അമേരിക്കയുടേത് ഉചിതമായ മുന്നറിയിപ്പ്

അമേരിക്കയുടേത് ഉചിതമായ മുന്നറിയിപ്പ്

ഭീകരതയ്‌ക്കെതിരെ നടപടി എടുക്കുന്നതുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനെതിരെ അമേരിക്ക നല്‍കിയ മുന്നറിയിപ്പ് സ്വാഗതാര്‍ഹമാണ്. ചൈനയ്ക്കും ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ട്

ഭീകരതയ്‌ക്കെതിരെ നടപടിയെടുക്കുന്നതില്‍ പലപ്പോഴും ലോകത്തെ പറ്റിക്കുന്ന തരത്തിലുള്ളതാണ് പാക്കിസ്ഥാന്റെ നിലപാട്. മറ്റ് രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ സമ്മര്‍ദമുണ്ടാകുമ്പോള്‍ ചില സംഘങ്ങള്‍ക്കെതിരെ നടപടിയെടുക്കും. കുറച്ച് കഴിഞ്ഞ് അത് നിര്‍ത്തിവെക്കും. പല ഭീകരനേതാക്കളും പാക്കിസ്ഥാനില്‍ സ്വസ്ഥതയോടെ വിഹരിക്കുകയും റാലികള്‍ നടത്തുകയും ചെയ്യാറുള്ളത് വാര്‍ത്താ തലകെട്ടുകളായി മാറുകയും ചെയ്യും.

ഇതിനെതിരെ അമേരിക്ക ഇപ്പോള്‍ നല്‍കിയ മുന്നറിയിപ്പ് ശ്രദ്ധേയമാണ്. പാക്കിസ്ഥാന്‍ സര്‍ക്കാര്‍ ഭീകരസംഘങ്ങള്‍ക്കെതിരെ ദീര്‍ഘകാലാടിസ്ഥാനത്തില്‍, പിന്‍വലിയല്‍ ഇല്ലാത്ത നടപടികള്‍ എടുക്കണമെന്നാണ് യുഎസ് ആവശ്യപ്പെട്ടിരിക്കുന്നത്. അത്തരം നീക്കങ്ങള്‍ക്ക് മാത്രമേ പ്രസക്തിയുള്ളൂ. ഇനിയൊരു ഭീകരാക്രമണം കൂടി ഇന്ത്യക്കെതിരെ ഉണ്ടായാല്‍ പ്രശ്‌നകലുഷിതമാകും കാര്യങ്ങളെന്നും യുഎസ് വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ പാക്കിസ്ഥാനാണ് ഇതെന്ന് അവകാശപ്പെടുന്ന ഇമ്രാന്‍ ഖാന് അത് ലോകത്തിന് ബോധ്യപ്പെടുത്തികൊടുക്കാനുള്ള ഏറ്റവും മികച്ച അവസരം കൂടിയാണ് ഇത്. അല്ലെങ്കില്‍ ഈ വിഷയത്തില്‍ പാക്കിസ്ഥാന്റെ ഇരട്ടത്താപ്പ് കൂടുതല്‍ പ്രകടമാകുകയും മറ്റ് രാജ്യങ്ങളില്‍ നിന്ന് കടുത്ത സമ്മര്‍ദം തുടരുകയും ചെയ്യുന്ന അവസ്ഥയുണ്ടാകും. സാമ്പത്തിക പുനരുജ്ജീവനത്തിന് ശ്രമിക്കുന്ന പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം വളരെ പ്രതികൂലമായ അന്തരീക്ഷമാകും ഇത് സൃഷ്ടിക്കുക.

മാത്രമല്ല, പാക്കിസ്ഥാന്‍ കേന്ദ്രമാക്കിയ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഉത്തരവാദിത്തപരമായ നിലപാട് സ്വീകരിക്കാന്‍ ചൈനയ്ക്കും ബാധ്യതയുണ്ട്. ഇന്ത്യയിലെ പല ഭീകരാക്രമണങ്ങള്‍ക്കും ചുക്കാന്‍ പിടിച്ച ജയ്ഷ് ഇ മുഹമ്മദ് സംഘടനയുടെ തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള യുഎന്‍ നീക്കത്തെ വീറ്റോ ചെയ്ത് പരാജയപ്പെടുത്തിയത് ചൈനയാണ്. അതും നാല് തവണ. ഇതിനെതിരെയും യുഎസ് പ്രസ്താവന ഇറക്കിയന്നെത് ശ്രദ്ധേയമാണ്.

ഭീകരതയുടെ കാര്യത്തില്‍ പാക്കിസ്ഥാനെ സംരക്ഷിക്കുന്ന നിലപാട് ചൈന സ്വീകരിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അങ്ങനെ ചെയ്യാതിരിക്കാനുള്ള ഉത്തരവാദിത്തം ചൈനയ്ക്കുണ്ടെന്നുമാണ് യുഎസ് സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയത്. പാക്കിസ്ഥാനെ സംരക്ഷിക്കാതിരിക്കുന്നതില്‍ ചൈനയ്ക്കും വലിയ ഉത്തരവാദിത്തമുണ്ട്. ഭീകരതയ്‌ക്കെതിരെ ശക്തമായ നടപടിയെടുക്കുന്നതിന് അവരുടെ മേല്‍ സമ്മര്‍ദം ചെലുത്തുകയാണ് ചൈന ചെയ്യേണ്ടത്. മേഖലയില്‍ സമാധാനം കൊണ്ടുവരുന്നതിന് അവര്‍ക്കും കുറേയധികം കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും-യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആദ്യമായല്ല ജയ്ഷ് ഇ മുഹമ്മദ് ഇന്ത്യക്കെതിരെ ആക്രമണം നടത്തുന്നതെന്നും ഇനിയും അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മടിക്കുന്നതില്‍ യുക്തിയില്ലെന്നുമാണ് യുഎസ് നിലപാട്.

ചൈന കൂടി ഇക്കാര്യത്തില്‍ ലോകത്തിനൊപ്പം നിന്നാല്‍ ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ നിര്‍ണായക മുന്നേറ്റമുണ്ടാക്കാന്‍ ലോകത്തിന് സാധിക്കുമെന്നതാണ് വാസ്തവം. എന്നാല്‍ തങ്ങളുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങളെ മുന്‍നിര്‍ത്തി അത്തരമൊരു നീക്കത്തിന് ചൈന ധൈര്യം കാണിക്കുമോയെന്നതാണ് അറിയേണ്ടത്. ഇതുവരെയുള്ള ചരിത്രം വെച്ചുനോക്കുമ്പോള്‍, തങ്ങളുടെ ആഗോള മോഹങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിന് ഇന്ത്യയെ എപ്പോഴും മുള്‍മുനയില്‍ നിര്‍ത്തുകയെന്ന സിദ്ധാന്തത്തിനാണ് ചൈന പ്രാധാന്യം നല്‍കുന്നത്. ലോകത്ത് കാര്യങ്ങള്‍ക്ക് മാറ്റം വരുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം മനസിലാക്കാന്‍ ബെയ്ജിംഗ് വൈകിപ്പോകുന്നുവെന്ന് വേണം കരുതാന്‍.

Categories: Editorial, Slider