യുഎസ് ടെക് കമ്പനികളെ നിയന്ത്രിക്കുമെന്ന് ചൈന

യുഎസ് ടെക് കമ്പനികളെ നിയന്ത്രിക്കുമെന്ന് ചൈന
  • അമേരിക്കയുടെ ആവശ്യം ഷീ ജിന്‍ പിംഗ് സര്‍ക്കാര്‍ തള്ളി
  • കൂടുതല്‍ സാധനങ്ങള്‍ വാങ്ങാമെന്ന് യുഎസിനോട് ചൈന
  • വ്യാപാര യുദ്ധത്തിന്റെ പരിസമാപ്തി അകലെയെന്ന് വിദഗ്ധര്‍

എനിക്ക് തോന്നുന്നത് കരാര്‍ യാഥാര്‍ഥ്യമാവുമെന്നാണ്. താല്‍പ്പര്യങ്ങള്‍ക്ക് ഉത്തമം അതുതന്നെയാണെന്ന് ഇരു രാജ്യങ്ങള്‍ക്കും അറിയാം. അടുത്ത നാല്-ആറ് ആഴ്ചകള്‍ക്കകം നടപടികളുണ്ടാവും. എന്നാല്‍ വ്യാപാര സംഘര്‍ഷം തുടരുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്

  -കര്‍ട്ട് കാംബെല്‍

ബെയ്ജിംഗ്: യുഎസ്-ചൈന വ്യാപാര യുദ്ധം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉന്നതതല ചര്‍ച്ചകള്‍ ഈയാഴ്ച നടക്കാനിരിക്കെ ടെക്‌നോളജി കമ്പനികള്‍ക്കു മേലുള്ള നിയന്ത്രണങ്ങള്‍ കുറയ്ക്കണമെന്ന അമേരിക്കയുടെ ആവശ്യം ഷീ ജിന്‍ പിംഗ് സര്‍ക്കാര്‍ തള്ളി. വിദേശ ക്ലൗഡ് കംപ്യൂട്ടിംഗ് സേവനദാതാക്കള്‍ക്കെതിരെയുള്ള വിവേചനം അവസാനിപ്പിക്കുക, വിദേശ ഡാറ്റാ വിനിമയത്തിന്റെ നിയന്ത്രണം കുറയ്ക്കുക, ഡാറ്റാ പ്രാദേശികമായി സൂക്ഷിക്കണമെന്ന നിബന്ധനയില്‍ ഇളവ് നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ചൈന നിരാകരിച്ചിരിക്കുന്നത്. ഡിജിറ്റല്‍ വ്യാപാരം സംബന്ധിച്ച് ചൈന മുന്നോട്ടുവെച്ച വാഗ്ദാനം പര്യാപ്തമല്ലെന്നാണ് യുഎസിന്റെ നിലപാട്. യുഎസ് കൂടുതല്‍ ശക്തമായ ആവശ്യങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് പ്രസ്തുത വാഗ്ദാനം ചൈന പിന്‍വലിച്ചിരുന്നു.

ദീര്‍ഘനാളായി തുടരുന്ന വ്യാപാര യുദ്ധത്തിന് അറുതിയുണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്ക് ഒട്ടും സഹായകരമല്ല ചൈനീസ് നിലപാടെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. പ്രത്യേകിച്ച്, പ്രശ്‌ന പരിഹാര ചര്‍ച്ചകള്‍ക്കായി യുഎസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മുന്‍ചിനും വ്യാപാര പ്രതിനിധി റോബര്‍ട്ട് ലൈതൈസറും ഈ മാസം 28, 29 തിയതികളില്‍ ചൈന സന്ദര്‍ശിക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള ഡിജിറ്റല്‍ വാണിജ്യ പ്രശ്‌നങ്ങളും ചര്‍ച്ചകളില്‍ ഇടം പിടിക്കുമെന്നാണ് കരുതുന്നത്. ചൈനീസ് പക്ഷത്തു നിന്ന് തുടര്‍ ചര്‍ച്ചകള്‍ക്കായി ഉപ പ്രധാനമന്ത്രി ലിയു ഹീ അടുത്തമാസം ആദ്യം യുഎസിലെത്താനുമാണ് നിശ്ചയിച്ചിരിക്കുന്നത്. ചര്‍ച്ചകള്‍ സമവായത്തിലെത്തുകയാണെങ്കില്‍ അടുത്തമാസം അവസാനത്തോടെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗും അന്തിമ കരാറില്‍ ഒപ്പിടും.

ശാശ്വത പരിഹാരമല്ല

യുഎസും ചൈനയും തമ്മില്‍ ഏതാനും ആഴ്ചകള്‍ക്കകം വാണിജ്യ കരാറില്‍ ഒപ്പിടുമെന്ന് ഉറപ്പാണെങ്കിലും ഇത് വ്യാപാര യുദ്ധത്തിന് പരിഹരാമുണ്ടാക്കില്ലെന്ന് വിദഗ്ധര്‍ നിരീക്ഷിക്കുന്നു. തര്‍ക്ക വിഷയങ്ങള്‍ പലതും കരാറില്‍ ഉള്‍പ്പെടുമെന്നും എന്നാല്‍ ഹ്രസ്വ കാലം കൊണ്ട് പരിഹരിക്കാനാവാത്ത നിരവധി വിവാദ വിഷയങ്ങള്‍ സജീവമായി നില്‍ക്കുന്നുണ്ടെന്നും മുന്‍ യുഎസ് നയതന്ത്ര പ്രതിനിധിയും അഡൈ്വസറി സ്ഥാപനമായ ദി ഏഷ്യ ഗ്രൂപ്പിന്റെ സിഇഒയുമായ കര്‍ട്ട് കാംബെല്‍ പറയുന്നു. ബരാക്ക് ഒബാമ യുഎസ് പ്രസിഡന്റായിരുന്ന കാലത്ത് കിഴക്കനേഷ്യ വിഭാഗം സെക്രട്ടറിയായിരുന്നു കാംബെല്‍. ചൈനീസ് ഇറക്കുമതിക്ക് മേല്‍ 250 ബില്യണ്‍ ഡോളറിന്റെ അധിക നികുതിയാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇതുവരെ ചുമത്തിയിരിക്കുന്നത്. മറുപടിയായി അമേരിക്കന്‍ ഇറക്കുമതിക്ക് മേല്‍ 110 ബില്യണ്‍ ഡോളറിന്റെ അധിക നികുതി ബെയ്ജിംഗും ചുമത്തിയിട്ടുണ്ട്.

അതേസമയം കൂടുതല്‍ യുഎസ് ഉല്‍പ്പന്നങ്ങള്‍ വാങ്ങി വ്യാപാര കമ്മി കുറയ്ക്കാമെന്ന ചൈനീസ് നിലപാടും അമേരിക്കക്ക് ഗുണം ചെയ്യില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 2018 ലെ ആദ്യ ഒന്‍പത് മാസത്തെ വ്യാപാര കമ്മി 301.37 ഡോളറാണെന്ന് യുഎസ് സെന്‍സസ് ബ്യൂറോ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 1985 ല്‍ ഇത് ആറ് ദശലക്ഷം ഡോളര്‍ മാത്രമായിരുന്നു. വ്യാപാര കമ്മി അടിയന്തരമായി കുറയ്ക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. കടുത്ത ഇറക്കുമതി നിയന്ത്രണങ്ങള്‍ ഇതിനായി കൊണ്ടുവന്നതാണ്. എന്നാല്‍ കമ്മിയുടെ ബഹുഭൂരിപക്ഷം വരുന്ന സേവനങ്ങളെ പരിഗണിക്കാതെ ഉല്‍പ്പന്ന ഇറക്കുമതിയില്‍ മാത്രം ശ്രദ്ധിക്കുന്ന പ്രസിഡന്റിന്റെ നയത്തെ വിദഗ്ധര്‍ ചോദ്യം ചെയ്യുന്നു.

Categories: FK News, Slider