ക്ഷയരോഗ നിയന്ത്രണത്തില്‍ കേരളം മുന്നില്‍

ക്ഷയരോഗ നിയന്ത്രണത്തില്‍ കേരളം മുന്നില്‍

ക്ഷയരോഗം നിയന്ത്രിച്ചു നിര്‍ത്തുന്നതിലും രോഗം ഭേദമാക്കുന്നതിലും കേരളം ബഹുദൂരം മുമ്പിലെന്ന് ലോകാരോഗ്യസംഘടന. പല സംസ്ഥാനങ്ങളും ആദ്യഘട്ട രോഗനിര്‍ണ്ണയത്തിനായി പോരാടുമ്പോള്‍ കേരളം നിര്‍മാര്‍ജനത്തെക്കുറിച്ച് സംസാരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റും ഇന്ത്യക്കാരിയുമായ ഡോ. സൗമ്യ സ്വാമിനാഥനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആഗോളതലത്തില്‍ ക്ഷയരോഗ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായുള്ള പ്രതിരോധ മരുന്നു കുത്തിവെപ്പ് പരീക്ഷണത്തില്‍ ഇന്ത്യയെ പങ്കാളിയാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതു സംബന്ധിച്ച വാര്‍ത്താസമ്മേളനത്തിലാണ് കേരളത്തിന്റെ ആരോഗ്യമേഖലയെ അവര്‍ ശ്ലാഘിച്ചത്.

ചില സ്ഥലങ്ങളില്‍, രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ ശേഷം രോഗനിര്‍ണയം ചെയ്യുന്ന സമയമാകുമ്പോഴേക്ക് മൂന്നുമാസമെങ്കിലും കഴിയാറുണ്ട്. ഇക്കാലയളവു കൊണ്ട് ചുരുങ്ങിയത് പത്തുപേരെങ്കിലും രോഗബാധിതരാകുന്നുവെന്ന് അവര്‍ പറഞ്ഞു. ഭൂരിഭാഗം ആള്‍ക്കാരും രോഗാണുവാഹകരാണെങ്കിലും അവരില്‍ ചുരുങ്ങിയത് ഒരാളെങ്കിലും ടിബി രോഗലക്ഷണം കാണിക്കാറുണ്ടെന്നു ഡോ. സൗമ്യ വിശദീകരിക്കുന്നു. ഗ്ലാക്‌സോ സ്മിത്ത്‌ക്ലൈന്‍ നടത്തുന്ന ആഗോളപരീക്ഷണങ്ങളില്‍ ഇന്ത്യയുടെ പങ്കാളിത്തം ഉറപ്പു വരുത്തുകയാണു ലക്ഷ്യം. തങ്ങളുടെ പുതിയ വാക്‌സിന്‍ പരീക്ഷണം നടത്തിയ 54 ശതമാനം പേരില്‍ വിജയം കണ്ടെത്തിയെന്ന് കമ്പനി അവകാശപ്പെടുന്നു.

ആഗോളതലത്തിലെ ക്ഷയരോഗബാധിതരില്‍ 27 ശതമാനം ജീവിക്കുന്നത് ഇന്ത്യയിലാണ്. ഇവിടെ മാത്രം മെച്ചപ്പെട്ട രോഗനിര്‍ണയവും രോഗബാധിതരുടെ ശരിയായ ചികില്‍സയും സാധ്യമാക്കിയാല്‍ മരണനിരക്ക് മൂന്നിലൊന്നായി കുറയ്ക്കാനാകും. ആഗോള ക്ഷയരോഗ നിര്‍മാര്‍ജ്ജന പദ്ധതിയുടെ ഭാഗമായി രാജ്യത്തെമ്പാടുമുള്ള കുട്ടികള്‍ക്കു ബിസിജി വാക്‌സിനുകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ മുതിര്‍ന്നവരില്‍ രോഗബാധകൂടിയിട്ടുണ്ടെന്നാണു ഡോക്റ്റര്‍മാര്‍ നല്‍കുന്ന വിവരം. സംരക്ഷണോപാധികള്‍ ധരിക്കാത്തതാണ് പ്രധാനപ്രശ്‌നം. മിക്ക മുതിര്‍ന്നവരുടെയും ശ്വാസകോശത്തില്‍ അണുബാധയ്ക്ക് കാരണമാകുന്നത് സാധാരണയായി ചുമ, തുമ്മല്‍ എന്നിവയിലൂടെയാണെന്ന് അവര്‍ വിശദീകരിക്കുന്നു.

ക്ഷയരോഗചികില്‍സ ശക്തമാക്കുന്നതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയും വിഭവങ്ങളും രാജ്യത്തിന് ഉണ്ടെന്ന് ഡോ. സൗമ്യ പറഞ്ഞു. രാജ്യത്ത് ഇതിനായി പല നയങ്ങളും നിലവിലുണ്ടെങ്കിലും അതു നടപ്പാക്കുന്നതില്‍ വീഴ്ച വരുന്നുണ്ട്. ആരോഗ്യസംരക്ഷണനയങ്ങള്‍ മെച്ചപ്പെടുത്തുകയും വിഭവങ്ങളുടെ ശരിയായ വിനിയോഗം ശക്തിപ്പെടുത്തുകയും വേണ്ടമെന്ന് അവര്‍ പറഞ്ഞു. തുടക്കത്തിലെ രോഗനിര്‍ണയം നടത്തുന്നതിന് കാര്യക്ഷമമായ രോഗനിര്‍ണയ കിറ്റ്, ഡോട്ട്‌സ് ചികില്‍സ എന്നിവയും ലാബ് പരീക്ഷണ ഫലങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള വളര്‍ച്ച നേടണം. രോഗപ്രതിരോധത്തിന് ആവശ്യമായ പോഷകാഹാരങ്ങള്‍ നല്‍കുന്നതിനുമുള്ള പദ്ധതികള്‍ വികസിപ്പിക്കണം.

Comments

comments

Categories: Health
Tags: Tuberculosis