എങ്ങനെ ഒരു നല്ല രാഷ്ട്രീയക്കാരന്‍ ആവാം?

എങ്ങനെ ഒരു നല്ല രാഷ്ട്രീയക്കാരന്‍ ആവാം?

അതാതു കാലങ്ങളില്‍ ജീവിക്കുന്ന ജനതയ്ക്ക് യോജിച്ച ഭരണാധികാരികള്‍ ഉയര്‍ന്നു വരും എന്നുള്ളത് ഒരു പ്രകൃതി നിയമമാണ്. ഉണര്‍ന്ന ചിന്തയുള്ള ജനങ്ങളെ ഭരിക്കാന്‍ അവര്‍ക്കായി കടഞ്ഞെടുത്ത വ്യക്തിത്വങ്ങള്‍ ഉണ്ടാവുമ്പോള്‍ ഉറങ്ങുന്ന ജനതയെ ഭരിക്കാന്‍ അവര്‍ക്കിണങ്ങിയ ഭരണാധികാരികളും ഉദയം ചെയ്യും. സത്യത്തില്‍ ജനങ്ങള്‍ യഥാര്‍ത്ഥ രാഷ്ട്രീയക്കാര്‍ ആയി മാറുമ്പോള്‍ അവര്‍ക്കു സ്വയം ചിന്തിക്കാനും നേരായ മാര്‍ഗ്ഗം കണ്ടെത്താനും കഴിയും. നമ്മള്‍ വോട്ട് നല്‍കി വിജയിപ്പിക്കാന്‍ നോക്കുന്ന വ്യക്തിക്ക് ജനങ്ങളെയും രാജ്യത്തിന്റെ പ്രശ്‌നത്തെയും പ്രധിനിധാനം ചെയ്യാന്‍ കഴിയുമോ എന്നതാണ് മുന്‍പിലുള്ള ചോദ്യം

രാഷ്ട്രീയക്കാരന്‍ എന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ ആദ്യമെത്തുന്ന ചിത്രം എന്താണോ അതു തന്നെയാണ് നാം ഓരോരുത്തരും മനസ്സിലാക്കിയ, നമ്മുടെ ഇടയിലുള്ള യഥാര്‍ത്ഥ രാഷ്ട്രീയക്കാരന്‍. തന്ത്ര നിപുണനായ ഒരു രാജാവാണ് രാജ്യം ഭരിക്കുന്നതെങ്കില്‍ അദ്ദേഹത്തിന്റെ ഭരണം ജനങ്ങള്‍ നോക്കിക്കാണുകയും അദ്ദേഹത്തെ വിശ്വസിച്ച് രാജ്യഭാരം ഏല്‍പ്പിക്കുകയും ചെയ്യും. മറിച്ച് നാട് ഭരിക്കുന്നത് ജനങ്ങളാല്‍ തെരഞ്ഞെടുത്ത ജനപ്രധിനിധികളാണെങ്കില്‍ നാടിന്റെ ജയപരാജങ്ങളുടെ യഥാര്‍ത്ഥ ഉത്തരവാദികള്‍ ആ നാട്ടിലെ ജനങ്ങള്‍ മാത്രമാണ്. ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന ജനപ്രതിനിധി എല്ലാം കൊണ്ടും തികഞ്ഞ വ്യക്തിത്വം അല്ലെങ്കില്‍ ആ നാടിനെയും സംസ്‌കാരത്തെയും പിന്നോട്ടടിപ്പിക്കാനും ഇല്ലാതാക്കാനും പിന്നെ വേറെ ആരെയും തിരയേണ്ട ആവശ്യമില്ല. കുറഞ്ഞ സമയത്തിനുള്ളില്‍ അവര്‍ തന്നെ എല്ലാം ചെയ്തു കൊള്ളും.

ഒരു നാടിനെ നല്ല രൂപത്തില്‍ ഭരിക്കണമെങ്കില്‍ രാഷ്ട്രീയക്കാരന്‍ ജീവിതത്തിന്റെ എല്ലാ മേഖലകളെ കുറിച്ചും ഉത്തരവാദിത്തത്തോടെ സംസാരിക്കാനും ഇടപെടാനും നയതന്ത്ര പാടവത്തോടെ കാര്യങ്ങളെ നോക്കിക്കാണാനും സാധിക്കുന്നവന്‍ ആയിരിക്കണം. രാഷ്ട്രീയത്തിലെ ഏറ്റവും അപകടം നേരിടുന്ന ഭാഗമാണ് പൊതു ഖജനാവിന്റെ സംരക്ഷണവും അത് വിധിവിലക്കുകള്‍ അനുസരിച്ച് അര്‍ഹതപ്പെട്ടവര്‍ക്ക് വീതംവെച്ചു നല്‍കുക എന്നതും.

കേരളീയനെ സംബന്ധിച്ചിടത്തോളം ഓണം ഒരു ആഘോഷം മാത്രമല്ല. ഓരോ വര്‍ഷവും നമ്മള്‍ ഓണം കൊണ്ടാടുമ്പോള്‍ ആ ആഘോഷം നമ്മോട് തുറന്നു പറയുകയും ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്ന ഒരു സന്ദേശമുണ്ട്; ഭൂമിയില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തണമെന്നും അതിനുതകുന്ന നല്ല ഭരണാധികാരികള്‍ നമ്മുടെ ഇടയില്‍ നിന്നും വളര്‍ന്നു വരണമെന്നും. മനുഷ്യന്റെ ഏറ്റവും വലിയ ദാഹങ്ങളിലൊന്നാണ് എപ്പോഴും നിലനില്‍ക്കുന്ന സമാധാനം. അത് നേടി എടുക്കാനും അനുഭവിക്കാനും മനുഷ്യന്‍ പലപ്പോഴും പല രീതിയില്‍ ശ്രമങ്ങള്‍ നടത്തും. നന്‍മയുടെയും തിന്‍മയുടെയും മാര്‍ഗത്തില്‍ ഇത്തരം ശ്രമങ്ങള്‍ നടന്നേക്കാം. നല്ല ഭരണാധികാരികള്‍ ഉള്ള പ്രദേശങ്ങളില്‍ ജനങ്ങള്‍ക്ക് സമാധാനവും സന്തോഷവും ലഭിക്കുന്ന പദ്ധതികള്‍ അവര്‍ ആസൂത്രണം ചെയ്യുകയും സ്ഥിരമായി നടപ്പിലാക്കുകയും ചെയ്യും.

ദൈവത്തെ അറിഞ്ഞവനും വേദങ്ങള്‍ അറിയുന്നവനും, പൊതുമുതല്‍ പരിപാലനവും രാഷ്ട്രീയവും കൈയില്‍ വന്നാല്‍ ചിട്ടയോടെ അത് കൈകാര്യം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യും. ചരിത്രപരമായ വീക്ഷണത്തിലൂടെ നോക്കിയാല്‍ ഇന്ന് ലോകം കണ്ട ഏറ്റവും നല്ല ഭരണാധികാരിയാണ് ഖലീഫ ഒമര്‍. ഒരു നല്ല ഭരണാധികാരിയുടെ ഒന്നാമത്തെ ലക്ഷണമാണ് തന്റെ മുന്നിലുള്ള ജനതയെ ദൈവത്തിന്റെ പ്രതിനിധികളായി കണ്ടു കൊണ്ട് മതങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും ഉപരിയായി മനുഷ്യനാണ് വലുത് എന്ന് വിശ്വസിച്ചു ഭരണനിര്‍വഹണം നടത്തുക എന്നത്. ഒരു നല്ല ഭരണാധികാരിക്ക് അവശ്യം വേണ്ട നാല് ഗുണങ്ങളുണ്ട്. ഒന്ന്, ദൃഢ വിശ്വാസം: ഖലീഫ ഒമര്‍ സത്യത്തെ മുറുകെ പിടിച്ചു. ഒരു തീരുമാനം എടുത്താല്‍ അതില്‍ പാറപോലെ ഉറച്ചു നില്‍ക്കുമായിരുന്നു. രണ്ട്, തികഞ്ഞ ഉത്തരവാദിത്ത ബോധം: അദ്ദേഹം പറയുമായിരുന്നു എന്റെ കൈകളില്‍ ദൈവം ജനതയെയും ഖജനാവിനെയും ഏല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ അതിനു കാവലിരുന്നേ പറ്റൂ എന്ന്. മൂന്ന,് അറിവ്: ഇന്ന് അറിവാണ് എല്ലാ പ്രശ്‌നങ്ങളുടെയും മൂല കാരണം; അറിവില്ലായ്മയല്ല. നമ്മള്‍ ധാരാളം വെള്ളം കുടിക്കുന്നു. അത് ജീവിതത്തിലെ ഒരു സാധാരണ പ്രവര്‍ത്തിയായി മാറിക്കഴിഞ്ഞു. പലപ്പോഴും നാം വെള്ളത്തിന്റെ രുചി അറിയാറില്ല. എന്നാല്‍ അതേ വെള്ളം നിങ്ങള്‍ ദാഹിച്ചു വലഞ്ഞു നില്‍ക്കുന്ന ഒരാള്‍ക്ക് കൊടുത്തുനോക്കൂ, അപ്പോള്‍ അറിയാം ആ വെള്ളത്തിന്റെ മധുരരുചി. അറിവാണെങ്കിലും അത് ഉപകാരപ്പെടുത്തുന്നവന് നല്‍കിയാലേ ആ അറിവ് കൊണ്ട് കാര്യമുള്ളൂ. നാലാമത്തെ കാര്യം, ജനങ്ങളെ അറിയാനുള്ള കഴിവ്. എല്ലാ രാജ്യങ്ങളും തകര്‍ന്നു തരിപ്പണമാവാനും ഭരണാധികാരികള്‍ തൂക്കിലേറ്റപ്പെടാനും കാരണം അവരുടെ കൈകളെ പൈശാചിക ശക്തികള്‍ പിടികൂടുകയും തിന്മകള്‍ അവരെ വലയം ചെയ്യപ്പെട്ടും കൊണ്ടാണ്. ഖലീഫ ഉമറിനെ കാണാന്‍ പോയ ഒരു കിളവിയുടെ കഥ ഇന്നും മധുരമായ കാവ്യ രൂപത്തില്‍ നമുക്ക് കേള്‍ക്കാന്‍ കഴിയും. അവര്‍ തന്റെ കൊച്ചു വീട് ഒന്ന് വലുതാക്കാന്‍ വേണ്ടി ഫണ്ട് ചോദിയ്ക്കാന്‍ അന്നത്തെ ഏറ്റവും അറിയപ്പെടുന്ന ഭരണാധികാരി ഉമറിനെ കാണാന്‍ പോയി. പോകുന്ന വേളയില്‍ ഒരു ഓലപ്പുരയില്‍ ഇരിക്കുന്ന ആളോട് ചോദിച്ചു, എവിടെയാണ് മഹാനായ ഭരണാധികാരിയുടെ കൊട്ടാരം, എനിക്ക് അവിടേക്കുള്ള വഴി പറഞ്ഞു തരാമോ? എന്ന്. ഇതു കേട്ട ഉടനെ എഴുന്നേറ്റു നിന്ന അദ്ദേഹം, ഇരുന്നാലും ഞാനാണ് നിങ്ങള്‍ തേടി നടക്കുന്ന ഒമര്‍ എന്ന് പറഞ്ഞപ്പോള്‍ ആ സ്ത്രീയുടെ കവിളിലൂടെ കണ്ണുനീര്‍ ധാരധാരയായി ഒഴുകാന്‍ തുടങ്ങി. ഇങ്ങിനെയും ലോകത്ത് ഒരു ഭരണാധികാരിയോ എന്ന് ആ ചുണ്ടുകള്‍ പറയുന്നുണ്ടായിരുന്നു.

രാഷ്ട്രീയം എന്നാല്‍ ഒരിക്കലും നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്ന പദവികള്‍ അല്ല, മറിച്ചു അത് ഒരു സമര്‍പ്പണം ആണ്. ഖലീഫ ഒമറിന്റെ ഭാര്യ പലപ്പോഴും നാട്ടിലെ സ്ത്രീകളുടെ പ്രസവം എടുക്കാന്‍ പോലും പോവാറുണ്ടായിരുന്നു. ജനതയോടും അതുപോലെ ദൈവത്തോടുമുള്ള നിറഞ്ഞ കടപ്പാടാണ് അതില്‍ കാണുന്നത്. രാജ്യത്തെ ഭരണാധികാരിയുടെ ഭാര്യയായിരുന്നു തങ്ങളെ പരിചരിക്കാനെത്തിയതെന്നത് പലപ്പോഴും വീട്ടുകാര്‍ക്ക് അറിയുമായിരുന്നില്ല. ഈ ലോകം അത്തരം മഹാന്മാരായ വ്യക്തികള്‍ക്കും ജന്മം കൊടുക്കുകയും കാലം തങ്ക ലിപിയില്‍ അവരുടെ ജീവിതം കൊത്തി വെക്കുകയും ചെയ്തിട്ടുണ്ട്. ഇവരുടെയെല്ലാം ചരിത്രം പഠിച്ചാല്‍ ഇന്ന് എത്ര പേര്‍ രാഷ്ട്രീയത്തിലേക്ക് വരും?

അതാതു കാലങ്ങളില്‍ ജീവിക്കുന്ന ജനതയ്ക്ക് യോജിച്ച ഭരണാധികാരികള്‍ ഉയര്‍ന്നു വരും എന്നുള്ളത് ഒരു പ്രകൃതി നിയമമാണ്. ഉണര്‍ന്ന ചിന്തയുള്ള ജനങ്ങളെ ഭരിക്കാന്‍ അവര്‍ക്കായി കടഞ്ഞെടുത്ത വ്യക്തിത്വങ്ങള്‍ ഉണ്ടാവുമ്പോള്‍ ഉറങ്ങുന്ന ജനതയെ ഭരിക്കാന്‍ അവര്‍ക്കിണങ്ങിയ ഭരണാധികാരികളും ഉദയം ചെയ്യും. സത്യത്തില്‍ ജനങ്ങള്‍ യഥാര്‍ത്ഥ രാഷ്ട്രീയക്കാര്‍ ആയി മാറുമ്പോള്‍ അവര്‍ക്കു സ്വയം ചിന്തിക്കാനും നേരായ മാര്‍ഗ്ഗം കണ്ടെത്താനും കഴിയും. നമ്മള്‍ വോട്ട് നല്‍കി വിജയിപ്പിക്കാന്‍ നോക്കുന്ന വ്യക്തിക്ക് ജനങ്ങളെയും രാജ്യത്തിന്റെ പ്രശ്‌നത്തെയും പ്രധിനിധാനം ചെയ്യാന്‍ കഴിയുമോ എന്നതാണ് മുന്‍പിലുള്ള ചോദ്യം. മാറുന്ന ലോകക്രമത്തിനനുസരിച്ചു നാടിനെ ഭരിക്കാന്‍ നല്ല അറിവും വിദ്യാഭ്യാസവും മഹത്വവും ഉള്ള വ്യക്തികള്‍ തന്നെ വേണം. നാടിനെ മുന്നോട്ടു നയിക്കാനുതകുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കാനും അതിനു നേതൃത്വം കൊടുക്കാനും കഴിയുന്നവരാവണം ഭരണാധികാരികള്‍. ലോകം ദിവസവും പുതിയ അധ്യായങ്ങള്‍ തുറന്നുകൊണ്ട് ജനങ്ങളെ വിശാലമായ കാഴ്ചകള്‍ കാണിച്ചു കൊടുക്കുമ്പോള്‍, ഇനിയുള്ള കാലം രാഷ്ട്രീയം അത്ര സുഖകരമാവില്ല എന്നര്‍ത്ഥം. നിങ്ങള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ജനങ്ങള്‍ നിരന്തരം പിന്‍തുടരുന്ന നാളുകള്‍ വരുന്നു. തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരി അസ്വീകാര്യനാവുകയാണെങ്കില്‍ തിരിച്ചു വിളിക്കാന്‍ കഴിയുന്ന രാഷ്ട്രീയ അധികാരങ്ങള്‍ വൈകാതെ ജനങ്ങളുടെ കൈകളിലെത്തും.

മുതലാളിത്തം അപകടകരമായ വിധത്തില്‍ വളരുന്ന കാലത്ത് നാട്ടില്‍ സോഷ്യലിസം നടപ്പാക്കാന്‍ നല്ല ഭരണാധികാരികള്‍ കൂടിയേ തീരൂ. സോഷ്യലിസം വേണമെങ്കില്‍ അറിവുള്ളവനെ നേതാവായി തെരഞ്ഞെടുക്കുക. മുതളാത്തിത്ത വ്യവസ്ഥിതി മതിയെങ്കില്‍ കണ്ണുമടച്ച് ആരെയും തെരഞ്ഞെടുക്കാം. നിങ്ങള്‍ വിരലമര്‍ത്തുന്ന വോട്ടിംഗ് മെഷീന്‍ ഒരു മഹത്തായ തീരുമാനത്തിന്റെ അവസാനത്തെ ഭാഗമാണ്. അവിടെ നിങ്ങള്‍ക്ക് തെറ്റിയാല്‍ നാടിന്റെ ആരോഗ്യത്തെ അത് എന്നെന്നേക്കുമായി ബാധിക്കും. സ്വയം തീരുമാനിക്കുക, നാട് ആര് ഭരിക്കണം എന്നത്. രാജ്യം സമാധാനത്തോടെ സന്തോഷത്തോടെ മുന്നോട്ടു കുതിക്കുമ്പോള്‍ നിങ്ങള്‍ക്കും അഭിമാനിക്കാം, ഞാന്‍ നല്‍കിയ വോട്ടിനു മൂല്യം കിട്ടി കൊണ്ടിരിക്കുന്നു എന്ന്. മറിച്ച് രാജ്യം അരാജകത്വത്തിലേക്കും തിന്മയിലേക്കും ജാതീയതയിലേക്കും വര്‍ഗീയതയിലേക്കും വലിച്ചെറിയപ്പെടുകയാണ് എങ്കില്‍ തീര്‍ച്ചയായും നിങ്ങളും അതിനായി പാത വെട്ടിത്തെളിച്ചയാളാണ് എന്ന് മനസ്സിലാക്കി അതിനുള്ള ശിക്ഷയും സ്വമനസ്സാലെ ഏറ്റു വാങ്ങുക. നല്ല ഭരണാധികാരികള്‍ ഭരിക്കുന്ന രാജ്യങ്ങളാണ് ഭൂമിയിലെ സ്വര്‍ഗ്ഗങ്ങള്‍.

ഫോണ്‍: 85 4748 4769, 79 0224 0332

Categories: FK Special, Slider
Tags: politician