ഇന്ത്യന്‍ പാരമ്പര്യവും ആധുനിക പഠനരീതിയും ഒത്തുചേരുന്ന ഇടം

ഇന്ത്യന്‍ പാരമ്പര്യവും ആധുനിക പഠനരീതിയും ഒത്തുചേരുന്ന ഇടം

സര്‍വ്വകലാശാലകളിലും കോളെജുകളിലും ഇന്ന് സ്വീകരിച്ചു വരുന്ന വിദ്യാഭ്യാസരീതി ബ്രിട്ടീഷുകാരുടെ സമ്പ്രദായമാണ്. പരമ്പരാഗത പഠനരീതി നടത്തുന്ന സര്‍വ്വകലാശാലകളും കോളെജുകളും ഇന്ത്യയില്‍ വിരളമാണ്. എന്നാല്‍, പാരമ്പര്യരീതിയിലുള്ള പഠനം പ്രോത്സാഹിപ്പിക്കുകയും അറിവും കഴിവുമുള്ള ഒരു തലമുറയെ വളര്‍ത്തിയെടുക്കുകയുമാണ് ചിന്മയ വിശ്വവിദ്യാപീഠ്. ഭാരതീയ സംസ്‌കൃതിയെ അടുത്തറിയുന്നതിന് ലോകത്തിലെ പ്രാചീനമായ ഭാഷകളില്‍ ഒന്നായ സംസ്‌കൃതം അറിഞ്ഞേ മതിയാവൂ. സംസ്‌കൃത ഭാഷാപഠനത്തിനും സാഹിത്യപഠനത്തിനും മഹത്തായ ഒരു പാരമ്പര്യം ഭാരതത്തില്‍ കാണാന്‍ കഴിയും. ഗുരുകുല സമ്പ്രദായത്തിലാണ് ഒരു കാലത്ത് സംസ്‌കൃത പഠനം ഭാരതത്തിലെങ്ങും നിലനിന്നിരുന്നത്. സംസ്‌കൃത ഭാഷക്ക് അതിന്റേതായ പ്രാധാന്യം ചിന്മയ വിശ്വവിദ്യാപീഠ് നല്‍കുന്നു.

ചിന്മയ വിശ്വവിദ്യാപീഠ് ‘ഡി നോവ’ കാറ്റഗറിയില്‍പ്പെട്ട കല്പിത സര്‍വ്വകലാശാല (ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി) ആണ്. ചിന്മയ മിഷന്റെ സ്ഥാപകനും ദീര്‍ഘ ദര്‍ശിയുമായ പ്രസിദ്ധ വേദാന്ത പണ്ഡിതന്‍ സ്വാമി ചിന്മയാനന്ദയുടെ ശതാബ്ദി വര്‍ഷമായ 2016-ലാണ് ചിന്മയ വിശ്വവിദ്യാപീഠ് ആരംഭിച്ചത്. ആത്മീയ, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ചിന്മയ മിഷന്‍ ലോക വ്യാപകമായി പ്രവര്‍ത്തിക്കുന്നു. 2017 ജനുവരി 16 ന് യുജിസി പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച് ചിന്മയ വിശ്വവിദ്യാപീഠ് അഞ്ചു വര്‍ഷത്തേക്ക് ‘ഡി നോവ’ വിഭാഗത്തില്‍പ്പെട്ട കല്പിത സര്‍വ്വകലാശാല ആയിരിക്കും. അഞ്ചു വര്‍ഷത്തിന് ശേഷം കല്പിത സര്‍വ്വകലാശാല പദവി സ്ഥിരീകരിക്കും.

അദ്വൈതത്തിന്റെ അവതാരമായ ശങ്കരാചാര്യര്‍ എന്ന പുണ്യാത്മാവിന് ജന്മം നല്‍കിയെന്ന് വിശ്വസിക്കുന്ന മേപ്പാഴൂര്‍ മന നില്‍ക്കുന്ന സ്ഥലത്താണ് ഇന്ന് ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ ആസ്ഥാനം. എറണാകുളം ജില്ലയിലെ പിറവം പേപ്പതി വെളിയനാടാണ് ഇത് സ്ഥിതി ചെയ്യുന്നത്. ആദിശങ്കര നിലയം എന്നാണ് ഈ മന അറിയപ്പെടുന്നത്.

ഇന്ത്യന്‍ സാംസ്‌കാരിക പൈതൃകത്തെ കാത്തുസൂക്ഷിക്കുകയും ഉന്നതവിദ്യാഭ്യാസത്തിലൂടെ അത് മറ്റുള്ളവരില്‍ പകരുകയും ചെയ്യുക എന്ന് ലക്ഷ്യത്തോടെയാണ് ചിന്മയ വിശ്വവിദ്യാപീഠ് പ്രവര്‍ത്തിക്കുന്നത്. പരിശുദ്ധി, ആത്മീയത, പ്രായോഗികത, പുതുമ എന്നീ തത്വങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെയും ഭാരതത്തിന്റെ പുരാതന കാലത്തെയും സംസ്‌കാരത്തെയും സമന്വയിപ്പിക്കാനാണ് ചിന്മയ വിശ്വവിദ്യാപീഠ് ശ്രമിക്കുന്നത്. ഉത്തരവാദിത്വമുള്ള, ചിന്തിക്കാന്‍ കഴിയുന്ന, ശ്രേഷ്ഠമായ ഒരു പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ ആണ് സ്ഥാപനത്തിന്റെ ശ്രമം. സ്വാമി സ്വരൂപാനന്ദയാണ് ചാന്‍സലര്‍. ചിന്മയ മിഷന്‍ വേള്‍ഡൈ്വഡിന്റെ മേധാവികൂടിയാണ് ഇദ്ദേഹം. ചിന്മയ ഇന്റര്‍നാഷണല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിനെ ഇന്ത്യയിലെ ഏറ്റവും മികച്ച റസിഡന്‍ഷ്യല്‍ സ്‌കൂളായി മാറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ചിന്മയ ഇന്റര്‍നാഷണല്‍ ഫൌണ്ടേഷന്‍ റിസര്‍ച്ച് ആന്‍ഡ് പുബ്ലികേഷന്‍സ് ഡയറക്ടറും എഴുത്തുകാരനുമായ സ്വാമി അദ്വൈദാനന്ദ ആണ് സര്‍വ്വകലാശാലയുടെ മേല്‍നോട്ടം.

സ്ഥാപകന്‍, സ്വാമി തേജോമായാനന്ദ

വിശ്വവിദ്യാപീഠിന്റെ സ്ഥാപകനും ചാന്‍സലര്‍ എമിറേറ്റിയുമാണ് സ്വാമി തേജോമായാനന്ദ. ചിന്മയ മിഷന്‍ വേള്‍ഡൈ്വഡിന്റെ മുന്‍ മേധാവികൂടിയാണ് അദ്ദേഹം. ഇന്ത്യന്‍ പാരമ്പര്യത്തിന്റെ മഹത്വം പഠിപ്പിക്കാനും പങ്കുവയ്ക്കാനുമുള്ള ചിന്മയ മിഷന്റെ പ്രയത്‌നങ്ങള്‍ക്ക് ചിന്മയ വിശ്വവിദ്യാപീഠ് ഒരു പൊന്‍തൂവലാണെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. രാജ്യത്തെ നൂറുകണക്കിന് ചിന്മയ വിദ്യാലയങ്ങള്‍, പ്രൈമറി, സെക്കണ്ടറി സ്‌കൂളുകള്‍ നടത്തി പരിചയമുള്ള സ്വാമി തേജോമായാനന്ദയ്ക്ക് സംസ്‌കൃതവും ഭാരതത്തിന്റെ പാരമ്പര്യത്തിനും പ്രാധാന്യം കല്‍പ്പിക്കുന്ന ഒരു സര്‍വ്വകലാശാല തുടങ്ങണമെന്ന് ആഗ്രഹം തോന്നി.

ഗുരുകുല സമ്പ്രദായവും സര്‍വ്വകലാശാലയും

മുമ്പ് ആധ്യാത്മിക കാര്യങ്ങള്‍ പഠിക്കുന്നതോടൊപ്പം സഹിഷ്ണുത, എളിമ, സേവനമനോഭാവം, തൊഴിലിനോടുള്ള ആഭിമുഖ്യം, സഹജീവിസ്നേഹം തുടങ്ങിയ ജീവിതമൂല്യങ്ങളും ശിഷ്യര്‍ ഗുരുകുലങ്ങളില്‍ നിന്ന് അഭ്യസിച്ചിരുന്നു. ഇന്ന് ചിന്മയ വിശ്വവിദ്യാപീഠില്‍ ഗുരുകുല വിദ്യാഭ്യാസ രീതിയും സര്‍വ്വകലാശാല പഠന രീതിയും ഒരുമിച്ച് കൊണ്ടുപോകുന്നു. അധ്യാപകരും വിദ്യാര്‍ത്ഥികളും ആഘോഷമായി പഠന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന കാഴ്ചയാണ് ക്ലാസ് മുറികളില്‍ കാണാന്‍ കഴിയുക. ചിന്മയ വിശ്വവിദ്യാപീഠ് കണ്‍സള്‍ട്ടന്‍സി പ്രൊജക്ടിനായി സേവാ ഭാരതിയുമായി ധാരണാപത്രവും ഒപ്പുവച്ചിട്ടുണ്ട്.

‘കേരളത്തില്‍ ‘ഡി നോവ’ കാറ്റഗറിയില്‍പ്പെട്ട ഏക സ്വകാര്യ സര്‍വ്വകലാശാലയാണ് ചിന്മയ വിശ്വവിദ്യാപീഠ്. ഇവിടുത്തെ എല്ലാ കോഴ്സുകള്‍ക്കുമൊപ്പം ഭാരത പാരമ്പര്യവും സംസ്‌കാരവും സമന്വയിപ്പിക്കുന്നുണ്ട്. സംസ്‌കൃതവും ഇംഗ്ലീഷും ഇവിടെ നിര്‍ബന്ധിത വിഷയങ്ങളാണ്. ബിഎ സംസ്‌കൃതം പഠിക്കാന്‍ ഫ്രാന്‍സില്‍ നിന്നും ഒരു വിദ്യാര്‍ത്ഥി ഇവിടെയുണ്ട്. ഇതില്‍ നിന്നും സംസ്‌കൃതത്തിന്റെ മഹത്വം നമുക്ക് മനസിലാക്കാം. ഇന്ത്യന്‍ വിജ്ഞാന വ്യവസ്ഥയുടെയും ആധുനിക വിജ്ഞാന വ്യവസ്ഥയുടെയും ഒത്തുചേരലാണ് ഇവിടം. ഇന്ന് 140 വിദ്യാര്‍ത്ഥികള്‍ ചിന്മയ വിശ്വവിദ്യാപീഠില്‍ പഠിക്കുന്നു,’ വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ് ഡോ. ഗൗരി മാഹുലിക്കര്‍ പറഞ്ഞു.

‘നിരവധി മാറ്റങ്ങളാണ് ഇന്ത്യയിലെ വിദ്യാഭ്യാസ സംവിധാനത്തില്‍ വന്നുകൊണ്ടിരിക്കുന്നത്. സയന്‍സ്, ടെക്നോളജി, എന്‍ജിനീയറിങ്, മാത്തമാറ്റിക്‌സ് (എസ്.ടി.ഇ.എം.-സ്റ്റം) എന്നീ വിഷയങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ വിദ്യാര്‍ഥികള്‍ മറ്റു ഭാഷാ സംബന്ധ വിഷയങ്ങളും തിരഞ്ഞെടുക്കാന്‍ തുടങ്ങി. ഇന്ത്യന്‍ പാരമ്പര്യത്തെ അറിയാന്‍ വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ ആഗ്രഹം പ്രകടിപ്പിക്കുന്നു,’ അവര്‍ കൂട്ടിച്ചേര്‍ത്തു.

വ്യത്യസ്ത് കോഴ്‌സുകള്‍

അഞ്ചു സ്‌കൂളുകളിലായി വ്യത്യസ്ഥമായ കോഴ്‌സുകളാണ് സര്‍വ്വകലാശാല ഒരുക്കിയിരിക്കുന്നത്. സ്‌കൂള്‍ ഓഫ് വേദിക് നോളഡ്ജ് സിസ്റ്റംസ്, സ്‌കൂള്‍ ഓഫ് ലിങ്ഗ്വിസ്റ്റിക് ആന്‍ഡ് ലിറ്റററി സ്റ്റഡീസ്, സ്‌കൂള്‍ ഓഫ് എത്തിക്‌സ്, ഗവേണന്‍സ്, കള്‍ച്ചര്‍ ആന്‍ഡ് സോഷ്യല്‍ സിസ്റ്റംസ്, സ്‌കൂള്‍ ഓഫ് ഫിലോസഫി, സൈക്കോളജി ആന്‍ഡ് സയന്റിഫിക് ഹെറിറ്റേജ്, സ്‌കൂള്‍ ഓഫ് കന്റംപ്രറി നോളഡ്ജ് സിസ്റ്റംസ് തുടങ്ങിയ അഞ്ചു സ്‌കൂളുകളാണ് ഇവിടെയുള്ളത്.

സ്‌കൂള്‍ ഓഫ് വേദിക് നോളഡ്ജ് സിസ്റ്റംസില്‍ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ് കോഴ്സുകളായ ആചാര്യ (അദ്വൈത വേദാന്ത), ആചാര്യ (വ്യാകരണ), പിഎച്ച്ഡി പ്രോഗ്രാമുകള്‍ ഉള്‍പ്പെടുന്നു. ബിഎ സംസ്‌കൃത, എംഎ സംസ്‌കൃത, പിഎച്ച്ഡി പ്രോഗ്രാമുകള്‍ എന്നിവയാണ് സ്‌കൂള്‍ ഓഫ് ലിങ്ഗ്വിസ്റ്റിക് ആന്‍ഡ് ലിറ്റററി സ്റ്റഡീസിലെ കോഴ്‌സുകള്‍. എംഎ പബ്ലിക് പോളിസി ആന്‍ഡ് ഗവര്‍ണന്‍സ്, എല്‍എല്‍എം-ലീഗല്‍ തിയറി, എല്‍എല്‍എം- ഇന്റര്‍നാഷണല്‍ ട്രേഡ് ആന്‍ഡ് കൊമേര്‍ഷ്യല്‍ ലോസ്, പിഎച്ച്ഡി പ്രോഗ്രാമുകള്‍ എന്നിവയാണ് സ്‌കൂള്‍ ഓഫ് എത്തിക്‌സ്, ഗവേണന്‍സ്, കള്‍ച്ചര്‍ ആന്‍ഡ് സോഷ്യല്‍ സിസ്റ്റംസില്‍ ഉള്ളത്. ബിഎ അപ്ലൈഡ് സൈക്കോളജി, ബിഎ, ബിഎഡ് ആന്‍ഡ് ബിഎസ് സി, ബിഎഡ്, പിഎച്ച്ഡി പ്രോഗ്രാമുകള്‍ ഉള്‍പ്പെടുന്നതാണ് സ്‌കൂള്‍ ഓഫ് ഫിലോസഫി, സൈക്കോളജി ആന്‍ഡ് സയന്റിഫിക് ഹെറിറ്റേജ്.ബികോം, ബിബിഎ ആന്‍ഡ് എംകോം പിഎച്ച്ഡി പ്രോഗ്രാമുകള്‍ സ്‌കൂള്‍ ഓഫ് കന്റംപ്രറി നോളഡ്ജ് നല്‍കുന്നു.

സ്‌കൂള്‍ ഓഫ് കലായോഗ പുണെ ക്യാമ്പസ്സില്‍ പ്രവര്‍ത്തിക്കുന്നു. ബിഎ ഹിന്ദുസ്ഥാനി വോക്കല്‍, ബിഎ ബാംസുരി-ഹിന്ദുസ്ഥാനി ഫ്‌ളൂട്ട്, ബിഎ തബല എന്നിവയാണ് പ്രധാന കോഴ്‌സുകള്‍.

എം.എ പബ്ലിക്ക് പോളിസി ആന്റ് ഗവേണന്‍സ് (എംപിജിജി) രണ്ട് വര്‍ഷത്തെ മാസ്റ്റര്‍ ഡിഗ്രി കോഴ്‌സാണ്. പോളിസി ഗവേഷകന്‍, കമന്റേറ്റര്‍, കണ്‍സള്‍ട്ടന്റ് അല്ലെങ്കില്‍ ഉപദേശകന്‍ എന്ന നിലയില്‍ പൊതു സ്ഥാപനങ്ങളുമായി ഇടപേട്ട് സാമൂഹ്യവും രാഷ്ട്രീയവുമായ മാറ്റങ്ങള്‍ക്ക് കൊണ്ടുവരാന്‍ താല്‍പര്യമുള്ളവര്‍ക്ക് വേണ്ടി ഒരുക്കിയ കോഴ്സാണ് ഇത്. ഈ കോഴ്‌സ് ചിന്മയ വിശ്വവിദ്യാപീഠും (സി.വി.വി), കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ പബ്‌ളിക് പോളിസി റിസര്‍ച്ച് (സിപിപിആര്‍) എന്നിവയും സംയുക്തമായി നടത്തുന്നു. പൊതുജനകാര്യങ്ങളിലും ഭരണത്തിലും വെല്ലുവിളി നേരിടുന്ന സാഹചര്യങ്ങള്‍ക്ക് അര്‍ഹമായതും സുസ്ഥിരവുമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിന് വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനാവശ്യമായ വിജ്ഞാനവും വൈദഗ്ധ്യവും ലഭ്യമാക്കുക എന്നതാണ് ഈ കോഴ്‌സിന്റെ ലക്ഷ്യം. ചിന്മയ വിശ്വവിദ്യാപീഠിലെ എംപിജിജി പ്രോഗ്രാം ഇത്തരത്തിലുള്ള കേരളത്തിലെ ആദ്യ കോഴ്സാണ്.

അദ്വൈത വേദാന്ത അഞ്ചു വര്‍ഷത്തെ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ് പ്രോഗ്രാമാണ്. സംസ്‌കൃതത്തിലാണ് ഇത് ഒരുക്കിയിരിക്കുന്നത്. ഉപനിഷത്തുകള്‍, ബ്രഹ്മസൂത്രം, ഭഗവദ്ഗീത എന്നീ മൂന്ന് ഗ്രന്ഥങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഈ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ഫിലോസഫി പ്രവര്‍ത്തിക്കുന്നത്. ഇവയെ ‘പ്രസ്ഥതനത്രയി’ എന്നും വിളിക്കുന്നു. അദ്വൈതവും-വേദാന്തവും മനസ്സിലാക്കുന്നതിനായി ന്യായ, സംഖ്യ തുടങ്ങിയ മറ്റ് തത്ത്വചിന്തകളും അറിഞ്ഞിരിക്കണം. ഇന്ത്യന്‍ തത്ത്വചിന്തകളുടെ പാരമ്പര്യങ്ങളിലെ ഏറ്റവും മികച്ച വശങ്ങള്‍ ഉള്‍പ്പെടുത്താന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് ഈ കോഴ്‌സ്.

വ്യാകരണ ശാസ്ത്രയില്‍ വിദ്യാര്‍ത്ഥികളെ മികച്ച രീതിയില്‍ പരിശീലിപ്പിക്കാന്‍ വേണ്ടിയാണ് അഞ്ചു വര്‍ഷം ദൈര്‍ഘ്യമുള്ള ആചാര്യ വ്യാകരണ കോഴ്‌സിന്റെ ലക്ഷ്യം. വ്യാകരണ ശാസ്ത്രയുടെ പല വശങ്ങള്‍ വ്യക്തമാക്കുന്ന വിവിധ പാരമ്പര്യം ഇന്ത്യയില്‍ ഉണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ പാരമ്പര്യത്തിന്റെയും ഗുണങ്ങള്‍ ലഭിക്കുന്ന രീതിയിലാണ് ഈ കോഴ്‌സ് രൂപകല്‍പന ചെയ്തിരിക്കുന്നത്. 4000 സൂത്രങ്ങള്‍ അടങ്ങുന്ന അഷ്ടധ്യായി മനഃപാഠം പഠിച്ചുകൊണ്ടാണ് ഈ കോഴ്‌സ് ആരംഭിക്കുന്നത്. തുടര്‍ന്ന് പല ഗ്രന്ഥങ്ങളും പഠിക്കാം. അവസാനഘട്ടം സിദ്ധാന്തകൗമുദി, കാസികവര്‍ത്തി, മഹാഭാസ്യ എന്നിവ പഠിക്കാം. ഇതോടൊപ്പം ഭാഷയും ആശയവിനിമയ വൈദഗ്ധ്യവും കമ്പ്യൂട്ടര്‍ പരിശീലനവും നല്‍കി വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ ലഭിക്കാന്‍ സഹായിക്കുന്ന നിരവധി കോഴ്‌സുകളും ഉണ്ട്.

ചിന്മയ വിശ്വവിദ്യാപീഠിന്റെ ലോഗോ അഞ്ച് മൂലകങ്ങള്‍ ചേര്‍ന്നതാണ്. തുറന്ന പുസ്തകം, വിരിഞ്ഞ താമര, തേജോമയമായ ഭൂമി, സ്വാമി ചിന്മയാനന്ദയുടെ ഒപ്പുമായി ചേര്‍ന്ന ഓം എന്ന അക്ഷരം, താഴെയായി സര്‍വ്വകലാശാലയുടെ പ്രമാണസൂക്തവും ലോഗോയില്‍ കാണാം. സര്‍വ്വകലാശാലയ്ക്ക് ‘വിദ്യയാ സംസ്‌കൃതി’ എന്ന പ്രമാണസൂക്തം സ്ഥാപകന്‍ സ്വാമി തേജോമായാനന്ദ ആണ് നല്‍കിയത്. ‘അറിവിലൂടെ സംസ്‌കാരം’ എന്നാണ് ഇതിന് അര്‍ത്ഥം.

Categories: FK Special, Slider