വീഡിയോ സ്ട്രീമിംഗ് സേവനത്തിന് ഇന്ന് ആപ്പിള്‍ തുടക്കമിടും

വീഡിയോ സ്ട്രീമിംഗ് സേവനത്തിന് ഇന്ന് ആപ്പിള്‍ തുടക്കമിടും

ഐ ഫോണ്‍ വില്‍പ്പനയില്‍നിന്നുള്ള വരുമാനത്തിന് ഇടിവ് നേരിട്ടു തുടങ്ങിയതു ശുഭലക്ഷണമല്ലെന്ന് ആപ്പിളിനു കുറച്ചുകാലം മുന്‍പു തന്നെ ബോദ്ധ്യപ്പെട്ട കാര്യമാണ്. സേവനങ്ങള്‍ ലഭ്യമാക്കി വരുമാനം വര്‍ധിപ്പിക്കണമെന്നു ചിന്തിച്ചതും ഈയൊരു പശ്ചാത്തലത്തിലാണ്. ഇനി വരാനിരിക്കുന്നതു വീഡിയോ സ്ട്രീമിംഗിന്റെ കാലമാണെന്നു മനസിലാക്കി കൊണ്ട് ആപ്പിള്‍ വീഡിയോ സ്ട്രീമിംഗ് സേവനത്തിന് ഇന്നു തുടക്കമിടുകയാണ്.

ഇന്നു കാലിഫോര്‍ണിയയിലെ ക്യൂപര്‍ട്ടിനോ ക്യാംപസിലുള്ള സ്റ്റീവ് ജോബ്‌സ് തിയേറ്ററില്‍ ആപ്പിള്‍ കമ്പനി ഒരു ചടങ്ങ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ‘It’s show time’ എന്ന പേരാണു ചടങ്ങിനു നല്‍കിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകരെ ചടങ്ങിലേക്ക് പ്രത്യേകം ക്ഷണിച്ചിട്ടുമുണ്ട്. ചടങ്ങില്‍ ആപ്പിളിന്റെ വീഡിയോ സ്ട്രീമിംഗ് സര്‍വീസിന്റെ ലോഞ്ചിംഗ് ഉണ്ടാകുമെന്നാണു കരുതുന്നത്. ഹോളിവുഡ് താരങ്ങളെ പങ്കെടുപ്പിച്ചു ലോഞ്ചിംഗ് ചടങ്ങ് കെങ്കേമമാക്കാനും ആപ്പിള്‍ തീരുമാനിച്ചിട്ടുണ്ട്. ജെനിഫര്‍ അനിസ്റ്റണ്‍, റീസ് വിതര്‍സ്പൂണ്‍, സ്റ്റാര്‍ വാഴ്‌സ് സംവിധായകന്‍ ജെ.ജെ. അബ്രഹാംസ് തുടങ്ങിയവര്‍ ലോഞ്ചിംഗിനെത്തുമെന്നാണു കരുതുന്നത്. സര്‍വീസ് ബിസിനസിലേക്ക് ആപ്പിള്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുകയാണെന്നതിന്റെ തെളിവ് കൂടിയാണ് ഈ ചടങ്ങ്. ആപ്പിള്‍ ആദ്യമായിട്ടാണ് ഒരു ചടങ്ങില്‍ വച്ച് സര്‍വീസ് ബിസിനസിനെ ഇത്രയധികം പ്രാധാന്യത്തോടെ അവതരിപ്പിക്കാന്‍ പോകുന്നത്. ആഗോളതലത്തില്‍ ആപ്പിളിന് 900 ദശലക്ഷം യൂസര്‍മാരുണ്ട്്. ആപ്പിളിന്റെ ഐ ഫോണ്‍, കമ്പ്യൂട്ടര്‍, ഐ പോഡ്, ആപ്പിള്‍ വാച്ച് എന്നിങ്ങനെയുള്ള ഡിവൈസുകള്‍ ഉപയോഗിക്കുന്നവരാണ് ഇവര്‍. ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നരായിട്ടുള്ളവരാണു ഭൂരിഭാഗം ആപ്പിള്‍ യൂസര്‍മാരും. കമേഴ്‌സ്യല്‍ ആപ്പീലുള്ളവയാണെന്നു തെളിയിക്കപ്പെട്ടിട്ടുള്ള ഹാര്‍ഡ്‌വെയറും സേവനങ്ങളും സൃഷ്ടിക്കാനും വികസിപ്പിക്കാനും പ്രാപ്തിയുള്ളവരാണ് ആപ്പിള്‍. ഈ പ്രത്യേകതയുള്ള ആപ്പിള്‍ വീഡിയോ സ്ട്രീമിംഗ് വിപണിയിലെത്തുമ്പോള്‍ അത് തീര്‍ച്ചയായും വലിയൊരു ചലനം സൃഷ്ടിക്കുമെന്ന കാര്യം ഉറപ്പാണ്.
സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ആപ്പിളിന്റെ വളര്‍ച്ച മന്ദഗതിയിലാണ്. ഇത്രയും കാലം ആപ്പിളിന്റെ പ്രധാന വരുമാനം ഐ ഫോണ്‍ വില്‍പ്പനയില്‍നിന്നായിരുന്നു.

സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന മുരടിച്ചതോടെ വരുമാനം വര്‍ധിപ്പിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്ന് ആപ്പിളിനു മേല്‍ സമ്മര്‍ദ്ദം ഉയരുകയും ചെയ്തിരുന്നു. സമീപകാലത്തായി ആപ്പിളിനു സേവനങ്ങളിലൂടെയും ഡിജിറ്റല്‍ കണ്ടന്റ് വില്‍പ്പനയിലൂടെയും വരുമാനം വര്‍ധിപ്പിക്കാന്‍ സാധിച്ചിരുന്നു. ആപ്പിളിന്റെ ഡിവൈസുകള്‍ ഉപയോഗിക്കുന്നവര്‍ക്കു വിവിധ സേവനങ്ങള്‍ ലഭ്യമാക്കിയും, സംഗീതം, സിനിമ, ആപ്പ് എന്നിവയുടെ വില്‍പ്പനയിലൂടെ വരുമാനം വര്‍ധിപ്പിക്കുവാന്‍ സാധിക്കുമെന്ന് ആപ്പിളിനു ബോദ്ധ്യപ്പെടുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ആപ്പിള്‍ വീഡിയോ സ്ട്രീമിംഗ് സേവനവുമായെത്തുന്നത്. സ്ട്രീമിംഗ് രംഗത്തേയ്ക്കു ചുവടുവയ്ക്കുന്നതോടെ ആപ്പിള്‍, മാധ്യമ-വിനോദരംഗത്തെ ഭീമന്മാരായ നെറ്റ്ഫഌക്‌സ്, ആമസോണ്‍ തുടങ്ങിയവരുമായിട്ടാണു മത്സരിക്കാന്‍ പോകുന്നത്. വാള്‍ട്ട് ഡിസ്‌നി ഇതിനോടകം ഡിസ്‌നി പ്ലസ് എന്ന സ്ട്രീമിംഗ് സര്‍വീസ് ആരംഭിക്കാന്‍ പോവുകയാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതു പോലെ വാര്‍ണര്‍ മീഡിയയും സ്ട്രീമിംഗ് സേവനവുമായി ഉടന്‍ രംഗത്തുവരികയാണ്. ഇത്തരത്തില്‍ വാള്‍ട്ട് ഡിസ്‌നിയും, വാര്‍ണര്‍ മീഡിയയും, ആപ്പിളും സ്ട്രീമിംഗ് രംഗത്തേയ്ക്കു വരുന്നത് ഈ രംഗത്തെ മുന്‍നിര കമ്പനിയായ നെറ്റ്ഫഌക്‌സിന് ഉയര്‍ത്തുന്ന ഭീഷണി ചെറുതല്ല. 190 വിപണികളിലായി 140 ദശലക്ഷം പെയ്ഡ് സബ്‌സ്‌ക്രൈബേഴ്‌സ് അഥവാ പണം അടയ്ക്കുന്ന വരിക്കാരുണ്ട് ഇപ്പോള്‍ നെറ്റ്ഫഌക്‌സിന്. അതുപോലെ ആമസോണ്‍, ഹുലു തുടങ്ങിയ കമ്പനികള്‍ക്കും സ്ട്രീമിംഗ് രംഗത്ത് സാമാന്യം നല്ല വരിക്കാരുണ്ട്. ഇവര്‍ സ്ട്രീമിംഗ് ബിസിനസില്‍ കൈവരിക്കുന്ന നേട്ടമാണ് മറ്റുള്ള വമ്പന്മാരേയും സ്ട്രീമിംഗിലേക്കു ചുവടുവയ്ക്കാന്‍ പ്രേരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം, ഓണ്‍ലൈന്‍ വീഡിയോ സേവനങ്ങളുടെ സബ്‌സ്‌ക്രിപ്ഷന്‍ ആഗോളതലത്തില്‍ 27 ശതമാനം വര്‍ധിച്ചു 613 ദശലക്ഷത്തിലെത്തിയെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതാകട്ടെ, കേബിള്‍ ടിവി വരിക്കാരുടെ എണ്ണത്തില്‍ കുറവു വരാനും കാരണമായതായി മോഷന്‍ പിക്ചര്‍ അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. വീഡിയോ സ്ട്രീമിംഗിന് പുറമേ ആപ്പിള്‍ സബ്‌സ്‌ക്രിപ്ഷന്‍ ന്യൂസ് സര്‍വീസും ആരംഭിക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. മാധ്യമ രംഗത്തുള്ള പ്രമുഖരുമായി കൈകോര്‍ത്തു കൊണ്ടാണ് ഈ സേവനം ആപ്പിള്‍ ആരംഭിക്കുക. വാള്‍ സ്ട്രീറ്റ് ജേണല്‍, വോക്‌സ് എന്ന ന്യൂസ് വെബ്‌സൈറ്റ് തുടങ്ങിയവര്‍ ആപ്പിള്‍ ന്യൂസ് സര്‍വീസിന്റെ ഭാഗമാകുമെന്നു പറയപ്പെടുന്നു.

ഒറിജിനല്‍ കണ്ടന്റുമായി നെറ്റ്ഫഌക്‌സ് മാതൃകയിലുള്ള സ്ട്രീമിംഗ് സര്‍വീസ് ആപ്പിള്‍ ആരംഭിക്കാന്‍ പോവുകയാണെന്ന് ഏറെ നാളുകളായി റിപ്പോര്‍ട്ട് പ്രചരിക്കുന്നുണ്ടായിരുന്നു. ഇന്ന് അത് യാഥാര്‍ഥ്യമാവുകയാണ്. ഡ്രാമ, കോമഡി, പരമ്പര, സയന്‍സ് ഫിക്ഷന്‍ ഉള്‍പ്പെടെ 25-ാളം ഷോ അഥവാ പ്രദര്‍ശനങ്ങളുള്ള സേവനമാണ് ആപ്പിള്‍ ആരംഭിക്കുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. ടിവി ഷോ, മൂവീസ് എന്നിവ ഉള്‍പ്പെടുന്ന ഒറിജിനല്‍ കണ്ടന്റ് സൃഷ്ടിക്കാന്‍ വേണ്ടി ആപ്പിള്‍ ഒരു ബില്യന്‍ ഡോളറിലധികം തുക ചെലവഴിച്ചിരിക്കുകയാണ്. ഒപ്രേ വിന്‍ഫ്രേ, സ്റ്റീവന്‍ സ്പീല്‍ബെര്‍ഗ് തുടങ്ങിയ പ്രമുഖരെ ഉള്‍പ്പെടുത്തി കൊണ്ടുള്ള ഷോയും ആപ്പിളിന്റെ പദ്ധതിയിലുണ്ട്. ആപ്പിളിന്റെ വേള്‍ഡ് വൈഡ് വീഡിയോ പ്രോഗ്രാമിംഗ് ടീമിനെ നയിക്കുന്നത് ജേമി ഏളിച്ചും, സാക്ക് വാന്‍ ആംബര്‍ഗുമായിരിക്കും. ഇരുവരെയും ആപ്പിള്‍ സോണി ടെലിവിഷനില്‍നിന്നും വന്‍ ഓഫര്‍ നല്‍കിയാണു തെരഞ്ഞെടുത്തത്. കാരള്‍ ട്രസല്‍ ഉള്‍പ്പെടെ ടിവി ഇന്‍ഡസ്ട്രിയിലെ പരിചയസമ്പന്നരെയും ആപ്പിള്‍ സമീപകാലത്തു തെരഞ്ഞെടുത്തിരുന്നു. ഐ ഫോണിന് അപ്പുറത്തേയ്ക്കു ബിസിനസിനെ വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്ന് ആപ്പിളിനു നല്ല ബോദ്ധ്യമുണ്ട്. പ്രത്യേകിച്ചു സര്‍വീസ് മേഖലയില്‍. ആപ്പിളിന്റെ സര്‍വീസ് ബിസിനസ് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 19 ശതമാനം വര്‍ധനയോടെ 10.9 ബില്യന്‍ ഡോളറിലെത്തിയിരുന്നു. ആപ്പിള്‍ മ്യൂസിക്കിന് ഇന്ന് 50 മില്യന്‍ പെയ്ഡ് സബ്‌സ്‌ക്രൈബേഴ്‌സുണ്ട്. ഇതാണ് ആപ്പിളിനെ സ്ട്രീമിംഗ് സേവനം ആരംഭിക്കാന്‍ പ്രേരിപ്പിച്ച ഘടകം. ആപ്പിളിന്റെ വീഡിയോ സ്ട്രീമിംഗ് സേവനം തീര്‍ച്ചയായും സബ്‌സ്‌ക്രിപ്ഷന്‍ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ആപ്പിളിന്റെ ഒറിജിനല്‍ കണ്ടന്റുകള്‍ക്കു പുറമേ, എച്ച്ബിഒ സേവനവും വീഡിയോ സ്ട്രീമിംഗില്‍ ഉള്‍പ്പെടുത്തും. ഇപ്പോള്‍ ആപ്പിള്‍ ടിവിയില്‍ എച്ച്ബിഒ സേവനം ലഭിക്കുന്നുണ്ട്.

Categories: Tech
Tags: Apple