നിയമനിര്‍മ്മാണത്തില്‍ കമ്പനികള്‍ക്കും അഭിപ്രായം പറയാം

നിയമനിര്‍മ്മാണത്തില്‍ കമ്പനികള്‍ക്കും അഭിപ്രായം പറയാം

ദുബായില്‍ പുതിയ ബിസിനസ് വോയിസ് പോര്‍ട്ടല്‍ നിലവില്‍ വന്നു

ദുബായ്: വ്യാവസായിക നിയമ നിര്‍മ്മാണ രംഗത്ത് കമ്പനികള്‍ക്കും ബിസിസുകള്‍ക്കും കൂടുതല്‍ അഭിപ്രായ സ്വാതന്ത്ര്യമേകാന്‍ ദുബായില്‍ പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം നിലവില്‍ വരുന്നു. പൊതു-സ്വകാര്യ മേഖല സഹകരണം കൂടുതല്‍ മികവുറ്റതാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പുതിയ ബിസിനസ് വോയിസ് പോര്‍ട്ടലിന്റെ പ്രാരംഭഘട്ടത്തിന് ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സ് തുടക്കം കുറിച്ചു.

ബിസിനസ് ഗ്രൂപ്പുകള്‍ക്കും കൗണ്‍സിലുകള്‍ക്കും ഇനി മുതല്‍ ബിസിനസ് അന്തരീക്ഷത്തെ കൂടുതല്‍ അനുകൂലമാക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള വ്യാവസായിക രംഗത്തെ പുതിയ കരട് നിയമങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ഈ പോര്‍ട്ടലില്‍ രേഖപ്പെടുത്താം. ബിസിനസ് സമൂഹം നേരിടുന്ന വെല്ലുവിളികള്‍ കണ്ടെത്തുന്നതിനും ദുബായിലെ വിവിധ സാമ്പത്തിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെ ബാധിക്കുന്ന നിയമങ്ങളും നയങ്ങളും വിലയിരുത്തുന്നതിനും ബിസിനസുകള്‍ക്ക് ഈ പോര്‍ട്ടല്‍ ഉപയോഗപ്പെടുത്താമെന്ന് ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസ്താവനയിലൂടെ അറിയിച്ചു. മാത്രമല്ല വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ആശയങ്ങളും നിര്‍ദ്ദേശങ്ങളും പങ്കുവെക്കുന്നതിനും ബിസിനസ് ഗ്രൂപ്പുകള്‍ക്ക് ഈ പോര്‍ട്ടല്‍ പ്രയോജനപ്പെടുത്താമെന്നും പ്രസ്താവനയില്‍ പറയുന്നു.

വിവിധ വിഷയങ്ങളില്‍ ആഭ്യന്തര ചര്‍ച്ചകള്‍ നടത്തുന്നതിനും നിര്‍ദ്ദേശങ്ങള്‍ നേരിട്ട് ദുബായ് ചേംബറിന് സമര്‍പ്പിക്കപ്പെടുന്ന പൊതു ഫോറങ്ങളിലും തുറന്ന ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനും ഉള്ള സൗകര്യങ്ങളും ഈ പ്ലാറ്റ്‌ഫോമില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ നിലവിലെ നിയമവ്യവസ്ഥകളെ സംബന്ധിച്ചുള്ള എല്ലാ പുതിയ വിവരങ്ങളും സാമ്പത്തിക റിപ്പോര്‍ട്ടുകളും മറ്റ് വിലയേറിയ വിവരങ്ങളും അടങ്ങിയ ദുബായ് ചേംബറിന്റെ ഇലക്ട്രോണിക് ലൈബ്രറിയില്‍ വളരെ പെട്ടന്ന്് പ്രവേശിക്കാനുള്ള സൗകര്യവും ബിസിനസ് വോയിസ് പോര്‍ട്ടലില്‍ ഉണ്ട്.

ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായാല്‍ സമ്പൂര്‍ണ്ണ ബിസിനസ് വോയിസ് പോര്‍ട്ടല്‍ 2019 രണ്ടാംപാദത്തില്‍ നിലവില്‍ വരും. ദുബായുടെ സാമ്പത്തിക സാമൂഹിക അഭിവൃദ്ധിക്ക് വളരെ പ്രധാനപ്പെട്ട പൊതു-സ്വകാര്യമേഖല സഹകരണത്തിന് ആക്കം കൂട്ടാന്‍ ഈ ബിസിനസ് വോയിസ് പോര്‍ട്ടലിന് സാധിക്കുമെന്നാണ് ദുബായ് ചേംബറിന്റെ കണക്കുകൂട്ടല്‍.

Comments

comments

Categories: Arabia
Tags: Law making