സ്വര്‍ണ ഇറക്കുമതി 5.5 ശതമാനം ഇടിഞ്ഞ് 29.5 ബില്യണ്‍ ഡോളറിലെത്തി

സ്വര്‍ണ ഇറക്കുമതി 5.5 ശതമാനം ഇടിഞ്ഞ് 29.5 ബില്യണ്‍ ഡോളറിലെത്തി

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി 2.43 ശതമാനം വര്‍ധിച്ച് 955.16 ടണ്ണിലേക്ക് എത്തിയിരുന്നു

ന്യൂഡെല്‍ഹി: രാജ്യത്തിന്റെ സ്വര്‍ണ ഇറക്കുമതി നടപ്പു സാമ്പത്തിക വര്‍ഷം ഫെബ്രുവരിയുള്ള കാലയളവില്‍ 5.5 ശതമാനം ഇടിഞ്ഞ് 29.5 ബില്യണ്‍ ഡോളറിലെത്തി. കറന്റ് എക്കൗണ്ട് കമ്മിയെ പിടിച്ചുനിര്‍ത്തുന്നതില്‍ ഇത് പങ്കുവഹിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2017-18ലെ ഏപ്രില്‍- ഫെബ്രുവരി കാലയളവില്‍ 31.2 ബില്യണ്‍ ഡോളറായിരുന്നു സ്വര്‍ണ ഇറക്കുമതി എന്നും വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ആഗോള വിപണികളില്‍ സ്വര്‍ണത്തിന്റെ വിലയില്‍ തുടരുന്ന ഇടിവാകാം ഇറക്കുമതി കുറയാന്‍ ഇടയാക്കിയതെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബര്‍, നവംബര്‍, ഡിസംബര്‍ എന്നിങ്ങനെ തുടര്‍ച്ചയായി മൂന്നു മാസം സ്വര്‍ണ ഇറക്കുമതില്‍ വാര്‍ഷിക ഇടിവ് പ്രകടമായതിനു ശേഷം ഈ വര്‍ഷം ജനുവരിയില്‍ സ്വര്‍ണ ഇറക്കുമതിയില്‍ വര്‍ധന പ്രകടമായി. 38.16 ശതമാനം വാര്‍ഷിക വര്‍ധനയോടെ 2.31 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയാണ് ജനുവരിയില്‍ നടന്നത്. എന്നാല്‍ ഫെബ്രുവരിയില്‍ വീണ്ടും 10.8 ശതമാനത്തിന്റെ ഇടിവ് പ്രകടമായി. 2.58 ബില്യണ്‍ ഡോളറാണ് ഫെബ്രുവരിയിലെ ഇറക്കുമതി.

സ്വര്‍ണ ഇറക്കുമതിയില്‍ ലോകത്തിലെ മുന്‍നിരയില്‍ നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ആഭരണ മേഖലയിലെ ആവശ്യകതയാണ് ഈ വലിയ ഇറക്കുമതിക്കു പിന്നിലെ പ്രധാന കാരണം. മുത്തുകളുടെയും ആഭരണങ്ങളുടെയും ഇറക്കുമതി നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ 11 മാസങ്ങളില്‍ 6.3 ശതമാനം താഴ്ന്ന് 28.5 ബില്യണ്‍ ഡോളറായി.

ഇന്ത്യയുടെ കറന്റ് എക്കൗണ്ട് കമ്മി അഥവാ വിദേശ വിനിമയത്തിലൂടെ രാജ്യത്തിനകത്തേക്കും പുറത്തേക്കും എത്തിയ തുക നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 2.9 ശതമാനമായി മാറി. മുന്‍ വര്‍ഷം സമാനകാലയളവില്‍ ഇത് 1.1 ശതമാനം മാത്രമായിരുന്നു. വ്യാപരക്കമ്മിയിലുണ്ടായ വളര്‍ച്ചയാണ് കറന്റ് എക്കൗണ്ട് കമ്മിയിലും പ്രതിഫലിച്ചത്.

അളവിന്റെ അടിസ്ഥാനത്തില്‍ പരിശോധിക്കുകയാണെങ്കില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി 2.43 ശതമാനം വര്‍ധിച്ച് 955.16 ടണ്ണിലേക്ക് എത്തിയിട്ടുണ്ട്. 2016-17ല്‍ 780.14 ടണ്ണായിരുന്നു സ്വര്‍ണ ഇറക്കുമതി. സ്വര്‍ണ ഇറക്കുമതി നിയന്ത്രിക്കുന്നതിനായി പല നടപടികളും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്. ഇന്ത്യ-കൊറിയ സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമായി ദക്ഷിണ കൊറിയയില്‍ നിന്ന് തീരുവയില്ലാതെ ഇറക്കുമതി ചെയ്യാവുന്ന സ്വര്‍ണത്തിന് പരിധി നിശ്ചയിച്ചതാണ് ഇതില്‍ പ്രധാനം.

10 ശതമാനം ഇറക്കുമതി തീരുവയാണ് ഇപ്പോള്‍ സ്വര്‍ണത്തിനുള്ളത്. ഇത് കുറയ്ക്കണമെന്നും നിബന്ധനകള്‍ ഇളവ് ചെയ്യണമെന്നുമാണ് ആഭ്യന്തര ജുവല്ലറി വ്യവസായികള്‍ പറയുന്നത്. രാജ്യത്തു നിന്നുള്ള ആഭരണ കയറ്റുമതി വര്‍ധിപ്പിക്കാന്‍ സ്വര്‍ണത്തിന്റെ ലഭ്യത വര്‍ധിപ്പിക്കേണ്ടതുണ്ടെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.

Comments

comments

Categories: Business & Economy
Tags: Gold Import