കേരളത്തിന് പൊള്ളുന്നു!

കേരളത്തിന് പൊള്ളുന്നു!

കാടുകള്‍ വെട്ടിത്തെളിച്ചും മേടുകള്‍ ഇടിച്ചു നിരത്തിയും നദികളെയും അവയുടെ കൈവഴികളെയും കൊന്നൊടുക്കിയും കോണ്‍ക്രീറ്റ് വനങ്ങള്‍ കെട്ടിയുയര്‍ത്തിയും ഈ ദുര്യോഗം വരുത്തിവെച്ചത് നാം തന്നെയാണ്. മരങ്ങള്‍ വെട്ടിനശിപ്പിച്ച ശേഷം മഴയ്ക്കായും തണുപ്പിനായും കേഴുകയാണ് ഒരു ജനത

44 നദികളും അനേകം ജലാശയങ്ങളും പച്ചപ്പും സമശീതോഷ്ണവും സന്തോഷവും നിറഞ്ഞ കേരളം എങ്ങോ പോയി മറഞ്ഞിരിക്കുന്നു. തീഗോളം പോലെ ചുട്ടുപഴുത്ത സൂര്യന്‍ പ്രഭാവം ചൊരിയുന്ന ആകാശത്ത് മഴമേഘങ്ങളുടെ ലാഞ്ഛന പോലുമില്ല. സൂര്യാതപത്താല്‍ വരണ്ടുണങ്ങിയ പകലുകളും കോണ്‍ക്രീറ്റ് മേല്‍ക്കൂരകള്‍ക്ക് കീഴെ എരിപൊരി കൊള്ളിക്കുന്ന രാത്രികളും മലയാളികളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. പ്രളയം മുക്കിയ നാടുകള്‍ കുടിവെള്ളമില്ലാതെ നെട്ടോട്ടമോടുന്നു. പൊടുന്നനെയുണ്ടായ മാറ്റങ്ങളാണിതൊക്കെയെന്ന് ആര്‍ക്കും അഭിപ്രായമുണ്ടാകില്ല. ദീര്‍ഘകാലമായി പരിസ്ഥിതിവാദികളും കവികളും മറ്റും പറഞ്ഞുകൊണ്ടിരുന്ന, കത്തിജ്വലിക്കുന്ന ആ കാലം വന്നെത്തിക്കഴിഞ്ഞു. നമ്മുടെ കൈയിലിരിപ്പുകൊണ്ട് അല്‍പ്പം നേരത്തെയാണെന്ന് മാത്രം!

സൂര്യന്‍ നേരെ തലക്ക് മുകളിലെത്താന്‍ ഇനി മൂന്നാഴ്ച കൂടിയുണ്ട്. വിഷുവിന്റെ ദിവസമാണ് നേര്‍രേഖയിലുള്ള അര്‍ക്കസഞ്ചാരം. ഭൂമിയും സൂര്യനും തമ്മിലുള്ള അകലം ഇനിയുള്ള ഓരോ ദിവസങ്ങളിലും കുറഞ്ഞുവരുമെന്നും അതിനനുസരിച്ച് ഉഷ്ണമാപിനി മുകളിലേക്കുയരുമെന്നും അര്‍ഥം. മാര്‍ച്ച് 20 ന് സൂര്യന്റെ തെക്കു-വടക്ക് സംക്രമണം ആരംഭിച്ചു കഴിഞ്ഞു. വരും ദിവസങ്ങളില്‍ താപനില നാലു ഡിഗ്രി വരെ വര്‍ധിച്ചേക്കാമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തൃശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകള്‍ക്കാണ് ഈ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍, പാലക്കാട്, മലപ്പുറം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ 2-3 ഡിഗ്രി വരെ ചൂട് കൂടിയേക്കും. പാലക്കാട് ഇപ്പോള്‍ തന്നെ താപനില 40 ഡിഗ്രിയിലെത്തിയിട്ടുണ്ടെന്നിരിക്കെ വരും ദിവസങ്ങളിലെ ദുരിതം ഊഹിക്കാവുന്നതാണ്. ഉഷ്ണ തരംഗത്തിന്റെയും സൂര്യാതപത്തിന്റെയും സൂര്യാഘാതത്തിന്റെയും ആശങ്കകള്‍ ശക്തമായി നിലനില്‍ക്കുന്നു. കഴിഞ്ഞ ഒന്നു രണ്ടു ദിവസത്തിനിടെ വിവിധ ജില്ലകളില്‍ നിരവധി പേര്‍ക്ക് ഗുരുതരമായ സൂര്യാഘാതം ഏറ്റിരുന്നു. അമിതമായ ചൂട് ശരീരത്തിന്റെ താപ നിയന്ത്രണ സംവിധാനത്തെകയാകെ താറുമാറാക്കുകയും ചൂട് പുറത്തേക്ക് ബഹിര്‍ഗമിപ്പിക്കാനാവാതെ പൊള്ളല്‍ മുതല്‍ ബോധക്ഷയം വരെ ജീവഹാനിയായ ലക്ഷണങ്ങളുണ്ടാകുകയും ചെയ്യുന്ന ഗുരുതരമായ അവസ്ഥയാണിത്. പകല്‍ നേരങ്ങളില്‍ വെയില്‍ കൊള്ളുന്നത് ഒഴിവാക്കുകയും ധാരാളം വെള്ളം കുടിക്കുകയുമാണ് ഇത് നേരിടാനുള്ള മാര്‍ഗം. നിര്‍മാണ മേഖലയില്‍ പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികളടക്കമുള്ളവരെ സംരക്ഷിക്കാനും അടിയന്തര ഘട്ടങ്ങളില്‍ ചികിത്സ ഉറപ്പാക്കാനും നടപടികള്‍ വേണം. പ്രളയത്തെ അതിജീവിച്ച കന്നുകാലികളടക്കം മൃഗസമ്പത്ത് വീണ്ടും നശിച്ചുപോകുന്ന സാഹചര്യവും മുന്നില്‍ക്കണ്ട് പ്രതിരോധിക്കണം.

മഞ്ഞപ്പിത്തമടക്കം മലിനജല ജന്യ രോഗങ്ങളും ചിക്കന്‍ പോക്‌സും ചെങ്കണ്ണും പലവിധത്തിലുള്ള ജ്വരങ്ങളും വിവിധ ജില്ലകളില്‍ പടര്‍ന്നു പിടിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ആരോഗ്യ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. ജാഗ്രതാ പൂര്‍ണമായ പ്രവര്‍ത്തനം സര്‍ക്കാരിനൊപ്പം പൊതുജനങ്ങളും കൈക്കൊണ്ടില്ലെങ്കില്‍ സാഹചര്യം കൂടുതല്‍ വഷളാകും. ശുദ്ധജലമാണ് കുടിക്കുന്നതെന്ന് ഉറപ്പാക്കുക. ഇടക്കിടെ പെയ്യുന്ന ചെറുമഴകളുടെ ജലം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുന്നതിനാല്‍ കൊതുകുകള്‍ പെരുകുകയും രോഗങ്ങള്‍ പരക്കുകയും ചെയ്യാം. വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യങ്ങള്‍ കഴിയുന്നതും ഒഴിവാക്കുകയും ഓടകള്‍ ശുചിയാക്കുകയും വേണം.

ഇവയെല്ലാ താല്‍ക്കാലിക പരിഹാരങ്ങള്‍ മാത്രമാണ്. വ്യക്തിപരമായ ഏതാനും നടപടികളിലൂടെ ഗുണം ലഭിക്കുന്ന കാലം കടന്നു പോയിരിക്കുന്നു. വാസഗൃഹമെന്ന് അഭിമാനിക്കുന്ന നാട് മരീചികയായി മാറുന്നെന്ന യാഥാര്‍ഥ്യം തുറന്നംഗീകരിക്കാന്‍ നാമെല്ലാം തയാറാവണം. കാടുകള്‍ വെട്ടിത്തെൡച്ചും മേടുകള്‍ ഇടിച്ചു നിരത്തിയും നദികളെയും അവയുടെ കൈവഴികളെയും കൊന്നൊടുക്കിയും കോണ്‍ക്രീറ്റ് വനങ്ങള്‍ കെട്ടിയുയര്‍ത്തിയും ഈ ദുര്യോഗം വരുത്തിവെച്ചത് നാം തന്നെയാണ്. മരങ്ങള്‍ വെട്ടിനശിപ്പിച്ച ശേഷം മഴയ്ക്കായും തണുപ്പിനായും കേഴുകയാണ് ഒരു ജനത. പശ്ചിമഘട്ടങ്ങളുടെ ഉയരം കുറയുന്നത് മൂലം അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള വരണ്ട് കാറ്റ് കടന്നെത്താന്‍ തുടങ്ങിയതും പ്രകൃതി നിര്‍മിച്ചു തന്ന നമ്മുടെ എയര്‍ കണ്ടീഷന്‍ സംവിധാനത്തെ തകര്‍ത്തിട്ടുണ്ട്. മഴമേഘങ്ങളെ പിടിച്ചു നിര്‍ത്താനുള്ള ഉയരം പശ്ചിമഘട്ടത്തിനില്ലാതാവുന്നതോടെ മഴയും സ്വപ്‌നമായേക്കാം. കസ്തൂരി രംഗനെതിരെ കൊടുവാളെടുത്ത് ഉറഞ്ഞുതുള്ളിയ കപട കര്‍ഷക സ്‌നേഹികള്‍ പലരും എസിയുടെ സുഖശീതളിമയില്‍ വിശ്രമിക്കുകയാണ്. ഇക്കണക്കിന് അധികനാള്‍ അവരും സുഖിക്കുകയില്ലെന്ന് ഉറപ്പ്.

Categories: Editorial, Slider

Related Articles