എന്‍ജിനീയര്‍മാരുടെ നിലവാരം ഉയര്‍ന്നേ മതിയാകൂ

എന്‍ജിനീയര്‍മാരുടെ നിലവാരം ഉയര്‍ന്നേ മതിയാകൂ

ഇന്ത്യന്‍ എന്‍ജിനീയര്‍മാരുടെ തൊഴില്‍ക്ഷമതയില്‍ കാര്യമായ മാറ്റം വന്നെങ്കില്‍ മാത്രമേ കൃത്രിമ ബുദ്ധിയുടെ കാലത്ത് പിടിച്ച് നില്‍ക്കാന്‍ സാധിക്കൂ. അല്ലെങ്കില്‍ അപകടത്തിലാകുന്നത് ഇന്ത്യന്‍ ഗ്രോത്ത് സ്‌റ്റോറി കൂടിയായിരിക്കും

ഇന്ത്യന്‍ എന്‍ജിനീയര്‍മാരുടെ നൈപുണ്യക്ഷമതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഏറെ വര്‍ഷങ്ങളായി തുടരുന്നതാണ്. ഇപ്പോഴും അതില്‍ വലിയ മാറ്റമൊന്നുമില്ല. തൊഴില്‍ വൈദഗ്ധ്യത്തിന്റെ കാര്യത്തില്‍ സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട് താനും. വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥയിലേക്ക് വളരുന്ന ഇന്ത്യയിലെ 10 എന്‍ജിനീയര്‍മാരില്‍ 8 പേര്‍ക്കും തൊഴില്‍ വൈദഗ്ധ്യമില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട് പറയുന്നത്. ആസ്പയറിംഗ് മൈന്‍ഡ്‌സ് നാഷണല്‍ എംപ്ലോയബിലിറ്റി റിപ്പോര്‍ട്ടിലെ ഈ കണക്കുകള്‍ തീര്‍ച്ചയായും ആശങ്കപ്പെടുത്തുന്നതാണ്. അതിലുപരി ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വലിയ സമ്പദ് വ്യവസ്ഥയെന്ന് ഖ്യാതി നേടിയെ ഇന്ത്യക്ക് അപമാനഭാരവും നല്‍കുന്നു.

നല്ലൊരു ശതമാനം ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ക്കും കോഡിംഗ് സാധിക്കും. എന്നാല്‍ അത് കംപൈല്‍ ചെയ്യാന്‍ അറിയില്ല എന്നത് ഗൗരവത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. അതിവേഗത്തിലാണ് സാങ്കേതികലോകം വളരുന്നത്. കൃത്രിമ ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്)യുടെയും യന്ത്രപഠന(മഷീന്‍ ലേണിംഗ്)ത്തിന്റെയും ലോകത്ത് അവ വളരെ സ്പഷ്ടമായും കൃത്യതയോടെയും ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന അറിവ് പ്രായോഗിക തലത്തില്‍ നേടിയാല്‍ മാത്രമേ എന്‍ജിനീയര്‍മാര്‍ക്കും രാജ്യത്തിനും മുന്നേറാന്‍ സാധിക്കൂ.

ആഗോളതലത്തില്‍ ഇന്ത്യക്ക് മല്‍സരക്ഷമതയോടെ നിലനില്‍ക്കാന്‍ സാധിക്കണമെങ്കില്‍ പുതുതലമുറ നൈപുണ്യങ്ങള്‍ ആര്‍ജിച്ച എന്‍ജിനീയര്‍മാരാകണം നമ്മുടെ കാംപസുകളില്‍ നിന്നും പുറത്തിറങ്ങേണ്ടത്. ഡാറ്റ, മൊബീല്‍, ക്ലൗഡ് സങ്കേതങ്ങളിലും വൈദഗ്ധ്യം സിദ്ധിക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ കേവലം മൂന്ന് ശതമാനം എന്‍ജിനീയര്‍മാര്‍ക്ക് മാത്രമേ കൃത്രിമ ബുദ്ധി, ഡാറ്റ, മൊബീല്‍, ക്ലൗഡ് തുടങ്ങിയ സങ്കേതങ്ങളില്‍ നൈപുണ്യമുള്ളൂവെന്ന് മേല്‍പ്പറഞ്ഞ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

ഐഐടികളെ ഒഴിച്ചു നിര്‍ത്തിയാല്‍ സാധാരണ എന്‍ജിനീയറിംഗ് കോളെജുകളില്‍ നിന്ന് പഠിച്ചിറങ്ങുന്ന മിക്ക വിദ്യാര്‍ത്ഥികള്‍ക്കും തൊഴില്‍ വൈദഗ്ധ്യത്തില്‍ അത്ര വലിയ മികവ് പുലര്‍ത്താന്‍ സാധിക്കുന്നില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഇന്ത്യയിലെ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളേക്കാള്‍ എത്രയോ മികവും വൈദഗ്ധ്യവും ഉള്ളവരാണ് ചൈനയിലെയും റഷ്യയിലെയും എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ എന്നാണ് കുറച്ചുകാലം മുമ്പ് സ്റ്റാന്‍ഫോഡ് സര്‍വകലാശാലയും വേള്‍ഡ് ബാങ്കും നടത്തിയ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ പുറത്തിറങ്ങിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

കൂടുതല്‍ പ്രായോഗികതയില്‍ അധിഷ്ഠിതമായി ഇന്ത്യയിലെ എന്‍ജിനീയറിംഗ് വിദ്യാഭ്യാസത്തെ മാറ്റിയെടുക്കേണ്ടതുണ്ട്. പാഠ്യപദ്ധതികള്‍ക്കപ്പുറത്ത് വ്യവസായങ്ങള്‍ക്ക് വേണ്ട പ്രൊജക്റ്റുകളായിരിക്കണം അവര്‍ പരിശീലിക്കേണ്ടത്. അതല്ലെങ്കില്‍ ലോകം കുതിച്ചുപായുമ്പോള്‍ ഇന്ത്യന്‍ ഗ്രോത്ത് സ്‌റ്റോറിക്ക് കിതപ്പനുഭവപ്പെടും. വരുന്ന തെരഞ്ഞെടുപ്പിന് ശേഷം അധികാരമേറുന്നത് ഏത് സര്‍ക്കാരായാലും ഉന്നത വിദ്യാഭ്യാസരംഗത്ത് പുതിയ കാലത്തിന് അനുസരിച്ചുള്ള പ്രായോഗിക മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. എന്‍ജിനീയറിംഗ് വിദ്യാഭ്യാസത്തിന് പ്രത്യേക ഊന്നല്‍ തന്നെ നല്‍കേണ്ടത്. ഏതൊരു രാഷ്ട്രവും വികസിക്കുന്നത് എന്‍ജിനീയര്‍മാരുടെ വലിയ പങ്കോടെയാണ്. ആ ബോധ്യത്തില്‍ നയപരിപാടികള്‍ ആസൂത്രണം ചെയ്താല്‍ മാത്രമേ ഇന്ത്യക്ക് തിളങ്ങാന്‍ സാധിക്കൂ.

Categories: Editorial, Slider