അഗ്നിചിറകുള്ള ചിത്രശലഭം

അഗ്നിചിറകുള്ള ചിത്രശലഭം

ചിറകുകളില്ലെങ്കിലും പറന്നു നടക്കുന്ന ചിത്രശലഭം. അമേരിക്കയിലെ അരിസോണ സ്വദേശിനിയായ ജെസീക്ക കോക്‌സിനെ വിശേഷിപ്പിക്കാന്‍ ഇതിലും മികച്ചൊരു വിശേഷണമുണ്ടാകില്ല. പരിമിതികളുടെ പേരില്‍ മുനിയറകളിലേക്കെന്നപോലെ ചുരുങ്ങുന്ന മനുഷ്യര്‍ക്ക് മുന്നില്‍ തളരാത്ത ആത്മവിശ്വാസത്തിന്റെ ഉദാത്ത മാതൃകയാണ് 36 കാരിയായ ജെസീക്ക. ജന്മനാ ഇരുകൈകളുമില്ലാതെ ജനിച്ച ജെസീക്ക ഇന്ന് ആകാശത്തിലൂടെ പറക്കുന്നു. ഇരുകൈകളുമില്ലാത്ത ലോകത്തിലെ ആദ്യത്തെ പൈലറ്റാണ് ഈ മിടുക്കി. കാലുകള്‍ കൊണ്ട് 89 മണിക്കൂറിലേറെ വിമാനം പറത്തി റെക്കോര്‍ഡ് സൃഷ്ടിച്ചപ്പോള്‍ ലോകം തന്നെ അവള്‍ക്ക് മുന്നില്‍ തലകുനിച്ചു. തന്റെ കുറവുകളെ ഓര്‍ത്ത് വേദനിക്കാതെ നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ട് പോകുന്നവര്‍ക്കൊപ്പമാണ് ജീവിത വിജയം എന്ന് തെളിയിക്കുകയാണ് ജെസീക്ക കോക്‌സ്

പരിമിതികളെ പറ്റി ചിന്തിക്കാതെ, പരിധിയില്ലാതെ സ്വപ്‌നം കാണുകയും ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുന്നതിനായി പരിശ്രമിക്കുകയും ചെയ്യുന്നവര്‍ക്കൊപ്പമാണ് എന്നും ജീവിതത്തിന്റെ വിജയമിരിക്കുന്നത്. ഹെലന്‍ കെല്ലര്‍ മുതല്‍ നിക്ക് വിജുവിസിക് വരെ നീളുന്ന വിധിയെ തോല്‍പ്പിച്ച മനുഷ്യരുടെയെല്ലാം കഥ വ്യക്തമാക്കുന്നത് ഇത് തന്നെയാണ്. തന്റെ കുറവുകളെ പറ്റി ചിന്തിക്കാതെ ഹെലന്റെയും നിക്കിന്റെയും മാതൃക പിന്തുടര്‍ന്ന് വിജയം കൈവരിക്കാന്‍ ആഗ്രഹിച്ച, അതിനായി പ്രവര്‍ത്തിച്ച വ്യക്തിയാണ് അമേരിക്കയിലെ അരിസോണയില്‍ ജനിച്ച ജെസീക്ക കോക്‌സ്. ജന്മനാ ഇരുകൈകളുമില്ലാതെ ജനിച്ച ജെസീക്ക ജീവിതത്തില്‍ ഒരിക്കല്‍ പോലും താന്‍ അപൂര്‍ണയാണ് എന്ന് ചിന്തിച്ചിട്ടില്ല. ഇരുകൈകളുമുള്ള ഏതൊരു വ്യക്തിക്കും ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ തനിക്കും സാധിക്കുമെന്ന് ജെസീക്ക തെളിയിച്ചു. ജെസീക്കയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഇല്ലാത്ത രണ്ടു കൈകളുടെ കൂടി ബലം ദൈവം കാലുകള്‍ക്ക് നല്‍കി.

ഏറെ സന്തോഷം നിറഞ്ഞ കുടുംബത്തിലേക്ക് വിഷമത്തിന്റെ കണികകള്‍ സമ്മാനിച്ചുകൊണ്ടായിരുന്നു 1983 ല്‍ ജെസീക്കയുടെ ജനനം. ഫിലിപ്പൈന്‍ വംശജരായ വില്യം കോക്‌സ്, ഐനെസ കോക്‌സ് ദമ്പതികള്‍ക്ക് രണ്ടാമത്തെ കുട്ടിയായിട്ടാണ് ജെസീക്ക ജനിക്കുന്നത്. മൂത്തകുട്ടി പൂര്‍ണ ആരോഗ്യവാനായിരുന്നു. ഗര്‍ഭാവസ്ഥയില്‍ ഒന്നും തന്നെ യാതൊരുവിധ ശാരീരിക അസ്വസ്ഥതകളും ജെസീക്കയുടെ അമ്മക്ക് അനുഭവപ്പെട്ടിരുന്നില്ല. മാത്രമല്ല, കൃത്യമായ സമയത്ത് നടത്തേണ്ട വൈദ്യ പരിശോധനകള്‍ എല്ലാം നടത്തിയ ശേഷമായിരുന്നു ജെസീക്കയുടെ ജനനം. കുട്ടിക്കു യാതൊരു കുഴപ്പവുമില്ല എന്ന് പറഞ്ഞിരുന്ന ഡോക്റ്റര്‍മാര്‍ പ്രസവിച്ചു വീണ കുട്ടിയെ കണ്ട് ഞെട്ടി. ഇരു കൈകാലുമില്ലാത്ത ഒരു പെണ്‍കുഞ്ഞു. കാത്തിരുന്നു ജനിച്ച മകള്‍ക്ക് കൈകള്‍ ഇല്ല എന്ന വസ്തുത മാതാപിതാക്കള്‍ക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. കുഞ്ഞിന്റെ അവസ്ഥയറിയഞ്ഞ മാതാപിതാക്കള്‍ സ്വാഭാവികമായും തളര്‍ന്നു. എന്നാല്‍ തങ്ങളുടെ മകള്‍ മറ്റുള്ളവര്‍ക്ക് ഒരു ബാധ്യതയായി മാറരുത് എന്നും അവള്‍ ഭിന്നശേഷിക്കാരായ മറ്റുള്ളവര്‍ക്ക് ഒരു മാതൃകയാകണമെന്നും ആ മാതാപിതാക്കള്‍ ആഗ്രഹിച്ചു. ജെസീക്കയുടെ മാതാപിതാക്കളുടെ ആ നിശ്ചയദാര്‍ഢ്യത്തില്‍ നിന്നുമാണ് , കരുത്തുറ്റ ഫീനിക്‌സ് പക്ഷിയായി ജെസീക്ക പറക്കാന്‍ തുടങ്ങിയത്.

മാതാപിതാക്കള്‍ തങ്ങളുടെ മകളെ മൂത്ത കുട്ടിയേക്കാള്‍ ശ്രദ്ധയോടെ വളര്‍ത്തി. കൈകള്‍ ഇല്ല എന്നത് കുറവായി ഒരിക്കലും തോന്നാതിരിക്കാന്‍ കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് പ്രവര്‍ത്തിച്ചു. അതിനാല്‍ തന്നെ എല്ലാ കുട്ടികളേയും പോലെ അവളും കളിച്ചു ചിരിച്ചു വളര്‍ന്നു. സാധാരണ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ തന്നെ അവളെ പഠിക്കാന്‍ ചേര്‍ത്തു. അത് അങ്ങനെ തന്നെ ആയിരിക്കണമെന്നത് ജെസീക്കയുടെ പിതാവിന്റെ ആഗ്രഹമായിരുന്നു. കഌസിലെ മറ്റുകുട്ടികള്‍ കൈകള്‍കൊണ്ട് നോട്ട് പുസ്തകത്തില്‍ എഴുതിയപ്പോള്‍ ജെസീക്ക കാലുകൊണ്ട് എഴുതി. മറ്റു കുട്ടികളുടെ കൈയ്യക്ഷരത്തെക്കാള്‍ മനോഹരം ജെസീക്ക കാലുകൊണ്ട് എഴുതിയ അക്ഷരങ്ങളായിരുന്നു എന്ന് അവളുടെ അധ്യാപകര്‍ തന്നെ പറഞ്ഞിട്ടുണ്ട്. അങ്ങനെ വളരെ ചെറുപ്പത്തില്‍ തന്നെ ജെസീക്ക ആത്മവിശ്വാസം ഏറെയുള്ള ഒരു കുട്ടിയായി. ‘രണ്ടു കൈകള്‍ ഇല്ലെങ്കിലെന്ത്.. എനിക്ക് നല്ല രണ്ടു കാലുകളില്ലേ ?’ എന്നായിരുന്നു കുഞ്ഞു ജെസ്സിക്കയുടെ നിലപാട്. ആ നിലപാട് തന്നെയായിരുന്നു പിന്നീടുള്ള ജീവിതത്തില്‍ അവളുടെ കരുത്തും.

പുസ്തകങ്ങള്‍ ബാഗില്‍ വയ്ക്കുക, വരക്കുക, എഴുതുക, പാചകം ചെയ്യുക, ഭക്ഷണം കഴിക്കുക തുടങ്ങി ഒരു വ്യക്തി കൈകള്‍ കൊണ്ട് ചെയ്യുന്ന ഏതൊരു കാര്യവും ജെസീക്ക അനായാസം കാലുകള്‍ കൊണ്ട് ചെയ്തു. മകളുടെ കാല്‍ വിരലുകളുടെ അനായാസ ചലനശേഷി മാതാപിതാക്കളെയും അത്ഭുതപ്പെടുത്തി. പഠിച്ചിരുന്ന വിദ്യാലയത്തിലും ജെസീക്ക ഒരു അത്ഭുതക്കുട്ടിയായിരുന്നു. പഠനത്തിലും മിടുക്കി. മാത്രമല്ല അസാമാന്യ ചിന്ത ശക്തിയും വളരെ ചെറിയ പ്രായത്തില്‍ തന്നെ ജെസീക്ക പ്രകടമാക്കിയിരുന്നു. അതിനാല്‍ തന്നെ കുഞ്ഞു ജെസീക്ക അധ്യാപകരുടെയും പ്രിയപ്പെട്ട വിദ്യാര്‍ത്ഥിയായി മാറി. ഒരിക്കല്‍ സ്‌കൂളില്‍ ആനിവേഴ്‌സറി പരിപാടികള്‍ നടക്കുമ്പോള്‍ ‘ഞാന്‍ നൃത്തംചെയ്യാന്‍ വരുന്നില്ല.. എല്ലാവരും നന്നായി നൃത്തം ചെയ്യുമ്പോള്‍ ഞാന്‍ കാരണം നമ്മുടെ നൃത്ത മത്സരം മോശമാവരുത്’ എന്ന് പറഞ്ഞു മാറി നിന്ന ജെസീക്കയെ അധ്യാപിക സ്‌നേഹത്തോടെ ചേര്‍ത്തു പിടിച്ചു. ‘നീ നൃത്തം ചെയ്യും അതും ഏറ്റവും മുന്‍പില്‍ നിന്ന് കൊണ്ട്’ എന്ന് പറഞ്ഞ് സ്റ്റേജിന്റെ മുന്‍നിരയിലേക്ക് ജെസീക്കയെ നടത്തിയ ആ അധ്യാപിക ജെസീക്കയുടെ ജീവിതത്തില്‍ പില്‍ക്കാലത്ത് ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ വ്യക്തികളില്‍ ഒരാളാണ്.

അല്‍പം പേടിയോടെയാണ് അന്ന് ജെസീക്ക സ്റ്റേജിന്റെ മുന്‍നിരയിലേക്ക് പോയതും നൃത്തം ചെയ്തതും. എല്ലാവരും തന്നെ കളിയാക്കും എന്ന ഭയം എവിടെയോ ആ കുഞ്ഞു മനസ്സില്‍ ഉണ്ടായിരുന്നു.എന്നാല്‍ തന്റെ പോരായ്മകള്‍ മറന്നു ജെസീക്ക നൃത്തം ചെയ്യുമ്പോള്‍ എല്ലാവരുടെയും കണ്ണുകള്‍ ആ ബാലികയില്‍ മാത്രം ആയിരുന്നു. നൃത്തം കഴിഞ്ഞപ്പോള്‍ സദസ്സ് ഒന്നാകെ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. പിന്നീട് ആളുകള്‍ ഓരോരുത്തരായി സ്റ്റേജിലേക്ക് കയറി ജെസീക്കയെ വാരിപ്പുണര്‍ന്നു. ആ സംഭവം ജെസീക്കയുടെ ആത്മവിശ്വാസം പതിന്മടങ്ങാക്കിമാറ്റി. പിന്നീടൊരിക്കലും തനിക്ക് കൈകളില്ല എന്നതൊരു കുറവായി ജെസീക്ക അംഗീകരിച്ചിട്ടില്ല.

കൃത്രിമ ചിറക് വലിച്ചെറിഞ്ഞ പൂമ്പാറ്റ

പത്തു വയസുവരെ തന്റെ മകള്‍ കൈകള്‍ ഇല്ല എന്ന പോരായ്മയോട് എങ്ങനെ പൊരുത്തപ്പെടും എന്ന വേദന മാതാപിതാക്കള്‍ക്ക് ഉണ്ടായിരുന്നു. കഌസിലെ മറ്റുകുട്ടികള്‍ അവളെ കളിയാക്കുമോ എന്ന ചിന്തയില്‍ അവര്‍ ജെസീക്കയ്ക്ക് രണ്ടു കൃത്രിമകൈകള്‍ പിടിപ്പിച്ചു നല്‍കിയിരുന്നു. എന്നാല്‍ സ്വയം ചിന്തിക്കുന്ന പ്രായമായതോടെ നിര്‍ജീവമായ ആ കൈകള്‍ തനിക്ക് ബാധ്യതയാണ് എന്ന് ജെസീക്ക കോക്‌സ് തിരിച്ചറിഞ്ഞു. അതോടെ തന്റെ കൃത്രിമകൈകള്‍ അവള്‍ എന്നെന്നേക്കുമായി ഉപേക്ഷിച്ചു. പത്താം വയസ്സ് മുതല്‍ ജെസീക്ക ശ്രദ്ധ പതിപ്പിച്ചത് ആയോധനകലകള്‍ പഠിക്കുന്നതില്‍ ആയിരുന്നു. ഇരുകൈകളുമില്ലാതെ കരാട്ടെ പഠിക്കാനെത്തിയ പെണ്‍കുട്ടിയുടെ ആത്മവിശ്വാസം കണ്ട് മാസ്റ്റര്‍ പോലും ഒന്ന് അത്ഭുതപ്പെട്ടു. കരാട്ടെ പഠനം കൈകള്‍ ഇല്ലാതെ അസാധ്യമാണെന്ന് മാസ്റ്റര്‍ പറഞ്ഞപ്പോള്‍, വിഷമിച്ചിരിക്കാതെ കരാട്ടെക്ക് സമാനാമായ കൊറിയന്‍ ആയോധന കലയായ തായ്‌കോണ്ടോ അഭ്യസിച്ച് പതിന്നാലാം വയസില്‍ ബ്ലാക്ക് ജെസീക്ക ബ്ലാക്ക് ബെല്‍റ്റ് നേടി. ഈ നേട്ടം കൈവരിക്കുന്ന കൈകള്‍ ഇല്ലാത്ത ആദ്യ വ്യക്തി എന്ന ബഹുമതിയാണ് അതിലൂടെ ഈ മിടുക്കി സ്വന്തമാക്കിയത്.

പഠനത്തിലും ഒട്ടും പിന്നോട്ട് പോകാന്‍ ജെസീക്ക കോക്‌സ് തയ്യാറാല്ലയിരുന്നു. ഹൈസ്‌കൂള്‍ പഠനം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം ജെസീക്ക മനശാസ്ത്രത്തില്‍ ബിരുദം എടുത്തു. ബിരുദ പഠന സമയത്തും ജെസീക്ക തന്റെ ആയോധനകലാ പരിശീലനം തുടര്‍ന്നു. ബിരുദാനന്തര ബിരുദത്തിനു പഠിക്കുമ്പോള്‍ തന്നെ തന്റെ ജീവിതത്തെയും നേട്ടങ്ങളെയും മുന്‍നിര്‍ത്തി മോട്ടിവേഷണല്‍ കഌസുകള്‍ നടത്തി മറ്റുള്ളവര്‍ക്ക് പ്രചോദനമാകാനും ജെസീക്കക്ക് കഴിഞ്ഞു.

കഴിവുകള്‍ ഓരോന്നായി മിനുക്കിയെടുക്കുന്നു

ഇരുമ്പ് ചിത്രശലഭം എന്നാണ് സമീപവാസികള്‍ ജെസീക്കയെ വിളിച്ചിരുന്നത്. പോകുന്ന സ്ഥലത്തെല്ലാം ഒരു ചിത്ര ശലഭത്തിന്റേതായ നൈര്‍മല്യം പരത്തിയിരുന്ന ജെസീക്കയെ തളര്‍ത്താന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല.ആയോധനകല പരിശീലനത്തിന് പുറമെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവള്‍ തന്റെ കഴിവുകള്‍ മിനുക്കിയെടുത്തുകൊണ്ടിരുന്നു. ഡ്രൈവിംഗ്, സ്വിമ്മിംഗ്, ഡാന്‍സിംഗ്,സര്‍ഫിംഗ് , കീബോര്‍ഡ്, പിയാനോ, അങ്ങനെ പല മേഖലകളിലും അവള്‍ കഴിവ് തെളിയിച്ചു. എന്തിനേറെപ്പറയുന്നു വളരെ അനായാസം കമ്പ്യൂട്ടര്‍ കൈകാര്യം ചെയ്യുന്ന കാര്യത്തിലും ജെസീക്ക തന്റെ മിടുക്ക് തെളിയിച്ചു. ഒരു മിനിറ്റില്‍ 25 വാക്ക് ടൈപ്പ് ചെയ്യാന്‍ കഴിയുമായിരുന്നു ജെസീക്കയ്ക്ക്. ഭൂമിയില്‍ തനിക്ക് ചെയ്യാന്‍ പറ്റുന്ന സാഹസങ്ങളൊക്കെ പൂര്‍ത്തിയാക്കിയതോടെ വെള്ളത്തോടായി ജെസീക്കയുടെ ഭ്രമം. സ്‌കൂബാ ഡൈവിംഗ് പഠിക്കുക എന്നതായിരുന്നു ആഗ്രഹം. എതിര്‍ക്കാന്‍ ആരും ഉണ്ടായിരുന്നില്ല. കൂട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ജെസീക്കയുടെ നിശ്ചയദാര്‍ഢ്യത്തില്‍ അത്രക്ക് വിശ്വാസമായിരുന്നു. അങ്ങനെ അംഗീകൃത സ്‌കൂബാ ഡൈവിംഗ് ഇന്‍സ്ട്രക്റ്റര്‍ കൂടിയാകാന്‍ ജെസീക്കയ്ക്ക് കഴിഞ്ഞു.

സ്വപ്‌നങ്ങള്‍ക്ക് ചിറക് മുളക്കുന്നു

തന്റെ ജീവിതം ഇവിടെ തീരുന്നില്ല എന്നും തന്റെ സ്വപ്‌നങ്ങള്‍ക്ക് അതിര്‍ത്തിയില്ല എന്നും ജെസീക്ക മനസിലാക്കിയത് 2005 ല്‍ ആയിരുന്നു. ഒരു പൈലറ്റ് ആകുക എന്ന മോഹം ജെസീക്കയുടെ മനസിലേക്ക് വന്നത് അപ്പോഴാണ്. അമേരിക്കയിലെ ടക്‌സണ്‍ പ്രദേശത്ത് നടന്ന ഒരു റോട്ടറി കഌബ്ബ് യോഗത്തില്‍ ജെസീക്ക തന്റെ ജീവിതത്തെ ആസ്പദമാക്കി പ്രസംഗിക്കുന്നത് ഒരു കേണല്‍ കേട്ടു. റൈറ്റ് ഫ്‌ളൈറ്റ് ഇങ്ക് എന്ന സന്നദ്ധ സംഘടനയുടെ ഡയറക്ടറായിരുന്നു റോബിന്‍ സ്റ്റോഡാര്‍ (Robin Stoddard) എന്ന ആ കേണല്‍.ജെസീക്കയുടെ വ്യക്തിത്വത്തിലും കാഴ്ചപ്പാടുകളിലും ഏറെ സന്തോഷം തോന്നിയ കേണല്‍ ‘നിങ്ങള്‍ക്ക് എന്തു കൊണ്ടൊരു വിമാനം പറപ്പിച്ചു കൂടാ ?’ എന്ന് ചോദിച്ചു. തന്റെ ജീവിതത്തില്‍ താന്‍ ഏറ്റവും ഭയക്കുന്ന ഒന്നാണ് ആതെന്നായിരുന്നു ജെസീക്കയുടെ ആദ്യ മറുപടി. എന്നാല്‍ ആ കൂടിക്കാഴ്ചക്ക് ശേഷം ജെസീക്ക ആ ചോദ്യത്തെപ്പറ്റി കൂടുതല്‍ ചിന്തിക്കുകയും അതൊരു വെല്ലുവിളിയായി ഏറ്റെടുക്കാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ ഇതുവരെ നേടിയ നേട്ടങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും ശ്രമകരമായ ഒന്നാണ് ഇതെന്ന ബോധ്യം ജെസീക്കയ്ക്ക് ഉണ്ടായിരുന്നു. എന്നാല്‍ ഇവിടെയും ദൃഢനിശ്ചയവും ആത്മവിശ്വാസവും ജെസീക്കയ്ക്ക് കൂട്ടായി.

ജെസീക്ക 2005ല്‍ തന്നെ പൈലറ്റ് പരിശീലനം ആരംഭിച്ചു. എല്ലാവരും കൈകള്‍ കൊണ്ട് വിമാനത്തിന്റെ സ്വിച്ചുകള്‍ ഓപ്പറേറ്റ് ചെയ്തപ്പോള്‍ ജെസീക്ക കാല്‍ വിരലുകള്‍ കൊണ്ടാണത് ചെയ്തത്. ഒപ്പം ചേര്‍ന്നവരൊക്കെ ആറുമാസം കൊണ്ട് ലൈസന്‍സ് കരസ്ഥമാക്കി. രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ജെസീക്കയ്ക്ക് ലൈസന്‍സ് ലഭിച്ചില്ല. എന്നാല്‍ വിട്ടുകൊടുക്കാന്‍ ജെസീക്ക തയ്യാറാല്ലയിരുന്നു. പൈലറ്റ് ലൈസന്‍സ് എന്ന സ്വപ്‌നം പൂര്‍ത്തിയാക്കാന്‍ ജെസ്സീക്കയ്ക്ക് മൂന്നര വര്‍ഷം വേണ്ടി വന്നു. അതും മൂന്നു ഇന്‍സ്ട്രക്ടര്‍മാരുടെ കീഴിലാണ് പരിശീലനം പൂര്‍ത്തിയാക്കിയത്.

ആദ്യമൊക്കെ ജെസ്സിക്കയ്ക്ക് ഫ്‌ളൈറ്റിന്റെ കണ്ട്രോള്‍ ഏല്‍പ്പിക്കുമ്പോള്‍ ഇന്‍സ്ട്രക്റ്റര്‍മാര്‍ക്ക് ചെറിയ ഭീതി ഉണ്ടായിരുന്നെങ്കിലും കാലാന്തരത്തില്‍ ഏറ്റവും ആത്മവിശ്വാസത്തോടെ ഫ്‌ളൈറ്റ് ഏല്‍പ്പിക്കാന്‍ കഴിയുന്ന ഒരു വ്യക്തിയായി ജെസീക്ക മാറി. നീണ്ട മൂന്നര വര്‍ഷത്തെ പരിശീലനത്തിന് ശേഷം അവള്‍ വിമാനം പറപ്പിക്കുന്നത് കണ്ട മറ്റു വൈമാനികള്‍ ‘അവിശ്വസനീയം’ എന്നാണ് ആ നിമിഷത്തെ വിശേഷിപ്പിച്ചത്. 2008 ലെ ലൈറ്റ് വെയിറ്റ് എയര്‍ ക്രാഫ്റ്റ് ലൈസന്‍സ് നേടിയ ജെസ്സിക്ക ഗിന്നസ് ബുക്കിലും ഇടം നേടി. ഇരുകൈകളുമില്ലതെ 89 മണിക്കൂര്‍ നേരമാണ് ജെസീക്ക കോക്‌സ് വിമാനം പറത്തിയത്. ഇതുമായി ബന്ധപ്പെട്ട പരീക്ഷകളും നല്ല മാര്‍ക്കോടെ എഴുതിയെടുക്കാന്‍ ജെസീക്കക്കായി.

മനശാസ്ത്രത്തില്‍ ബിരുദം നേടിയിരുന്ന ജെസ്സിക്ക പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് മനശാസ്ത്ര കഌസുകള്‍ എടുത്തു തുടങ്ങി. പിന്നീട് അത് പ്രൊഫഷന്‍ ആക്കി മാറ്റുകയായിരുന്നു. ഇന്ന് അമേരിക്കന്‍ മിലിട്ടറിക്കും എയര്‍ക്രാഫ്റ്റ് ഓണേഴ്‌സ് ആന്‍ഡ് പൈലറ്റ് അസ്സോസ്സിയേഷനും വരെ ക്ലാസ്സുകള്‍ എടുക്കുന്നുണ്ട് ജെസീക്ക. ഒട്ടുമിക്ക ലോക രാജ്യങ്ങളിലും പ്രചോദന പ്രാസംഗികയായിപോയിട്ടുള്ള ജെസീക്ക തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ശക്തി മാതാപിതാക്കളും അധ്യാപകരുമാണെന്ന് പറയുന്നു. തളര്‍ന്നു പോകേണ്ട നിരവധി സാഹചര്യങ്ങളെ സമചിത്തതയോടെ മറികടക്കാന്‍ സഹായിച്ചതവരാണെന്ന് ജെസീക്ക പറയുന്നു. ഇരുകൈകളുമില്ലാത്ത ഒരു പെണ്‍കുട്ടിയെ ആയോധനകലയായ തായ്‌ക്കോണ്ട പഠിപ്പിക്കാന്‍ മുന്നോട്ട് വന്ന ഇന്‍സ്ട്രക്റ്റര്‍ പാട്രിക് തന്നെയാണ് ജെസീക്കയുടെ ജീവിതപങ്കാളിയായത്. പരിധിയില്ലാതെ ആഗ്രഹിക്കാനും അതിനായി പോരാടാനും മനസുള്ളവര്‍ക്ക് മുന്നില്‍ ശാരീരികമായ പോരായ്മകള്‍ ഒന്നും ഒരു തടസ്സമല്ലെന്ന് തെളിയിക്കുകയാണ് ഈ ഫീനിക്‌സ് പക്ഷി.

Categories: FK Special, Slider
Tags: Jessica Cox