4.74 കോടി കര്‍ഷകര്‍ക്ക് രണ്ടാം ഗഡു അടുത്ത മാസം

4.74 കോടി കര്‍ഷകര്‍ക്ക് രണ്ടാം ഗഡു അടുത്ത മാസം
  • ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടായിരുന്നു പിഎം കിസാന്‍ നിധിയുടെ പെട്ടെന്നുള്ള നടപ്പാക്കല്‍
  • തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന മാര്‍ച്ച് 10ന് മുമ്പ് റെജിസ്റ്റര്‍ ചെയ്തവര്‍ക്ക് രണ്ടാം ഗഡു ബാങ്കിലെത്തും
  • ഇതിനോടകം തന്നെ 2.74 കോടി പേര്‍ക്ക് ആദ്യ ഗഡു ലഭിച്ചു

ന്യൂഡെല്‍ഹി: പ്രധാനമന്ത്രിയുടെ കര്‍ഷക ധനസഹായ പദ്ധതിയെന്നറിയപ്പെടുന്ന പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ രണ്ടാം ഗഡു അടുത്ത മാസത്തോടെ കര്‍ഷകരുടെ എക്കൗണ്ടില്‍ നേരിട്ടെത്തു. ഏകദേശം 4.74 കോടി കര്‍ഷകര്‍ക്കാണ് രണ്ടാം ഗഡു അടുത്ത മാസം ലഭിക്കുക. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്ന മാര്‍ച്ച് 10ന് മുമ്പ് റെജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്കാണ് രണ്ടാം ഗഡുവിലെ 2,000 രൂപ നേരിട്ട് ബാങ്ക് എക്കൗണ്ടിലെത്തുകയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

പിഎം കിസാന്‍ നിധിയില്‍ റെജിസ്റ്റര്‍ ചെയ്ത കര്‍ഷകരില്‍ ഏകദേശം 2.74 കോടി പേര്‍ക്ക് ഇതിനോടകം ആദ്യ ഗഡു ലഭിച്ചിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്ക് ഈ മാസം അവസാനിക്കുന്നതിന് മുമ്പ് ആദ്യ ഗഡുവിലെ 2,000 രൂപ ലഭിക്കും. മാര്‍ച്ച് 10ന് മുമ്പ് പദ്ധതിയില്‍ റെജിസ്റ്റര്‍ ചെയ്ത എല്ലാ ഗുണഭോക്താക്കള്‍ക്കും ആദ്യ രണ്ട് ഗഡുക്കള്‍ വിതരണം ചെയ്യാനുള്ള അനുമതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് 75,000 കോടി രൂപയുടെ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി കേന്ദ്രം പ്രഖ്യാപിച്ചത്. രാജ്യത്തെ കര്‍ഷകര്‍ക്ക് മൂന്ന് ഗഡുക്കളിലായി പ്രതിവര്‍ഷം 6,000 രൂപയുടെ ധനസഹായം നല്‍കുകയാണ് ലക്ഷ്യം. ഏകദേശം 12 കോടിയോളം വരുന്ന രാജ്യത്തെ കര്‍ഷകര്‍ക്ക് പദ്ധതി ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

മാര്‍ച്ച് അവസാനിക്കുന്നതിന് മുമ്പ് ആദ്യ ഗഡുവായ 2,000 രൂപ കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നതിനായി എന്‍ഡിഎ സര്‍ക്കാര്‍ ഈ സാമ്പത്തിക വര്‍ഷം 20,000 കോടി രൂപ നീക്കിവെച്ചിരുന്നു. ഉത്തര്‍ പ്രദേശിലെ ഗൊരക്പൂരില്‍ ഫെബ്രുവരി 24നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കിസാന്‍ നിധി ഉദ്ഘാടനം ചെയ്തത്. 1.01 കോടി കര്‍ഷകര്‍ക്ക് ആദ്യ ഗഡുവായ 2,000 രൂപ കൈമാറ്റം ചെയ്തായിരുന്നു ഉദ്ഘാടനം. 2,021 കോടി രൂപയാണ് അന്ന് വിതരണം ചെയ്തത്. ഏപ്രില്‍ ഒന്ന് മുതലായിരിക്കും രണ്ടാം ഗഡു വിതരണം ചെയ്തു തുടങ്ങുക.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പദ്ധതി മോദിക്ക് രാഷ്ട്രീയ നേട്ടം നല്‍കുമെന്ന് വിമര്‍ശനങ്ങളുണ്ട്. അതേസമയം പിഎം കിസാന്‍ നിധിക്ക് ബദലായി പ്രകടന പത്രികയില്‍ സാര്‍വത്രി അടിസ്ഥാന വരുമാനത്തിന് സമാനമായ പദ്ധതികള്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുത്തിയേക്കും.

Comments

comments

Categories: FK News

Related Articles