മീനച്ചൂടില്‍ തളര്‍ന്ന് കൃഷിയിടങ്ങള്‍

മീനച്ചൂടില്‍ തളര്‍ന്ന് കൃഷിയിടങ്ങള്‍

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷത്തെ വേനല്‍ ശക്തി പ്രാപിച്ചു കൊണ്ടിരിക്കുകയാണ്. വേനല്‍ കനത്തതോടെ ജലസ്രോതസ്സുകള്‍ വറ്റിത്തുടങ്ങി. പാടശേഖരങ്ങളില്‍ വെള്ളമെത്തിക്കാന്‍ പാടുപെടുകയാണു കേരളത്തിലെ കര്‍ഷകര്‍. കനത്ത മഴ, വെള്ളപ്പൊക്കം, ഉരുള്‍ പൊട്ടല്‍, കടുത്ത വരള്‍ച്ച എന്നീ പ്രകൃതിക്ഷോഭങ്ങള്‍ 12 മാസക്കാലയളവിനുള്ളില്‍ നേരിടേണ്ട അവസ്ഥയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ കാര്‍ഷിക ജില്ലകളില്‍ ഒന്നായ പാലക്കാട് ചൂട് 40 ഡിഗ്രി കടന്നിരിക്കുന്നു. ആലപ്പുഴ, ഇടുക്കി തുടങ്ങിയ പ്രദേശങ്ങളിലും സ്ഥിതി വിഭിന്നമല്ല. കഴിഞ്ഞ നൂറു വര്‍ഷ കാലയളവില്‍ ആഗോള ശരാശരി താപനിലയില്‍ 0.74 ഡി ഗ്രി സെല്‍ഷ്യസിന്റെ വര്‍ധനയുണ്ടായെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 2100 ആകുമ്പോഴേക്കും അന്തരീക്ഷത്തിലെ ഹരിത വാതകങ്ങളുടെ അളവനുസരിച്ച് ഈ വര്‍ധന 6.4 ഡിഗ്രി സെല്‍ഷ്യസ് വരെയാകാമെന്നാണ് പറയപ്പെടുന്നത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെന്നിരിക്കെ കേരളത്തിലെ കൃഷിയിടങ്ങളില്‍ കനത്ത വരള്‍ച്ച അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. നെല്ലും ഏലവും ഉള്‍പ്പെടെ പല കൃഷിയും കരിഞ്ഞു തുടങ്ങി

ഈ നൂറ്റാണ്ടില്‍ ലോകം കാണാന്‍ പോകുന്ന ഏറ്റവും വലിയ വിപത്ത് കാലാവസ്ഥ വ്യതിയാനമായിരിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. അതിന്റെ ആദ്യപടിയെന്നവണ്ണം ഇത്തവണ കേരളത്തില്‍ വേനല്‍ കണക്കുകയാണ്. സാധാരണയായി ഏപ്രില്‍ മെയ് മാസങ്ങളോടനുബന്ധിച്ചാണ് അന്തരീക്ഷ താപനില 35 ഡിഗ്രിക്ക് മുകളില്‍ പോകുന്നതെങ്കില്‍ ഇക്കുറി മാര്‍ച്ച് മാസത്തില്‍ തന്നെ ചൂട് 40 ഡിഗ്രി കടന്നിരിക്കുകയാണ്. ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കര്‍ഷകരെയാണ്.

നെല്ലും ഏലവും വിതച്ച് വിളവെടുപ്പിനായി കാത്തിരിക്കുന്ന കര്‍ഷകര്‍ക്ക് കടുത്ത വേനല്‍ചൂട് ഭീഷണിയാകുകയാണ്. സംസ്ഥാനത്തെ കൂടിയ താപനിലയില്‍ 0.6 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനിലയില്‍ 0.2 ഡിഗ്രി സെല്‍ഷ്യസും വര്‍ധനവ് ഉണ്ടായിരിക്കുന്നു. വേനല്‍ ഇനിയും കനത്തുതുടര്‍ന്നാല്‍ ശക്തമായി തുടര്‍ന്നാല്‍ കതിരിട്ടു തുടങ്ങിയ നെല്‍ച്ചെടികള്‍ കൂടി കരിഞ്ഞുണങ്ങും. കതിര്‍ നെല്ലായി മാറേണ്ട ഈ സമയത്താണു ചെടികള്‍ക്കു വെള്ളം ഏറെ കിട്ടേണ്ടത്. എന്നാല്‍ ഇപ്പോള്‍ അതിനുള്ള അവസ്ഥയല്ല ഉള്ളത് . കഴിഞ്ഞ വര്‍ഷവും വേനല്‍ ശക്തമായതോടെ കര്‍ഷകര്‍ക്ക് കടുത്ത നഷ്ടമാണ് ഉണ്ടായത്.

മുന്‍കരുതലുകള്‍ ഏറെയെടുത്തിട്ടും ഇത്തവണ വേനല്‍ ചതിച്ചിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് പാലക്കാട് ജില്ലയില്‍ നിന്നുമാണ്. പ്രളയത്തെ തുടര്‍ന്ന് കൃഷിയുടെ ഏറിയ പങ്കും നഷ്ടപ്പെട്ട ആലപ്പുഴയിലെ കുട്ടനാട്, കാര്‍ഷിക രംഗത്തേക്ക് ശക്തമായ ഒരു തിരിച്ചു വരവ് നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് വേനല്‍ ചൂട് കൃഷിക്ക് മുകളില്‍ കരിനിഴല്‍ വീഴ്ത്തുന്നത്. വാഴ, പച്ചക്കറിത്തോട്ടങ്ങളും ഇതിനകം പൂര്‍ണമായി നശിച്ചു കഴിഞ്ഞു.കൃഷിവകുപ്പിന്റെ കണക്കനുസരിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്കു വിതരണം ചെയ്തത് 90 ലക്ഷം രൂപക്ക് മുകളിലാണ്. എന്നാല്‍ ഇത്തവണ നാശനഷ്ടങ്ങള്‍ വര്‍ധിക്കാനാണ് സാധ്യത. കഴിഞ്ഞ വര്‍ഷം നല്‍കിയ നഷ്ടപരിഹാരത്തുക കൊണ്ട് വീണ്ടും കൃഷിയിറക്കിയവരെയും ഇത്തവണ വേനല്‍ ചതിച്ചു.

വരണ്ടുണങ്ങി നെല്‍പ്പാടങ്ങള്‍

വേനല്‍ ചൂടിന്റെ ആധിക്യം വര്‍ധിച്ചതോടെ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ അനുഭവിക്കുന്നത് നെല്‍ കര്‍ഷകരാണ്.കോഴിക്കോട് ജില്ലയിലെ വേളം പഞ്ചായത്തിലെ ചെറിയാണ്ടിക്കുന്നുമ്മല്‍ താഴെ പാടശേഖര സമിതിയിലെ ഏഴുപത് ഏക്കറോളം കൃഷിഭൂമിയില്‍ കതിരിട്ട നെല്‍കൃഷി വെള്ളം ലഭിക്കാത്തത് കാരണം ഉണങ്ങി നശിച്ചു കഴിഞ്ഞു.ജില്ലയിലെ മറ്റു ഭാഗങ്ങളിലും ഇത് തന്നെയാണ് അവസ്ഥ. പാലക്കാട് ജില്ലയിലെ ചിറ്റൂര്‍, കൊഴിഞ്ഞാമ്പാറ പ്രദേശങ്ങളിലും വെള്ളത്തിന്റെ ലഭ്യതക്കുറവും ചൂടും മൂലം കാതിരിട്ട നെല്ലുകള്‍ പോലും വാടിയിരിക്കുകയാണ്. ചില പ്രദേശങ്ങളില്‍ വെള്ളം ലഭ്യമാണെങ്കിലും ഉപ്പിന്റെ അംശം കൂടുതലാണ് എന്നതിനാല്‍ നെല്‍കൃഷിക്ക് പറ്റാത്ത അവസ്ഥയാണ്. ഇപ്പോള്‍ കൃഷിക്കായി പ്രധാനമായും കനാല്‍ വെള്ളത്തെയാണ് കര്‍ഷകര്‍ ആശ്രയിക്കുന്നത്. എന്നാല്‍ വേനല്‍ ഈ നിലക്ക് പോകുകയാണെങ്കില്‍ എങ്ങനെ മുന്നോട്ട് പോകും എന്ന ചിന്തയിലാണ് കര്‍ഷകര്‍.

”പ്രളയം കഴിഞ്ഞതോടെ എക്കല്‍ മണ്ണ് വന്നടിഞ്ഞു കൃഷിയുടെ നിലം ഏറെ വളക്കൂറുള്ളതായി മാറി. അതിനാല്‍ ഏറെ പ്രതീക്ഷയോടെയാണ് ഇക്കുറി വിത്തെറിഞ്ഞത്. ഇടക്കളകൃഷി ചെയ്തപ്പോള്‍ മികച്ച വിളവ് ലഭിച്ചത് ആശ്വാസം നല്‍കിയിരുന്നു. എന്നാല്‍ അന്തരീക്ഷ താപനില വര്‍ധിച്ചതോടെ കാര്യങ്ങള്‍ പിടിവിട്ടു പോയി. ഇപ്പോള്‍ 20 അടി താഴ്ചയുള്ള കിണറ്റില്‍പോലും വെള്ളം ഇല്ലാത്ത അവസ്ഥയാണ്. കൃഷിക്ക് വെള്ളമെത്തിക്കാന്‍ ഏറെ ബുദ്ധിമുട്ടുണ്ട്. മണ്ണ് വരണ്ടുതുടങ്ങിയിരിക്കുന്നു. അന്തരീക്ഷത്തിലെ ജലാംശവും ഇല്ലാതായിരിക്കുന്നു. ഈ അവസ്ഥ തുടരുകയാണെങ്കില്‍ കാര്‍ഷിക വിളകള്‍ക്കായി അന്യസംസ്ഥാനങ്ങളെ പൂര്‍ണമായും ആശ്രയിക്കേണ്ടി വരും” കുട്ടനാട്ടിലെ നെല്‍ കര്‍ഷകനായ സുനില്‍ പറയുന്നു.

പുഞ്ച കൃഷി തുടങ്ങിയ പാടശേഖരങ്ങളില്‍ വെള്ളമില്ലാത്ത അവസ്ഥ സംസ്ഥാനത്തെ വലിയ കാര്‍ഷിക ദാരിദ്യത്തിലേക്ക് എത്തിക്കാനുള്ള സാധ്യത അധികമാണ്.വെള്ളമെത്തിക്കുന്ന കനാലുകള്‍ക്ക് ആഴം കൂട്ടുക എന്നതാണ് മറ്റൊരു പ്രതിവിധി. എന്നാല്‍ തോടിന് ആഴംകൂട്ടാന്‍ പുരുഷതൊഴിലാളികളാണു വേണ്ടത്. തൊഴിലാളികള്‍ക്ക്1000 രൂപയാണ് ദിവസക്കൂലി. കൂടാതെ ആഹാരവും മറ്റ് ചെലവുകളും കര്‍ഷകര്‍ തന്നെ നല്‍കണം. സ്വതവേ കഷതയിലേക്ക് നടന്നടുക്കുന്ന കര്‍ഷകര്‍ക്ക് ഇതെല്ലാം ഭാരിച്ച ഉത്തരവാദിത്വമാണ് ഉണ്ടാക്കുന്നത്.

വാടിത്തളര്‍ന്ന ഏലം

നെല്‍കൃഷിക്ക് പുറമെ കടുത്ത വേനലില്‍ വേരറ്റു പോകുന്ന കൃഷിയാണ് ഏലം . ഹൈറേഞ്ചിന്റെ സ്വന്തം വിളയായിരുന്ന ഏലവും അന്തരീക്ഷ താപനില ഉയര്‍ന്നതിനെ തുടര്‍ന്ന് ഏറെ ക്ഷീണത്തിലാണ്.മലയോരക്കര്‍ഷകര്‍ ജലസേചന സൗകര്യമില്ലാതെ നട്ടം തിരിയുകയാണ്. തോടുകളും തടാകങ്ങളും കുളം, കിണര്‍, ഓലികള്‍ തുടങ്ങിയവയെല്ലാം ഇപ്പോള്‍ തന്നെ വറ്റിവരണ്ടുകഴിഞ്ഞു.കിണര്‍ റീ ചാര്‍ജിംഗ് പോലുള്ള പദ്ധതികള്‍ മുന്‍കൂട്ടി ഒരുക്കാതിരുന്നതും ഇക്കാലയളവില്‍ തിരിച്ചടിയാകുന്നുണ്ട്. കാലാവസ്ഥയിലുണ്ടായ വ്യതിയാനം മൂലം മേളത്തിന് പലവിധ രോഗങ്ങള്‍ ബാധിക്കുന്നതും കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു. കട്ടപ്പന, ഇടുക്കി ,കുമളി പ്രദേശത്തായി ഏക്കറു കണക്കിനു ഏലച്ചെടികള്‍ കരിഞ്ഞുനശിച്ചിട്ടുണ്ട്.

അന്തരീക്ഷ താപനിലയില്‍ ഉണ്ടായ പെട്ടന്നുള്ള വ്യത്യസം, വെള്ളത്തിന്റെ ലഭ്യതക്കുറവ് തുടങ്ങിയവ മൂലം കായ അഴുകല്‍, തട്ട ചീയല്‍, ശരം ചീയല്‍, കുമിള്‍ രോഗം തുടങ്ങിയവയും ചെടികളെ വ്യാപകമായി ബാധിക്കുന്നു. രോഗം ബാധിച്ച ചെടികള്‍ ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ണമായി നശിച്ചു വീഴുകയാണ്. ചികിത്സകൊണ്ട് ഫലമുണ്ടാകുന്നില്ല എന്ന് കര്‍ഷകര്‍ തന്നെ വ്യക്തമാക്കുന്നു. സാധാരണയായി കാലവര്‍ഷ, തുലാവര്‍ഷ മഴകളെ ആശ്രയിച്ചാണ് ഏലം കൃഷി നിലനില്‍ക്കുന്നത്. ഇക്കുറി തുലാവര്‍ഷം ശുഷ്‌കമായിരുന്നു. സാധാരണ ലഭിക്കുന്ന മഴയുടെ മൂന്നിലൊന്ന് മാത്രമാണ് ഇക്കുറി ലഭിച്ചത്. അതോടു കൂടി വേനല്‍ മഴയെ ആശ്രയിക്കാന്‍ തുടങ്ങിയിരിക്കുകയാണ് കര്‍ഷകര്‍. എന്നാല്‍ വേനല്‍ ശക്തമാകുന്ന മെയ് വരെയുള്ള മാസങ്ങളില്‍ ഇനി മഴക്കുള്ള സാഹചര്യം കുറവാണെന്ന് കാലാവസ്ഥ വിദഗ്ദര്‍ പറയുന്നു. അതോടെ, ഏലകൃഷിയുടെ കാര്യത്തില്‍ ഇനിയെന്ത് എന്ന ചോദ്യം ബാക്കിയാകുകയാണ്.

ഏലച്ചെടികള്‍ക്ക് പുതയിട്ട് നനച്ചുകൊടുക്കേണ്ട സമയമാണിപ്പോള്‍. എന്നാല്‍ ചൂട് വര്‍ധിച്ചത് മൂലം വെള്ളത്തിന്റെ ലഭ്യത കുറഞ്ഞത് ജലസേചനത്തെ ബാധിച്ചിരിക്കുന്നു.വന്‍തുക നല്‍കി മോട്ടോര്‍ പമ്പുസെറ്റും പൈപ്പും മറ്റും സ്ഥാപിക്കുന്നതിനും മറ്റുമായി നെട്ടോട്ടമോടുകയാണ് സംസ്ഥാനത്തെ ഏലം കര്‍ഷകര്‍. കര്‍ഷകര്‍ക്ക് ലഭിക്കുന്ന സബ്‌സിഡികളില്‍ ചിലത് നിര്‍ത്തലാക്കിയതുമാണ് കര്‍ഷകര്‍ക്ക് തലവേദനയാകുന്നുണ്ട്.

വാഴകള്‍ക്കും കഷ്ടകാലം

കോട്ടയം ജില്ലയിലെ വാഴക്കര്‍ഷകരാണ് വേനല്‍ ചൂടില്‍ കഷ്ടത്തിലായിരിക്കുന്നത്. നനക്കാന്‍ വെള്ളം ലഭിക്കാത്തത് തന്നെയാണ് ഇവിടുത്തെ പ്രധാന പ്രശ്‌നം. മാഞ്ഞൂര്‍ പ്രദേശത്ത് ജലദൗര്‍ലഭ്യം മൂലം വിഷുക്കാല വിളവെടുപ്പിനായി കായ്ച്ചു നിന്നിരുന്ന ഇരുന്നൂറിലേറെ ഏത്തവാഴകള്‍ വീണു നശിച്ചു. കോട്ടയം ജില്ലയിലെ കര്‍ഷ ഗ്രാമങ്ങളില്‍ കിണറ്റിലെ വെള്ളം കഴിഞ്ഞ ആഴ്ച വറ്റിയതോടെ 1500 രൂപ നല്‍കി രണ്ട് ലോഡ് വെള്ളം എത്തിച്ചാണ് വാഴക്ക് നനക്കുന്നത്. ഈ പ്രദേശത്തെ കര്‍ഷകരില്‍ ഭൂരിഭാഗവും വായ്പവാങ്ങിയും കടമെടുത്തും നടത്തിയ കൃഷിയാണ് ഇത്തരത്തില്‍ കാലാവസ്ഥ വ്യതിയാനത്തെത്തുടര്‍ന്നു ഇല്ലാതാകുന്നത്. വേനല്‍ കടുത്തതോടെ മാഞ്ഞൂര്‍, കടുത്തുരുത്തി, ഞീഴൂര്‍ പഞ്ചായത്തുകളുടെ ഉയര്‍ന്ന പ്രദേശങ്ങളിലും കടുത്തുരുത്തി പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുകയാണ്.ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പിലൂടെ എല്ലാ ദിവസവും വെള്ളം എത്തുന്നില്ല. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണയാണ് പൈപ്പിലൂടെ വെള്ളമെത്തുന്നത്.അതോടെ,
വൈപ്പിന്‍ പ്രദേശത്തുള്ളവര്‍ കഴിഞ്ഞ വേനല്‍ക്കാലങ്ങളില്‍ ചെയ്തതുപോലെ ഈ പ്രദേശത്തെ ജനങ്ങള്‍ കുടിവെള്ളം പണം മുടക്കി വാങ്ങുകയാണ്. 5000 ലീറ്റര്‍ കുടിവെള്ളം ലോറിയില്‍ എത്തിച്ചു തരുന്നതിന് 550 രൂപ മുതല്‍ 650 രൂപവരെ കുടിവെള്ള കച്ചവടക്കാര്‍ വാങ്ങുന്നുണ്ട്.

ഇതിനെല്ലാം പുറമെ സംസ്ഥാനത്തെ പച്ചക്കറിക്കൃഷിയെയും വേനല്‍ ബാധിച്ചിട്ടുണ്ട്. വിഷു വിപണി ലക്ഷ്യമിട്ടു തയ്യാറെടുക്കുന്ന കണിവെള്ളരി, പടവലം , മറ്റു പച്ചക്കറികള്‍ എന്നിവക്ക് ക്ഷീണം ബാധിച്ചു തുടങ്ങിയെന്നാണ് കര്‍ഷകര്‍ പറയുന്നത്. തിരിനന സംവിധാനം ഒരു പരിധിവരെ ഇവിടെ രക്ഷയാകുന്നുണ്ട്. കാലം തെറ്റിപ്പെയ്യുന്ന മഴയും മഴയുടെ അളവിലും വിതരണത്തിലുമുള്ള മാറ്റങ്ങളും 6–7 വര്‍ഷങ്ങളായി വളരെ പ്രകടമാണ്. 2010, 2011, 2013 വര്‍ഷങ്ങള്‍ ശരാശരി മഴയോ അതില്‍ കൂടുതലോ ലഭിച്ചു കടന്നു പോയെങ്കിലും 2012ല്‍ മഴയുടെ സ്വഭാവം തികച്ചും കുറവായിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഇതേ അവസ്ഥ തന്നെയാണുള്ളത്. ഇപ്പോള്‍ വേനല്‍ ചൂടും പ്രശ്‌നമായി മാറിയിരിക്കുന്നു. 2018 ലെ പ്രളയം മാറ്റി നിര്‍ത്തിയാല്‍ വര്‍ഷ വര്‍ഷം കടുത്ത വളര്‍ച്ചയെയാണ് കേരളം അഭിമുഖീകരിക്കുന്നത്.

കൃഷിക്ക് പുറമെ മൃഗപരിപാലനവും ദുഷ്‌കരം

വേനല്‍ കനക്കുന്നതും ജലത്തിന്റെ ദൗര്‍ലഭ്യവും കൃഷിയെ മാത്രമല്ല ബാധിച്ചിരിക്കുന്നത്. കാടവളര്‍ത്തല്‍, കോഴിവളര്‍ത്തല്‍, പശുപരിപാലനം എന്നിവയെയും കനത്ത ചൂട് ബാധിച്ചിരിക്കുന്നു. മൃഗങ്ങള്‍ക്ക് സൂര്യതാപം ഏല്‍ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. പശു, എരുമ, പട്ടി, കോഴി, താറാവ് തുടങ്ങിയവയ്ക്ക് ചൂട് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.രാവിലെ 11 മുന്‍പും വൈകിട്ട് നാലിനു ശേഷവും മാത്രം ഇത്തരം മൃഗങ്ങളെ പുറത്തിറക്കുക എന്നതാണ് ഈ അവസ്ഥ മറികടക്കാനുള്ള പ്രധാന പ്രതിവിധി. നിര്‍ജലീകരണം ഒഴിവാക്കുന്ന ഭക്ഷണക്രമം വേണം.പതിവില്‍ കൂടുതല്‍ വെള്ളം നല്‍കുക. ഭക്ഷണത്തില്‍ തണുപ്പുള്ള വസ്തുക്കള്‍ ഉള്‍പ്പെടുത്തുക. തൊഴുത്ത് , കൂട് എന്നിവയില്‍ ചാക്കുകള്‍കെട്ടിത്തൂക്കി നനച്ചു കൊടുക്കുക.തൊഴുത്തില്‍ സ്പ്രിംഗ്ലര്‍ വക്കുന്നതും നല്ലതാണ്. മൃഗങ്ങളുടെ ദേഹത്തു നേരിട്ട് വെള്ളമൊഴിക്കരുത്. ചൂടുകാലത്ത് നേരിട്ടു വെള്ളമൊഴിക്കുന്നതു ന്യൂമോണിയ പോലെയുള്ള അസുഖങ്ങള്‍ ഉണ്ടാക്കും.അതിനാല്‍ അവ നിലനില്‍ക്കുന്ന ആവാസ വ്യവസ്ഥയെ തണുപ്പിക്കുക എന്നതാണ് ഉചിതം.

Categories: FK Special, Slider