ഗള്‍ഫിലെ വ്യോമയാന ഗതാഗത സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ പുതു സഖ്യം വരുമോ?

ഗള്‍ഫിലെ വ്യോമയാന ഗതാഗത സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ പുതു സഖ്യം വരുമോ?

ലയനചര്‍ച്ചകള്‍ എന്തുതന്നെ ആയാലും എമിറേറ്റ്‌സും ഇത്തിഹാദും തമ്മിലുള്ള ബന്ധം ശക്തമായിക്കൊണ്ടിരിക്കുകയാണ്

ദുബായ് സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന വിമാനക്കമ്പനികള്‍ക്ക് പലപ്പോഴും താങ്ങായി നിന്നിട്ടുണ്ട് ഇത്തിഹാദ് എയര്‍വെയ്‌സ്. പക്ഷേ സ്വന്തം സാമ്പത്തിക പരാധീനതകള്‍ ഇന്ന് ഇത്തിഹാദിന് ബാധ്യതയാകുകയാണ്. നഷ്ടം കുറയ്ക്കുന്നതിനായി തൊട്ടടുത്തുള്ള വലിയൊരു വിമാനക്കമ്പനിയുമായി ലയിക്കേണ്ട ഗതികേടിലാണ് അബുദബി സര്‍ക്കാരിന് കീഴിലുള്ള ഈ വിമാനക്കമ്പനി.

അലിടാലിയ, എയര്‍ ബെര്‍ലിന്‍, ഇന്ത്യയിലെ ജെറ്റ് എയര്‍വെയ്‌സ് എന്നീ വിമാനക്കമ്പനികളില്‍ ന്യൂനപക്ഷ ഓഹരികള്‍ നേടുന്നതിന് വേണ്ടി നടത്തിയ നിക്ഷേപങ്ങളാണ് മൂന്ന് വര്‍ഷം കൊണ്ട് 4.7 ബില്യണ്‍ ഡോളര്‍ നഷ്ടത്തിലേക്ക് ഇത്തിഹാദിനെ എത്തിച്ചത്.

യുഎഇയിലെ രണ്ടാമത്തെ വലിയ ദേശീയ വിമാനക്കമ്പനിയായിരുന്ന ഇത്തിഹാദ് കഴിഞ്ഞ വര്‍ഷങ്ങളില്‍ നേരിട്ടത് അപ്രതീക്ഷിതമായ ഒരു നിര തിരിച്ചടികളാണ്. കഴിഞ്ഞ ദശാബ്ദങ്ങളില്‍ ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്‌സ്, ഖത്തര്‍ എയര്‍വെയ്‌സ് എന്നീ വിമാനക്കമ്പനികളോടൊപ്പം ഗള്‍ഫ് കേന്ദ്രമാക്കി ദശലക്ഷക്കണക്കിന് യാത്രക്കാര്‍ക്ക് പശ്ചിമ, പാശ്ചാത്യ മേഖലകളിലേക്കുള്ള വിമാനയാത്ര സാധ്യമാക്കി ആഗോള വ്യോമയാന രംഗത്തെ മാറ്റത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയ കമ്പനികളിലൊന്നായിരുന്നു ഇത്തിഹാദും.

വ്യോമഗതാഗത രംഗത്ത് പാശ്ചാത്യ-പശ്ചിമ മേഖലകളെ പര്‌സപരം ബന്ധിപ്പിക്കുന്ന ഇടമായി ഗള്‍ഫിനെ കണക്കാക്കുന്ന രീതി മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ പ്രസക്തമായിരുന്നു. യാത്രക്കാരുടെ എണ്ണത്തില്‍ അതിന് അനുകൂലമായ സാഹചര്യം അന്നുണ്ടായിരുന്നുവെന്ന് ഏവിയേഷന്‍ കണ്‍സള്‍ട്ടന്‍സി കമ്പനിയായ ബ്യോയിഡ് ഗ്രൂപ്പ് ഇന്റെര്‍നാഷ്ണലിലെ മൈക്ക് ബ്യോയിഡ് പറയുന്നു. യുഎഇയുടെ വ്യോമമേഖല ഉപയോഗപ്പെടുത്തുന്ന യാത്രക്കാരുടെ എണ്ണം ഏറ്റവും കൂടിയിരുന്ന ഒരു സാഹചര്യമായിരുന്നു അത്. ലോകത്തിലെ ഏറ്റവും തിരക്കേറിയ വ്യോമപാതകളില്‍ ചിലതും ഇവിടെയാണ്. യാത്രക്കാരുടെ തിരക്കും വിമാനങ്ങള്‍ വൈകുന്നതും ഒഴിവാക്കുന്നതിന് വേണ്ടി 2017ല്‍ അവിടുത്തെ സര്‍ക്കാര്‍ പുതിയ വ്യോമപാതകള്‍ ഒരുക്കുകയുണ്ടായി.

എന്നാല്‍ വ്യോമയാന മേഖലയിലെ രണ്ട് വലിയ ശക്തികള്‍ യുഎഇയില്‍ വേണ്ടതുണ്ടോ എന്ന ചോദ്യമാണ് ഇപ്പോള്‍ ആ രാജ്യം നേരിട്ടുകൊണ്ടിരിക്കുന്നത്. യുഎഇയിലെ രണ്ട് ദേശീയ വിമാനക്കമ്പനികളില്‍ വലുതും ആദ്യസ്ഥാനക്കാരനുമായ എമിറേറ്റ്‌സ് മൂന്ന് ദശാബ്ദത്തോളം കാലമായി ലാഭത്തില്‍ നിലനിന്ന് പോകുന്ന കമ്പനിയാണ്. 2017ല്‍ ചിലവ് കുറഞ്ഞ വിമാനക്കമ്പനിയായ ഫ്‌ളൈദുബായിയുമായി വലിയൊരു പങ്കാളിത്തത്തിന് എമിറേറ്റ്‌സ് സമ്മതം മൂളുകയുണ്ടായി. പരസ്പര ധാരണയോടെയുള്ള വിമാന സര്‍വ്വീസുകളും വിമാനത്താവളങ്ങളിലെ പ്രവര്‍ത്തനവും ഇത് പ്രകാരം നിലവില്‍ വന്നു.

നിലവില്‍ ആവശ്യത്തിലധികം വിമാനക്കമ്പനികള്‍ ഉള്ള അവസ്ഥയിലാണ് ഗള്‍ഫ് മേഖല. അതിനാല്‍ ന്നെ ചില ലയനങ്ങള്‍ക്കുള്ള സാധ്യതയും നിലവിലുണ്ടെന്ന് ബ്യോയിഡ് പറയുന്നു. ഇത്തിഹാദിന്റെ സംരക്ഷകന്‍ ആകാന്‍ സാധ്യതയുള്ള ഒരു കമ്പനിയെന്ന പേര് ഇതിനോടകം തന്നെ എമിറേറ്റ്‌സിന് വന്നുചേര്‍ന്നിട്ടുണ്ട്. യാത്രക്കാരുടെ എണ്ണത്തില്‍ ലോകത്തിലെ ഏറ്റവും വലിയ വിമാനക്കമ്പനിയെന്ന നിലയില്‍ ഇരുകമ്പനികളും തമ്മിലുള്ള ലയനത്തിന്റെ ചര്‍ച്ച നടന്നുവരികയാണെന്ന വാര്‍ത്താ റിപ്പോര്‍ട്ടുകളും പുറത്തുവന്നു. വെറുമൊരു കിംവദന്തിയെന്നല്ലാതെ ഇരുകമ്പനികളും ഈ സംശയത്തോട് കൃത്യമായി പ്രതികരിച്ചിട്ടില്ല. ഇത്തിഹാദുമായുള്ള ലയനത്തെ കുറിച്ച് ഇപ്പോള്‍ ഒന്നും പറയാന്‍ കഴിയില്ലെന്നാണ് 2017ല്‍ എമിറേറ്റ്‌സ് പ്രസിഡന്റ് ആയിരുന്ന ടിം ക്ലാര്‍ക്ക് പറഞ്ഞത്. അക്കാര്യത്തില്‍ അന്തിമ തീരുമാനം ദുബായ്, അബുദബി ഭരണാധികാരികളുടേതായിരിക്കുമെന്നും അന്ന് അദ്ദേഹം പറയുകയുണ്ടായി.

ലയനചര്‍ച്ചകള്‍ എന്തുതന്നെ ആയാലും എമിറേറ്റ്‌സും ഇത്തിഹാദും തമ്മില്‍ അടുത്ത ബന്ധങ്ങള്‍ സ്ഥാപിച്ച് വരികയാണ്. വ്യോമയാന സുരക്ഷ, വിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ (എയര്‍ക്രാഫ്റ്റ് മെയിന്റെനന്‍സ്) എന്നീ രംഗങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇരുകമ്പനികളും തമ്മില്‍ കഴിഞ്ഞ വര്‍ഷം ധാരണയായിരുന്നു. ജനുവരിയില്‍ എമിറേറ്റ്‌സ് സ്ഥാപനത്തോട് തങ്ങളുടെ ഉപഭോക്ത സേവന കേന്ദ്രങ്ങള്‍ കൈകാര്യം ചെയ്യാനും ഇത്തിഹാദ് ആവശ്യപ്പെട്ടിരുന്നു. ചിലവ് വെട്ടിച്ചുരുക്കുന്നതിനുള്ള നടപടികളാണ് ഇരുകമ്പനികളും ഇപ്പോള്‍ കൈക്കൊള്ളുന്നതെന്ന് വ്യോമയാന വ്യവസായ കണ്‍സള്‍ട്ടന്റ് ആയ ജോണ്‍ സ്ട്രിക്ക്‌ലാന്‍ഡ് പറയുന്നു. എന്നാല്‍ പെട്ടന്നൊരു ലയനത്തിനുള്ള സാധ്യതയും ഇദ്ദേഹം തള്ളിക്കളയുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ചിലവുകള്‍ വെട്ടിച്ചുരുക്കാന്‍ ഇത്തിഹാദിന് സാധിച്ചിട്ടുണ്ട്. 2017ല്‍ 1.52 ബില്യണ്‍ ഡോളര്‍ ആയിരുന്ന ചിലവ് അടുത്ത വര്‍ഷം 1.28 ബില്യണ്‍ ഡോളറാക്കി പരിമിതപ്പെടുത്താന്‍ ഇത്തിഹാദിനായി.

ചിലവ് ചുരുക്കല്‍ ഫലപ്രാപ്തിയിലെത്തിയെങ്കിലും അതിന് ചില വിപരീത വശങ്ങളുമുണ്ട്. ചിലവ് ചുരുക്കല്‍ നടപടികളുടെ ഭാഗമായി പല സര്‍വ്വീസുകളും വേണ്ടെന്ന് വെച്ചതോടെ കൂടിക്കൂടി വരുന്ന യാത്രക്കാരുടെ എണ്ണത്തെ വേണ്ടവിധം കൈകാര്യം ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ഇത്തിഹാദ്. 2018ല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പത്ത് ലക്ഷത്തിലധികം യാത്രക്കാരുടെ കുറവാണ് ഇത്തിഹാദില്‍ ഉണ്ടായത്. ഓരോ വിമാനത്തിലും എത്ര സീറ്റുകളില്‍ യാത്രക്കാര്‍ ഉണ്ടെന്ന് അളക്കുന്ന ലോഡ് ഫാക്റ്ററിനെ ഈ അവസ്ഥ കാര്യമായി ബാധിച്ചു.

2037 ഓടെ 290 മില്യണ്‍ യാത്രക്കാര്‍ ഗള്‍ഫിലേക്കും ഗള്‍ഫില്‍ നിന്നും യാത്ര നടത്തുമെന്നാണ് ഇന്റെര്‍നാഷ്ണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ പ്രതീക്ഷിക്കുന്നത്. ഇത്തിഹാദ്-എമിറേറ്റ്‌സ് ലയനം സാധ്യമാകുകയാണെങ്കില്‍ യാത്രക്കാരുടെ എണ്ണത്തിലുള്ള ഈ സാധ്യത പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് വിദഗ്ധര്‍ പറയുന്നു.

Comments

comments

Categories: Arabia