അരുത്, ഇനിയും കൊല്ലരുത്

അരുത്, ഇനിയും കൊല്ലരുത്

രാഷ്ട്രീയ കൊലപാതകങ്ങള്‍ ഒരിടവേളക്ക് ശേഷം കേരളസമൂഹം ഏറെ ആശങ്കയോടെ ചര്‍ച്ചയാക്കുന്ന സമയമാണിത്. വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ അംഗങ്ങളായ നിരപരാധികള്‍ കൊലക്കത്തിക്കും കൊടുവാളുകള്‍ക്കും ഇരയായി പിടഞ്ഞു വീഴുമ്പോള്‍ നഷ്ടം സമൂഹത്തിനു കൂടിയാണ്. ആശയങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും ആത്മാവ് നഷ്ടപ്പെടുമ്പോഴാണ് കൊലപാതകങ്ങള്‍ പരിഹാരമായി ഉയരുന്നത്. ശത്രുവെന്ന് മുദ്രകുത്തി മനുഷ്യനെ ഇല്ലാതാക്കാനുള്ള മനോവികാരം വെളിവാക്കുന്നത് പരാജയപ്പെട്ട രാഷ്ട്രീയത്തെയാണ്. ഇനിയും അമ്മമാരുടെ വിലാപം കേരളത്തില്‍ ഉയരാതിരിക്കാന്‍ ഈ ഹിംസാഭ്രാന്തിന് അറുതി വരുത്തേണ്ടിയിരിക്കുന്നു

‘നാന്‍ പെറ്റമകനെ’ എന്ന നിലവിളിയുടെ അലകള്‍ നമ്മുടെ കാതുകളില്‍ നിന്ന് ഇനിയും വിട്ടുപോയിട്ടില്ല. ഇടുക്കിയിലെ ഒറ്റമുറി വീട്ടില്‍ ജീവിതം മുളപ്പിക്കുകയായിരുന്ന അഭിമന്യു എന്ന എസ്എഫ്‌ഐക്കാരന്റെ അമ്മയുടെ നിലവിളിയായിരുന്നു അത്. ആ വേദന കേരളം ഏറ്റെടുത്തപ്പോള്‍ ഇനിയൊരു രാഷ്ട്രീയ കൊലപാതകം കേരളത്തില്‍ സംഭവിക്കില്ല എന്ന് നമ്മള്‍ ആഗ്രഹിച്ചതാണ്. അതേ രീതിയില്‍ ഹൃദയം പൊട്ടിയുള്ള നിലവിളിയാണ് ഇപ്പോള്‍ കാസര്‍കോെട്ട പുല്ലൂര്‍ പഞ്ചായത്തിലെ കൃപേഷ് (21) ശരത്‌ലാല്‍ (27) എന്നിവരുടെ അമ്മമാരില്‍ നിന്നും ഉയരുന്നത്. നടുറോഡില്‍ രാഷ്ട്രീയ എതിരാളികളാല്‍ ഈ രണ്ട് യുവാക്കള്‍, യൂത്ത് കോണ്‍ഗ്രസുകാര്‍ നിഷ്ഠൂരമായി കൊല്ലപ്പെടുകയായിരുന്നു. നവോത്ഥാന കേരളത്തിന്റെ സ്വാസ്ഥ്യത്തിനേറ്റ കനത്ത പ്രഹരമാണ് ഈ രാഷ്ട്രീയ കൊലപാതകങ്ങള്‍. ഇത് കേരളത്തിലെ അവസാനത്തെ രാഷ്ട്രീയ കൊലപാതകമാകട്ടെ എന്നാഗ്രഹിക്കുകയാണ്. അരുത്, ഇനിയും കൊല്ലരുത്!

ഇടതുസര്‍ക്കാര്‍ ആയിരം ദിനങ്ങള്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് നടന്നത് 20 രാഷ്ട്രീയ കൊലപാതകങ്ങളാണ്. ഇതില്‍ പതിനാറിലും പ്രതിസ്ഥാനത്ത് ഭരണകക്ഷിയായ സിപിഎമ്മിന്റെ പ്രവര്‍ത്തകരാണ്. കൊല്ലപ്പെട്ടവരില്‍ 11 പേര്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍. 1,000 ദിവസത്തെ നേട്ടങ്ങള്‍ നിരത്തി ഇടതുസര്‍ക്കാര്‍ ആഘോഷങ്ങളിലേക്ക് കടക്കുമ്പോള്‍ സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ ഈ കണക്കുകള്‍ അതില്‍ കരിനിഴല്‍ വീഴ്ത്തുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് 36 രാഷ്ട്രീയ കൊലപാതകങ്ങളാണാണ് നടന്നത്. ഇത്തരം കൊലപാതകങ്ങളില്‍ എല്ലാ പാര്‍ട്ടികള്‍ക്കും വലുതോ ചെറുതോ ആയ ഉത്തരവാദിത്വമുണ്ട്. കൂടുതല്‍ ചുമതല കേരളത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയായ സിപിഎമ്മിനാണ്. ആ പാര്‍ട്ടി നേതൃത്വം കൊടുക്കുന്ന മുന്നണി ഭരിക്കുമ്പോള്‍, ആ പാര്‍ട്ടി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുമ്പോള്‍ ക്രമസമാധാന നില ഉറപ്പ് വരുത്താനുള്ള പ്രാഥമികമായ ഉത്തരവാദിത്തം ആ പാര്‍ട്ടിക്കു തന്നെയാണ്. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ഭരണഘടനാപരമായി ഉത്തരവാദിത്വമുള്ള സര്‍ക്കാരിന്റെ മുഖ്യ ഭരണകക്ഷി കൊലപാതകങ്ങളില്‍ പ്രതിസ്ഥാനത്ത് വരുന്നത് ഒട്ടും ആശാസ്യമല്ല.

അക്രമങ്ങളില്‍ പങ്കില്ലെന്ന കൈകഴുകല്‍ പ്രസ്താവനകള്‍ക്കും സമാധാന യോഗങ്ങളിലെ പ്രഖ്യാപനങ്ങള്‍ക്കുമപ്പുറം അക്രമികളെ സംഘടനാപരമായി തള്ളിപ്പറയാനും യഥാര്‍ത്ഥ പ്രതികളെ നിയമത്തിനു മുന്നിലെത്തിക്കാനും സിപിഎം നേതൃത്വം ആത്മാര്‍ത്ഥത കാണിക്കണം. കൊലക്കേസ് പ്രതികള്‍ക്ക് ജയിലിലും പുറത്തും സംരക്ഷണം കൊടുക്കില്ലെന്ന് കൂടി സിപിഎം ഉറപ്പുവരുത്തണം. പലപ്പോഴും സിപിഎം അംഗങ്ങളാണ് പ്രതിസ്ഥാനത്തെങ്കില്‍ അവരെ തള്ളിപ്പറഞ്ഞ്, പുറത്താക്കി ‘മുഖംരക്ഷിക്കല്‍’ തന്ത്രം പയറ്റുകയും രഹസ്യമായി വീട്ടുചെലവും നിയമസഹായവും നല്‍കി സഹായിക്കുകയും ചെയ്യുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. ഇത്തവണ പാര്‍ട്ടി സെക്രട്ടറി, കൊലപാതക രാഷ്ട്രീയം പാര്‍ട്ടിയുടെ നയമല്ലെന്നും നിയമസഹായം നല്‍കില്ലെന്നും കേസ് നടത്താനുള്ള പണം അവരവര്‍ കണ്ടെത്തണമെന്നും പറഞ്ഞിട്ടുണ്ട്. ”പാടത്തെ പണിക്ക് വരമ്പത്ത് കൂലി” എന്ന പ്രയോഗം ആലങ്കാരികം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. അവ ആത്മാര്‍ത്ഥതയുള്ളതാണെങ്കില്‍ നല്ലത്. അണികള്‍ അവ ഉള്‍ക്കൊള്ളെട്ട.

രാഷ്ട്രീയ കൊലപാതകങ്ങളില്‍ രക്തസാക്ഷിത്വം വഹിച്ച അണികള്‍ ഏറ്റവുമധികമുള്ളത് തങ്ങള്‍ക്കാണെന്നാണ് സിപിഎമ്മിന്റ അവകാശവാദം; 577 പേര്‍. തൃശ്ശൂരില്‍ പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തില്‍ ഇവരുടെ ഓര്‍മ്മയ്ക്കായി 577 ദീപങ്ങള്‍ തെളിച്ചിരുന്നു. അന്ന് സമ്മേളനത്തില്‍ പങ്കെടുത്ത ഒരു പ്രതിനിധി എഴുത്തച്ഛന്റെ ഗാന്ധാരി വിലാപം ആലപിച്ച് മനുഷ്യനെ കാലപുരിക്ക് അയക്കുന്ന ദുരവസ്ഥയിലേക്ക് വിരല്‍ ചൂണ്ടിയിരുന്നു. ”കൊല്ലിക്കയത്രേ നിനക്കു രസമെടോ…” എവസാനിക്കുന്ന ആ വരികള്‍ നേതൃത്വത്തിന് നേരെയായിരുന്നു വിരല്‍ ചൂണ്ടിയത്. കൊല്ലപ്പെടുവര്‍ എന്നും വെറും സാധാരണക്കാരാണ്. നേതാക്കളോ അവരുടെ മക്കളോ എന്നും സുരക്ഷിത അകലങ്ങളിലാണ്. അവര്‍ സാധാരണ നിലയ്ക്ക് കൊല്ലാനോ മരിക്കാനോ പോകുന്നില്ല എന്ന സത്യത്തിലേക്ക് അണികള്‍ കണ്ണുതുറക്കണം. അക്രമത്തിന്റെയും കൊലപാതകത്തിന്റെയും വഴിക്കു തിരിയുന്ന സ്വന്തം കക്ഷിക്കെതിരെ സംസാരിക്കുവാന്‍ അനുയായികള്‍ തയ്യാറാവണം.

ആശയങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും ആത്മാവ് നഷ്ടപ്പെടുമ്പോഴാണ് കൊലപാതകങ്ങള്‍ പരിഹാരമായി ഉയരുന്നത്. ലജ്ജാകരമായ ഭീരുത്വത്തിന്റെ വികൃതമായ മുഖമാണിത്. ശത്രുവെന്ന് മുദ്രകുത്തി മനുഷ്യനെ ഇല്ലാതാക്കാനുള്ള മനോവികാരം വെളിവാക്കുന്നത് പരാജയപ്പെട്ട രാഷ്ട്രീയത്തിന്റെ പ്രാകൃതമായ കോമ്പല്ലുകളെയാണ്. ഉന്മൂലനം ഒന്നിനും പരിഹാരമല്ലെന്ന് നക്‌സലൈറ്റുകള്‍ക്ക് പോലും ബോധ്യമായിട്ടുണ്ട്. കൊലപാതക രാഷ്ട്രീയം നടത്തിയവര്‍ക്കെല്ലാം തിരിച്ചടികള്‍ സംഭവിക്കുന്നുണ്ട്. വെറുപ്പിന്റെ പ്രത്യയശാസ്ത്രങ്ങളില്‍ നിന്നും കൊലക്കത്തികളില്‍ നിന്നും കേരളം മോചനം ആഗ്രഹിക്കുന്നു. കാരുണ്യവും സമാധാനവും ആത്മാവായിരിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനം കാലം ആവശ്യപ്പെടുന്നു. അതുകൊണ്ട് നമുക്ക് ഈ ഹിംസാഭ്രാന്തിന് അറുതി വരുത്താം. ഇനിയൊരു കൊലകൂടി കേരളത്തില്‍ സംഭവിക്കാതിരിക്കട്ടെ.

Categories: FK Special, Slider