ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തി: സുബ്രഹ്മണ്യന്‍ സ്വാമി

ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തി: സുബ്രഹ്മണ്യന്‍ സ്വാമി

കല്‍ക്കട്ട: ലോകത്തിലെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയല്ല ഇന്ത്യയെന്നും മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാണെന്നും ബിജെപി നേതാവും സാമ്പത്തിക വിദഗ്ധനുമായ സുബ്രഹ്മണ്യന്‍ സ്വാമി. ”ശാസ്ത്രീയമായ സ്വീകാര്യമായ അനുമാനങ്ങള്‍ പ്രകാരം, വാങ്ങല്‍ ശേഷി തുല്യതയില്‍ യുഎസിന്റെ ജിഡിപിയാണ് ഒന്നാമതുള്ളത്. രണ്ടാം സ്ഥാനത്തുള്ളത് ചൈനയും മൂന്നാമതുള്ളത് ഇന്ത്യയുമാണ്‌,” കല്‍ക്കട്ടയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെ സ്വാമി പറഞ്ഞു.

വിനിമയ നിരക്കുകളെ അടിസ്ഥാനമാക്കിയാണ് നിലവിലെ ആറാം സ്ഥാനമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രിക്ക് താന്‍ എഴുതിയിട്ടുണ്ടെന്നും ഹാര്‍വാഡ് സര്‍വകലാശാലയില്‍ നിന്ന് ഇക്കണോമിക്‌സില്‍ ഡോക്റ്ററേറ്റ് നേടിയിട്ടുള്ള സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. വിനിമയ നിരക്കുകള്‍ മാറുമ്പോള്‍ ഈ സ്ഥാനത്തിലും മാറ്റമുണ്ടാകും. വിനിമയ നിരക്ക് അടിസ്ഥാനപ്പെടുത്തി ഒരിക്കലും സാമ്പത്തിക ശക്തികളെ വിലയിരുത്താനാവില്ല. രൂപയുടെ മൂല്യം വളരെയധികം ഇടിഞ്ഞതിനാല്‍ ഇപ്പോള്‍ ഇന്ത്യ ഏഴാം സ്ഥാനത്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു രാജ്യത്തെ വിലകളെ മറ്റൊരു രാജ്യത്തിന്റെ ഉല്‍പ്പാദനവുമായി വിലയിരുത്തുകയാണ് വാങ്ങല്‍ ശേഷി തുല്യത അളക്കാനുള്ള കൃത്യമായ മാര്‍ഗം. ഇപ്രകാരം നോക്കിയാല്‍ ഇന്ത്യ മൂന്നാം സ്ഥാനത്തുണ്ടെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

Categories: Business & Economy, Slider