ചൈനയിലെ ജനനനിരക്ക് താഴുന്നു

ചൈനയിലെ ജനനനിരക്ക് താഴുന്നു

ചൈനയിലെ ജനനനിരക്ക് 2018 ല്‍ വീണ്ടും താഴ്ന്നു. ചൈനയില്‍ സന്താനോല്‍പ്പാദനം പ്രോല്‍സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ ശ്രമങ്ങള്‍ നടത്തി വരുന്നുണ്ടെങ്കിലും ഇതു ഫലം കണ്ടില്ലെന്നാണു റിപ്പോര്‍ട്ട്. ജസംഖ്യയില്‍ വൃദ്ധരുടെ എണ്ണം ചെറുപ്പക്കാരെ അപേക്ഷിച്ച് വലിയതോതില്‍ വളര്‍ന്നു വരുന്ന വസ്തുത പരിഗണിച്ചാണ് രാജ്യം 2016ല്‍ ചൈന തങ്ങളുടെ വിവാദനിയമമായ ഒറ്റ കുട്ടി നയം ഉപേക്ഷിച്ചത്. ദമ്പതികള്‍ക്ക് രണ്ടു കുട്ടികളാകാമെന്ന് അനുവാദം നല്‍കി.

ജീവിതനിലവാരം വളര്‍ന്നതനുസരിച്ച് കുട്ടികളെ പോറ്റുന്നതിനു വേണ്ട വലിയ ചെലവ് ഓര്‍ത്താണ് ആളുകള്‍ സര്‍ക്കാര്‍ ശ്രമത്തെ പിന്തുണയ്ക്കാത്തതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ബീജിംഗില്‍ 2018ല്‍ ജനനനിരക്ക് 1000ന് 8.24 ആയി കുറഞ്ഞു. മുന്‍ വര്‍ഷം ഇത് ആയിരത്തിന് 9.06 ആയിരുന്നു. പ്രാദേശിക ഭരണാധികാരികള്‍ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം പറയുന്നത്.

സാമ്പത്തിക തലസ്ഥാനമായ ഷാംഗ്ഹായിയില്‍ ജനനനിരക്ക് 2017 ല്‍ 1000ന് 8.1 ല്‍ നിന്ന് 7.2 ആയി കുറഞ്ഞു. തുടര്‍ച്ചയായ രണ്ടാംവര്‍ഷവും ബീജിംഗിലെ മൊത്തം ജനസംഖ്യ 170,000ല്‍ നിന്ന് 21.54 ദശലക്ഷമായി കുറഞ്ഞു. അടുത്ത കാലത്തായി ജനസംഖ്യ കുറഞ്ഞ ലയോണിംഗ് പ്രവിശ്യയില്‍ ജനനനിരക്ക് കുറഞ്ഞത് 2017 ലെ ആയിരത്തിന് 6.49 ആയിരുന്നത് 6.39 ആയി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ചൈനയില്‍ 15.23 ദശലക്ഷം ജനനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2017 നേക്കാള്‍ രണ്ടു ദശലക്ഷം കുറവാണിത്.

ചൈനയിലെ വിവാഹങ്ങളും കുറയുന്നുവെന്നാണു കണക്കുകള്‍ നല്‍കുന്ന സൂചന. രാജ്യത്ത് പുതുതായി റജിസ്റ്റര്‍ ചെയ്ത വിവാഹങ്ങളുടെ എണ്ണം 2013 ലെ 0.99 ശതമാനത്തില്‍ നിന്ന് 2018ല്‍ 0.72 ശതമാനത്തിലേക്ക് ഇടിഞ്ഞതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

Comments

comments

Categories: Health