും പ്രായമേറിയ ആപ്പ് ഡവലപ്പറെ പരിചയപ്പെടാം

ടോക്യോ: 60 വയസ് ആണു പൊതുവേ വിരമിക്കല്‍ പ്രായമായി കണക്കാക്കുന്നത്. എന്നാല്‍ 83-കാരിയായ മസാക്കോ വകാമിയയ്ക്കു വിശ്രമിക്കാനൊന്നും നേരമില്ല. അവര്‍ ആപ്പ് ഡവലപ്പ് ചെയ്യുന്ന തിരക്കിലാണ്.

ലോകത്തിലെ ഏറ്റവും പ്രായമേറിയ ആപ്പ് ഡവലപ്പറാണ് ജാപ്പനീസ് വംശജയും 83-കാരിയുമായ മസാക്കോ വകാമിയ. കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗില്‍ വകാമിയയ്ക്കുള്ള മികവാണ് ഇപ്പോള്‍ ടെക് ലോകത്തെ ചര്‍ച്ചാ വിഷയം. 60-ാം വയസിലാണു മസാക്കോ ആദ്യമായി കമ്പ്യൂട്ടിംഗ് രംഗത്തേയ്ക്ക് പ്രവേശിച്ചത്. അതിനു മുന്‍പ് 43 വര്‍ഷക്കാലം അവര്‍ ബാങ്കില്‍ സേവനമനുഷ്ഠിക്കുകയായിരുന്നു. ബാങ്കില്‍നിന്നും സേവനമവസാനിപ്പിച്ചതോടെ സ്വന്തമായി ഒരു കമ്പ്യൂട്ടര്‍ വാങ്ങി. പിന്നീട് ഇന്റര്‍നെറ്റിന്റെ സാധ്യതയെ അവര്‍ കണ്ടെത്തുകയും പ്രയോജനപ്പെടുത്തുകയും ചെയ്തു. കമ്പ്യൂട്ടര്‍ കോഡിനെ കുറിച്ചു സ്വന്തമായി ഇന്റര്‍നെറ്റിന്റെ സഹായത്തോടെ പഠിച്ചു. പിന്നീട് ഹിനാഡന്‍ (Hinadan) എന്നൊരു ഐ ഫോണ്‍ ആപ്പും സ്വന്തമായി സൃഷ്ടിച്ചു. ഇത് ആപ്പ് സ്റ്റോറില്‍ 2017-ല്‍ ലോഞ്ച് ചെയ്തു. മുതിര്‍ന്നവര്‍ക്കു കളിക്കാന്‍ വേണ്ടിയുള്ള ജാപ്പനീസ് ഡോള്‍ ഗെയിമാണ് ഈ ആപ്പ്. ലോഞ്ച് ചെയ്ത് വെറും ഒരു വര്‍ഷം കൊണ്ട് ആഗോളതലത്തില്‍ ഈ ആപ്പ് 53,000 ഡൗണ്‍ലോഡ് ചെയ്തു.

ഐ ഫോണ്‍ ആപ്പ് പുറത്തിറക്കിയതോടെ മസാക്കോ ലോക പ്രശസ്തയുമായി. ടെഡ്എക്‌സ് ടോക്യോയിലും യുഎന്നിലും മസാക്കോ അതിഥിയായെത്തുകയും അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. 2017-ല്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന ചടങ്ങില്‍ ആപ്പിള്‍ സിഇഒ ടിം കുക്കുമായും മസാക്കോ കൂടിക്കാഴ്ച നടത്തുകയുണ്ടായി. 81-ാം വയസിലാണു മസാക്കോ ആപ്പ് ഡവലപ്പ് ചെയ്തത്. ഇതോടെ ലോകത്തിലെ ഏറ്റവും പ്രായമേറിയ ആപ്പ് ഡവലപ്പറെന്ന ഖ്യാതിയും മസാക്കോയ്ക്കു കൈവന്നു. ഇന്നു ജപ്പാനിലെ റോള്‍ മോഡലായി മാറിയിരിക്കുകയാണു മസാക്കോ. മസാക്കോ ഡവലപ്പ് ചെയ്ത ആപ്പിന്റെ ഇംഗ്ലീഷ്, ചൈനീസ്, ഫ്രഞ്ച് പതിപ്പുകള്‍ പുറത്തിറക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്.

ആപ്പ് ഡവലപ്പ് ചെയ്യാന്‍ മസാക്കോയെ പ്രേരിപ്പിച്ചതിനു പിന്നില്‍ രസകരമായൊരു കഥയുണ്ട്. ജപ്പാനില്‍ പ്രായമായവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. 2055 ആകുമ്പോഴേക്കും ജപ്പാന്റെ ജനസംഖ്യയില്‍ 40 ശതമാനവും വാര്‍ധ്യകത്തിലുള്ളവരായിരിക്കും. വാര്‍ധക്യത്തിലുള്ളവര്‍ക്ക് സമയം ചെലവഴിക്കുന്നതിനായി മൊബൈല്‍ ഗെയിമുകളൊന്നും ജപ്പാനില്‍ ഇല്ലെന്നു തന്നെ പറയാം. ഒരിക്കല്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചു കൊണ്ടു സോഫ്റ്റ്‌വെയര്‍ ഡവലപ്പര്‍മാരെ മസാക്കോ സമീപിച്ചു. വാര്‍ധക്യത്തിലുള്ളവര്‍ക്കു വേണ്ടി മൊബൈല്‍ ഗെയിം ഡവലപ്പ് ചെയ്തു കൂടേയെന്നും ചോദിച്ചു. പക്ഷേ അവരുടെ മറുപടി നിരാശയേകുന്നതായിരുന്നു. ഇതോടെ സ്വന്തമായി ഗെയിം ഡവലപ്പ് ചെയ്യുന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ മസാക്കോ തീരുമാനിച്ചു. തുടര്‍ന്നു പ്രോഗ്രാമിംഗ് പുസ്തകങ്ങള്‍ വാങ്ങിച്ചും ഇന്റര്‍നെറ്റില്‍ ഫേസ്ബുക്ക്, സ്‌കൈപ്പ്, മെസഞ്ചര്‍ എന്നീ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രോഗ്രാമിംഗിനെ കുറിച്ചുള്ള വിവരങ്ങള്‍ വായിച്ചും ആപ്പ് ഡവലപ്പ് ചെയ്തു. ആപ്പിളിന്റെ സ്വിഫ്റ്റ് പ്രോഗ്രാമിംഗ് ലാംഗ്വേജ് വീടിന് 200 മൈല്‍ അപ്പുറമുള്ള ഒരു പ്രോഗ്രാമറുടെ സഹായത്തോടെ പഠിച്ചെടുക്കുകയും ചെയ്തു.അങ്ങനെ 81-ാം വയസില്‍ മസാക്കോ സ്വന്തമായി ആപ്പ് ഡവലപ്പ് ചെയ്യുകയും ചെയ്തു.

Comments

comments

Categories: FK News