സാമ്പത്തിക കണക്കുകള്‍ വസ്തുതാധിഷ്ഠിതമെന്ന് ധന മന്ത്രാലയം

സാമ്പത്തിക കണക്കുകള്‍ വസ്തുതാധിഷ്ഠിതമെന്ന് ധന മന്ത്രാലയം

സ്ഥിതിവിവര കണക്കുകള്‍ തിരുത്തുകയും പിടിച്ചു വെക്കുകയും ചെയ്യുന്നുണ്ടെന്ന ആരോപണം തള്ളി

ന്യൂഡെല്‍ഹി: സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ച സ്ഥിതിവിവര കണക്കുകളില്‍ രാഷ്ട്രീയ സ്വാധീനമുണ്ടെന്ന വിവാദങ്ങള്‍ക്ക് വിരാമമിടാനൊരുങ്ങി ധനകാര്യ മന്ത്രാലയം. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിവിവര കണക്കുകള്‍ സര്‍ക്കാര്‍ തിരുത്തുകയും പിടിച്ചു വെക്കുകയും ചെയ്യുന്നുണ്ടെന്ന ഒരു വിഭാഗം സാമ്പത്തിക വിദഗ്ധരുടെ ആരോപണങ്ങള്‍ തള്ളി കേന്ദ്ര സാമ്പത്തിക കാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് രംഗത്തെത്തി. സാമ്പത്തിക കണക്കുകളില്‍ യഥാസമയം തിരുത്തലുകള്‍ വരുത്തുന്നുണ്ടെന്നുള്ളത് സത്യമാണെന്നും എന്നാല്‍ നവീകരണം വസ്തുതകളെ അടിസ്ഥാനമാക്കിയാണ് നടത്തുന്നതെന്നും ഗാര്‍ഗ് വ്യക്തമാക്കി. ‘കണക്കുകള്‍ ഒരു പക്ഷേ ജനങ്ങളുടെ പ്രതീക്ഷക്കനുസരിച്ചുള്ളതായിക്കൊള്ളണമെന്നില്ല, എന്നാല്‍ അവ യഥാര്‍ത്ഥ വിവരങ്ങളെ അധിഷ്ഠിതമാക്കി തയാറാക്കിയിട്ടുള്ളതാണ്,’ അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍, തങ്ങളുടെ കുറവുകള്‍ വെളിച്ചത്തുകൊണ്ടുവരുന്ന കണക്കുകള്‍ കരുതികൂട്ടി മാറ്റിമറിക്കുകയോ പുറത്തുവിടാതെ തടഞ്ഞുവെക്കുകയോ ചെയ്യുകയാണെന്ന ആരോപണമാണ് വിവിധ ലോകരാജ്യങ്ങളില്‍ നിന്നുള്ള 108 സാമ്പത്തികശാസ്ത്രജ്ഞന്‍മാര്‍ കഴിഞ്ഞയാഴ്ച ആരോപിച്ചിരുന്നത്. പൊതുതെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഇത് രാഷ്ട്രീയ വിവാദമായി മാറിയിരുന്നു. മോദിയുടെ നേതൃത്വത്തിനു കീഴില്‍ രാജ്യം എക്കാലത്തെക്കാളും മികച്ച സാമ്പത്തിക വളര്‍ച്ച നേടിയെന്ന് സൂചിപ്പിക്കുന്ന ജിഡിപി കണക്കുകളെ ചോദ്യം ചെയ്യാന്‍ പ്രതിപക്ഷം ഈ റിപ്പോര്‍ട്ടിനെ ആയുധമാക്കുന്നതിനിടെയാണ് ധനകാര്യ സെക്രട്ടറിയുടെ പ്രതികരണം.

വിദേശ നിക്ഷേപകര്‍ക്ക് ഇന്ത്യയുടെ സാമ്പത്തിക പ്രകടനത്തില്‍ വലിയ പ്രതീക്ഷയുണ്ടെന്നും സുഭാഷ് ചന്ദ്ര ഗാര്‍ഗ് അഭിപ്രായപ്പെട്ടു. ഇന്ത്യയയുടെ ദീര്‍ഘകാല വളര്‍ച്ചാ സൂചികകള്‍ സുസ്ഥിരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy, Slider