ക്രിപ്‌റ്റോകറന്‍സി: നയം വ്യക്തമാക്കാനുള്ള സമയപരിധി അവസാനിക്കുന്നു

ക്രിപ്‌റ്റോകറന്‍സി: നയം വ്യക്തമാക്കാനുള്ള സമയപരിധി അവസാനിക്കുന്നു

ക്രിപ്‌റ്റോ കറന്‍സിയുടെ നിയമാനുസൃത നിലനില്‍പ്പിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന കേസ് നിര്‍ണായക വഴിത്തിരിവിലേക്ക് എത്തിയിരിക്കുകയാണ്. ക്രിപ്‌റ്റോ കറന്‍സി സംബന്ധിച്ച് ഔദ്യോഗിക നിലപാട് വ്യക്തമാക്കാന്‍ കോടതി നാലാഴാചത്തെ സമയമാണ് ഫെബ്രുവരി 25 ന് നടന്ന വാദം കേള്‍ക്കലില്‍ സര്‍ക്കാരിന് നല്‍കിയിരുന്നത്. ഏറെ സങ്കീര്‍ണമായ വിഷയത്തില്‍ സര്‍ക്കാര്‍ എന്ത് നിലപാടാവും കോടതിയെ അറിയിക്കുകയെന്ന കാര്യം മേഖലയാകെ ഉറ്റുനോക്കുകയാണ്

നൂപുര്‍ ആനന്ദ്

ക്രിപ്‌റ്റോകറന്‍സി സംബന്ധിച്ച നിലപാട് വ്യക്തമാക്കാന്‍ സുപ്രീം കോടതി മോദി സര്‍ക്കാരിന് നല്‍കിയ നാലാഴ്ചത്തെ സമയം അടുത്ത ദിവസം അവസാനിക്കുകയാണ്. ഫെബ്രുവരി 25 നാണ് പരമോന്നത നീതി പീഠം സര്‍ക്കാരും രാജ്യത്തിലെ വെര്‍ച്വല്‍ കറന്‍സി എക്‌സ്‌ചേഞ്ചും തമ്മില്‍ ദീര്‍ഘനാളായി നിലനില്‍ക്കുന്ന നിയമ വടംവലിക്ക് അന്ത്യം കുറിക്കാനുള്ള നിര്‍ണായക നടപടികളിലേക്ക് നീങ്ങിയത്. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, ജസ്റ്റിസ് വിനീത് സരണ്‍ എന്നിവരുടെ രണ്ടംഗ ബെഞ്ച് മാര്‍ച്ച് അവസാന ആഴ്ച്ചയോ ഏപ്രില്‍ ആദ്യ ആഴ്ച്ചയോ കേസില്‍ വാദം കേള്‍ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനു മുന്‍പ് സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാട് കോടതിയെ അറിയിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. സര്‍ക്കാരിന് നല്‍കുന്ന അവസാന അവസരമാണിതെന്ന് കോടതി തന്നെ വ്യക്തമാക്കിയ നിലയ്ക്ക് ഈ സാഹചര്യം ഏറെ പ്രസക്തമാണ്.

കേന്ദ്ര ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗിന്റെ നേതൃത്വത്തിലുള്ള സമിതി 2017 നവംബര്‍ മുതല്‍ വെര്‍ച്വല്‍ കറന്‍സി നിയന്ത്രണങ്ങള്‍ സംബന്ധിച്ച ചട്ടങ്ങളുടെ കരടുരൂപം തയാറാക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ ഒരു പ്രത്യേക സമയപരിധി ഇതിനായി നിശ്ചയിച്ചിട്ടില്ല. വ്യക്തമായ നയത്തിന്റെ അഭാവത്തില്‍, രാജ്യത്തെ ക്രിപ്‌റ്റോകറന്‍സി മേഖല കടുത്ത സമ്മര്‍ദ്ദത്തിലാണ്. 2018 ജൂലൈ മുതല്‍ റിസര്‍വ് ബാങ്ക്, ക്രിപ്‌റ്റോകറന്‍സി ഇടപാടുകളും വാണിജ്യവും നിരോധിച്ചിട്ടുണ്ട്. ബിസിനസിന് തിരിച്ചടിയേറ്റതോടെ ക്രിപ്‌റ്റോകറന്‍സി സേവനദാതാക്കള്‍ റിസര്‍വ് ബാങ്കിനെയും കേന്ദ്ര സര്‍ക്കാരിനെയും കോടതിയിലേക്ക് വലിച്ചിഴക്കുകയാണുണ്ടായത്.

ഇക്കാര്യത്തിലുണ്ടായ ഏറ്റവും ഒടുവിലത്തെ പുരോഗതി പരിഗണിക്കുമ്പോള്‍ ക്രിപ്‌റ്റോകറന്‍സി മാനദണ്ഡങ്ങള്‍ ഒരു മാസത്തിനുള്ളില്‍ തയാറാകുമെന്ന് കരുതാനാകില്ലെന്നാണ് വെര്‍ച്വല്‍ കറന്‍സി എക്‌സ്‌ചേഞ്ചിനെ പ്രതിനിധീകരിക്കുന്ന ന്യൂഡെല്‍ഹി ആസ്ഥാനമായ ഇകിഗായ് ലോയിലെ അനിരുദ്ധ് രസ്‌തോഗിയുടെ അഭിപ്രായം. ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് കര്‍ശനമാക്കുമെന്നും വിശകലനം നടത്തുന്ന ആഭ്യന്തര സമിതിയുടെ (ഗാര്‍ഗ് തലവനായ കമ്മറ്റി) നിരീക്ഷണങ്ങള്‍ കോടതിയില്‍ അവതരിപ്പിക്കുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡിജിറ്റല്‍ കറന്‍സി സംബന്ധിച്ച നിയന്ത്രണങ്ങള്‍ തയാറാക്കുന്നതിന് ഒരു സമയപരിധിയും നിശ്ചയിച്ചിട്ടില്ലെന്നാണ് കഴിഞ്ഞ ഡിസംബറില്‍ സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചത്. ‘ആഗോളതലത്തില്‍ സ്വീകാര്യമായ പരിഹാരമാര്‍ഗത്തിന്റെ അഭാവത്തില്‍ സാങ്കേതികമായി പ്രയോജനം ചെയ്യുന്ന ഒരു സംവിധാനം കണ്ടുപിടിക്കേണ്ടത് ആവശ്യമാണ്. ജാഗ്രതയോടെയാണ് സര്‍ക്കാര്‍ ഇക്കാര്യത്തെ സമീപിക്കുന്നത്. നിശ്ചിത സമയപരിധിക്കുള്ളില്‍ ശുപാര്‍ശകളുമായി രംഗത്തെത്താന്‍ ബുദ്ധിമുട്ടാണ്‍,’ എന്നാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ഡിസംബര്‍ 28 ന് ലോക് സഭയെ അറിയിച്ചത്. എന്നാല്‍ വൈകാതെ തന്നെ സുപ്രീകോടതിയുടെ അന്തിമ വിധി സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാഴ്ത്തിയിരിക്കുന്നു.

ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചുകള്‍ക്കും ആര്‍ബിഐക്കും ക്രിപ്‌റ്റോകറന്‍സി നിരോധനത്തെപ്പറ്റിയുള്ള കാഴ്ച്ചപാടുകള്‍ അവതരിപ്പിക്കാന്‍ ഉതകുന്ന രീതിയില്‍ വാദം കേള്‍ക്കാനാണ് ഫെബ്രുവരി 25 ന് കോടതി ചേര്‍ന്നത്. എന്നാല്‍ ക്രിപ്‌റ്റോ ഇടപാടുകള്‍ നിരോധിച്ച റിസര്‍വ് ബാങ്ക് നടപടി റദ്ദാക്കാന്‍ വാദത്തിനിടെ കോടതി വിസമ്മതിച്ചു. ഈ മാറ്റത്തിന് പ്രേരകമായതെന്താണെന്ന് വ്യക്തമല്ല. ക്രിപ്‌റ്റോ-ആസ്തികള്‍ സങ്കീര്‍ണമായ സാങ്കേതിക പ്രശ്‌നമായി മാറിയിരിക്കുന്നതിനാല്‍ ആര്‍ബിഐ സര്‍ക്കുലറിന്റെ നിയമ നിലവാരം തീരുമാനിക്കുന്നതിന് മുമ്പ് സര്‍ക്കാരിന്റെ നിലപാട് കേള്‍ക്കാനായിരിക്കും ബെഞ്ച് ആഗ്രഹിക്കുകയെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു.

(ധനകാര്യ മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

Categories: FK Special, Slider