2017-19 ല്‍ സൃഷ്ടിച്ചത് 76 ലക്ഷം തൊഴിലുകള്‍

2017-19 ല്‍ സൃഷ്ടിച്ചത് 76 ലക്ഷം തൊഴിലുകള്‍
  • 2019 ജനുവരിയിലേത് മാസത്തിനിടെയുള്ള ഉയര്‍ന്ന തൊഴില്‍ ലഭ്യത
  • 8,96,516 ആളുകള്‍ക്ക് ജനുവരിയില്‍ തൊഴില്‍ ലഭിച്ചെന്ന് ഇപിഎഫ്ഒ
  • 22-25 പ്രായപരിധിയിലുള്ള 2,44,232 യുവാക്കള്‍ ഇക്കാലയളവില്‍ ജോലിക്കാരായി

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഔദ്യോഗിക സാമ്പത്തിക മേഖലയില്‍ റെക്കോഡ് തൊഴില്‍ സൃഷ്ടിയാണ് കഴിഞ്ഞ ജനുവരി മാസം നടന്നതെന്ന് റിപ്പോര്‍ട്ട്. എംപ്ലോയ്‌മെന്റ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) പുറത്തുവിട്ട പേറോള്‍ ഡേറ്റയാണ് തൊഴില്‍ സൃഷ്ടിയുടെ വളര്‍ച്ച വ്യക്തമാക്കുന്നത്. 2019 ജനുവരിയില്‍ 8,96,516 പേര്‍ക്കാണ് പുതിയതായി തൊഴില്‍ ലഭിച്ചത്. 17 മാസത്തിനിടെയുള്ള ഏറ്റവും വലിയ തൊഴിലവസര സൃഷ്ടിയാണിത്. 22-25 പ്രായപരിധിയിലുള്ള യുവജനതക്കാണ് ഏറ്റവുമധികം പ്രയോജനം ലഭിച്ചത്. ഈ പ്രായപരിധിയിലുള്ള 2,44,232 യുവാക്കള്‍ക്ക് പുതിയതായി തൊഴിലുകള്‍ ലഭിച്ചു. 18-22 പ്രായപരിധിയിലുള്ള 2,24,309 പേരും പുതിയതായി ജോലിയില്‍ പ്രവേശിച്ചിട്ടുണ്ടെന്ന് ഇപിഎഫ്ഒയുടെ പേറോള്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2017 സെപ്റ്റംബര്‍ മുതല്‍ കഴിഞ്ഞ ജനുവരി വരെ 76 ലക്ഷം ആളുകള്‍ക്ക് തൊഴില്‍ നല്‍കിയെന്നും ഇപിഎഫ്ഒ വ്യക്തമാക്കുന്നു. താല്‍കാലിക ജീവനക്കാരുടെ വിവരങ്ങളും ഇപിഎഫ്ഒ കണക്കെടുപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ വര്‍ഷം മുഴുവന്‍ തുടര്‍ച്ചയായി ജോലി ചെയ്യുന്നവരായിരിക്കില്ല. 20 ഓ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ തൊഴിലാളികളെ പ്രോവിഡന്റ് ഫണ്ടില്‍ ചേര്‍ക്കേണ്ടതുണ്ട്. ഇതിനനുസരിച്ചുള്ള വിവരങ്ങളാണ് ഇപിഎഫ്ഒ പുറത്തു വിട്ടിരിക്കുന്നത്.

ഐടിയില്‍ മുന്നേറ്റം

തൊഴില്‍ മേഖലയില്‍ വന്‍ മുന്നേറ്റം നടത്തി ഐടി മേഖല. മോദി സര്‍ക്കാര്‍ അധികാരത്തിലേറി നാലര വര്‍ഷം കൊണ്ട് 8.73 ലക്ഷം ആളുകള്‍ക്ക് ഐടി മേഖലയില്‍ പുതിയതായി തൊഴില്‍ ലഭിച്ചെന്ന് നാസ്‌കോമിന്റെ (നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്‌വെയര്‍ ആന്‍ഡ് സര്‍വീസ് കമ്പനീസ്) റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നിലവില്‍ 41.40 ലക്ഷം ആളുകള്‍ക്ക് നേരിട്ടും 1.2 കോടി ആളുകള്‍ക്ക് പരോക്ഷമായും ഐടി മേഖല തൊഴില്‍ നല്‍കുന്നുണ്ടെന്നും നാസ്‌കോം ചൂണ്ടിക്കാട്ടുന്നു. 2014-15 ല്‍ 2.18 ലക്ഷം തൊഴിലുകളും 2015-16 ല്‍ 2.03 ലക്ഷം തൊഴിലുകളുമാണ് ഐടി വ്യവസായം സൃഷ്ടിച്ചത്. 2016-17 ല്‍ 1.75 ലക്ഷത്തിലേക്കും തൊട്ടടുത്ത വര്‍ഷം 1.05 ലക്ഷത്തിലേക്കും തൊഴില്‍ സൃഷ്ടി ഇടിഞ്ഞെങ്കിലും നടപ്പ് സാമ്പത്തിക വര്‍ഷം ഇത് 1.72 ലക്ഷത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്. തൊഴിലുകള്‍ ലഭ്യമാക്കുന്നതിനെ ചൊല്ലി മോദി സര്‍ക്കാരും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായിരിക്കെയാണ് ഇപിഎഫ്ഒ കണക്കുകള്‍ പുറത്തു വിട്ടിരിക്കുന്നത്. തൊഴില്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന പ്രതിപക്ഷ ആരോപണത്തിന്റെ മുന, ഈ കണക്കുകളിലൂടെ ഒടിക്കാമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

ഇപിഎഫ്ഒ കണക്ക്

കാലം    തൊഴില്‍ സൃഷ്ടി

2017 സെപ്റ്റംബര്‍ 1,76,541

2018 ജനുവരി 2,15,691

2018 ഏപ്രില്‍ 5,28,946

2018 സെപ്റ്റംബര്‍ 6,01,058

2018 ഡിസംബര്‍ 7,03,150

2019 ജനുവരി 8,96,516

Categories: FK News, Slider