ഇന്ത്യയുടെ 5ജി പരീക്ഷണങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ

ഇന്ത്യയുടെ 5ജി പരീക്ഷണങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ

സര്‍ക്കാര്‍ പിന്തുണയോടെ നടത്തുന്ന 5ജി സാങ്കേതിക വിദ്യയുടെ പരീക്ഷണം ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യമോ ഉണ്ടാകും. 5ജി അവതരണത്തിനു മുന്നോടിയായിട്ടുള്ള പരീക്ഷണങ്ങള്‍ക്ക് കളമൊരുക്കാന്‍ അടുത്തിടെ രൂപീകരിച്ച സമിതിയുടെ ചെയര്‍മാനും ഐഐടി കാണ്‍പൂര്‍ ഡയറക്റ്ററുമായ അഭയ് കരണ്‍ഡികര്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

5ജി പരീക്ഷണങ്ങള്‍ക്ക് 90 ദിവസം വരെ സ്‌പെക്ട്രം അനുവദിക്കാമെന്നാണ് ടെലികോം മന്ത്രാലയത്തിനു കീഴിലുള്ള വയര്‍ലെസ് പ്ലാനിംഗ് ആന്‍ഡ് കോഓര്‍ഡിനേഷന്‍ വിഭാഗം നിലപാട് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇ ത് തീര്‍ത്തും അപര്യാപ്തമാണെന്നാണ് ടെലികോം കമ്പനികള്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. ചുരുങ്ങിയത് ഒരുവര്‍ഷ കാലയളവിലേക്കോ അല്ലെങ്കില്‍ മതിയായ സമയം കണക്കാക്കിയോ കുറഞ്ഞ ചെലവില്‍ പരീക്ഷണങ്ങള്‍ക്ക് സ്‌പെക്ട്രം അനുവദിക്കണമെന്നാണ് അഭയ് കരണ്‍ഡികര്‍ പറയുന്നത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 25നാണ് പരീക്ഷണങ്ങള്‍ക്കായി നല്‍കേണ്ട സ്‌പെക്ട്രത്തിന്റെ അളവ്, വില, കാലപരിധി എന്നിവ സംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി ടെലികോം മന്ത്രാലയം പ്രത്യേക സമിതി രൂപീകരിച്ചത്. അക്കാഡമിക്, സര്‍ക്കാര്‍, വ്യവസായ പ്രതിനിധികള്‍ ഉള്‍പ്പെടുന്നതാണ് സമിതി. 2020ഓടെ വ്യാവസായികാടിസ്ഥാനത്തില്‍ ഇന്ത്യയില്‍ 5ജി അവതരണം സാധ്യമാക്കുമെന്നാണ് സര്‍ക്കാര്‍ നേരത്തേ അറിയിച്ചിട്ടുള്ളത്.

Comments

comments

Categories: FK News
Tags: 5G