യുവാക്കള്‍ക്കിടയില്‍ തൊഴില്‍ ശുഭാപ്തിവിശ്വാസം വര്‍ധിക്കുന്നു

യുവാക്കള്‍ക്കിടയില്‍ തൊഴില്‍ ശുഭാപ്തിവിശ്വാസം വര്‍ധിക്കുന്നു

ആറ് മാസം മുന്‍പുള്ള അവസ്ഥയും ഇപ്പോഴത്തെ സാഹചര്യവും താരതമ്യം ചെയ്യുമ്പോള്‍ നിലവില്‍ ഒരു തൊഴില്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടില്ലെന്ന് യുവത്വം പറയുന്നു

ന്യൂഡെല്‍ഹി: പൊതുതെരഞ്ഞെടുപ്പിന് ഇന് ദിവസങ്ങള്‍ മാത്രമാണുള്ളത്. അഞ്ച് വര്‍ഷത്തെ മോദി സര്‍ക്കാരിന്റെ നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തികൊണ്ടുള്ള ആരോപണ പ്രത്യാരോപണങ്ങളും മുറയ്ക്ക് നടക്കുന്നുണ്ട്. ഇതില്‍ കേന്ദ്ര സര്‍ക്കാരിനെ വെട്ടിലാക്കുന്ന ഏറ്റവും വലിയ ഘടകം രാജ്യത്തെ തൊഴില്‍ വളര്‍ച്ച സംബന്ധിച്ച വിമര്‍ശനങ്ങള്‍ തന്നെയാണ്.

വിശ്വാസയോഗ്യമായ തൊഴില്‍ കണക്കുകളുടെ അഭാവവും തൊഴില്‍ സൃഷ്ടി സംബന്ധിച്ച പ്രതീക്ഷകളും തെരഞ്ഞെടുപ്പ് ഫലത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തിയേക്കും. ഭൂരിഭാഗം ആളുകള്‍ക്കും തൊഴില്‍ കാര്യത്തില്‍ ആശങ്കയാണുള്ളതെങ്കിലും നഗര പ്രദേശങ്ങളിലെ യുവാക്കളില്‍ ഈ ധാരണയില്‍ മാറ്റമുണ്ടെന്നാണ് വിപണി ഗവേഷണ സംരംഭമായ യുഗോവും മിന്റും ചേര്‍ന്ന് തയാറാക്കിയ സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ആറ് മാസം മുന്‍പുള്ള അവസ്ഥയും ഇപ്പോഴത്തെ സാഹചര്യവും താരതമ്യം ചെയ്യുമ്പോള്‍ നിലവില്‍ ഒരു തൊഴില്‍ കണ്ടെത്താന്‍ എളുപ്പമാണെന്നാണ് നഗര പ്രദേശങ്ങളിലെ കൂടുതല്‍ യുവാക്കളും പറയുന്നത്. യുവാക്കള്‍ക്കിടയില്‍ തൊഴില്‍ ശുഭാപ്തിവിശ്വാസം വര്‍ധിക്കുന്നുണ്ടെന്ന സൂചനയാണ് ഇത് നല്‍കുന്നത്. സര്‍വേയുടെ ഭാഗമായ 19നും 22നും ഇടയില്‍ പ്രായമുള്ള 43 ശതമാനം യുവാക്കളും 23നും 29നും ഇടയില്‍ പ്രായമുള്ള 45 ശതമാനം യുവാക്കളുമാണ് ഇപ്പോള്‍ തൊഴില്‍ കണ്ടെത്തുന്നതിന് ബുദ്ധിമുട്ടില്ലെന്ന അഭിപ്രായം പങ്കുവെച്ചിട്ടുള്ളത്.

ആറ് മാസം മുന്‍പ് 19നും 22നും ഇടയില്‍ പ്രായമുള്ള 21 ശതമാനം യുവാക്കള്‍ക്കും 23നും 29നും ഇടയില്‍ പ്രായമുള്ള 27 ശതമാനം യുവാക്കള്‍ക്കും മാത്രമാണ് ഇതേ അഭിപ്രായമുണ്ടായിരുന്നത്. യുവാക്കള്‍ക്കിടയില്‍ തൊഴില്‍ ശുഭാപ്തിവിശ്വാസത്തിലുണ്ടായിട്ടുള്ള എടുത്തുപറയേണ്ട പുരോഗതിയാണിതെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. 30നും 38നും ഇടയില്‍ പ്രായമുള്ളവരുടെയും 39നും 54നുമിടയില്‍ പ്രായമുള്ളവരുടെയും തൊഴില്‍ വീക്ഷണങ്ങളിലും ഇക്കാലയളില്‍ സമാന പുരോഗതി നിരീക്ഷിച്ചിട്ടുണ്ട്.

180ല്‍ അധികം നഗരങ്ങളില്‍ നിന്നുള്ള 5,000ത്തിലധികം പേരാണ് മിന്റും യുഗോവും ചേര്‍ന്ന് നടത്തിയ ഓണ്‍ലൈന്‍ സര്‍വേയുടെ ഭാഗമായത്. ജനുവരിയിലാണ് സര്‍വേ നടത്തിയത്. തൊഴില്‍ പ്രതീക്ഷകളിലുണ്ടായ പ്രകടമായ പുരോഗതി കേന്ദ്ര ബാങ്ക് സംഘടിപ്പിച്ച ഉപഭോക്തൃ ആത്മവിശ്വാസ സര്‍വേയിലും സ്ഥിരീകരിച്ചിട്ടുണ്ട്. നഗര ജനസംഖ്യയുടെ തൊഴില്‍ പ്രതീക്ഷകളിലും വിശ്വസത്തിലും പുരോഗതിയുണ്ടായിട്ടുണ്ടെന്ന് ഡിസംബര്‍ പാദത്തിലെ ആര്‍ബിഐയുടെ കണക്കുകള്‍ വ്യക്തമാക്കിയിരുന്നു.

തൊഴില്‍ സംബന്ധിച്ച് മോശം പ്രതീക്ഷകള്‍ പങ്കുവെച്ചിട്ടുള്ളവരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ ശുഭപ്രതീക്ഷകള്‍ പങ്കുവെച്ചിട്ടുള്ളവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. എങ്കിലും, ഇപ്പോഴും തൊഴില്‍ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെന്ന അഭിപ്രായമുള്ളവരാണ് നഗര പ്രദേശങ്ങളിലെ യുവാക്കളില്‍ ഭൂരിപക്ഷവും. വ്യാവസായിക മേഖലകളിലും ഈ അശുഭാപ്തി വിശ്വാസം വ്യാപകമായുണ്ട്. ധനകാര്യ സേവന മേഖലയും ഐടിയും ഒഴികെയുള്ള എല്ലാ മേഖലകളിലെയും ഭൂരിഭാഗം ജീവനക്കാരും പുതിയ ജോലി കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെന്ന അഭിപ്രായമുള്ളവരാണെന്ന് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് കൂടുതലും തൊഴില്‍ അശുഭാപ്തിവിശ്വാസം പങ്കുവെച്ചിട്ടുള്ളത്. ഇന്ത്യന്‍ തൊഴില്‍ വിപണിയില്‍ ലിംഗ വിവേചനം മാറ്റമില്ലാതെ തുടരുന്നു എന്നതിന്റെ തെളിവാണിത്. 53 ശതമാനം സ്ത്രീകളാണ് തൊഴില്‍ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെന്ന് അഭിപ്രായപ്പെട്ടത്. 44 ശതമാനം സ്ത്രീകള്‍ തൊഴില്‍ ശുഭാപ്തിവിശ്വാസം പങ്കുവെച്ചു. 50 ശതമാനം പുരുഷന്മാര്‍ തൊഴില്‍ കാര്യത്തില്‍ പ്രതീക്ഷയില്ലാത്തവരാണ്. എന്നാല്‍ 47 ശതമാനം പേര്‍ക്ക് തൊഴില്‍ കാര്യത്തില്‍ ശുഭാപ്തിവിശ്വാസമുണ്ടെന്നും സര്‍വേ വ്യക്തമാക്കി.

19നും 22നും ഇടയില്‍ പ്രായമുള്ള 16 ശതമാനം പേര്‍ തങ്ങളുടെ ജോലിയില്‍ തൃപ്തരല്ല. 23നും 29നും ഇടയില്‍ പ്രായമുള്ള 12 ശതമാനം പേരും 30-38, 39-54 പ്രായ പരിധിയിലുള്ള എട്ട് ശതമാനം പേരും തങ്ങളുടെ ജോലിയില്‍ തൃപ്തരല്ലെന്നാണ് സര്‍വേയില്‍ കണ്ടെത്തിയിരിക്കുന്നത്. മികച്ച ജോലി കിട്ടുന്നതിനനുസരിച്ച് മാറാനിരിക്കുന്നവരാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തൊഴില്‍ വിപണിയിലുള്ള യുവാക്കളുടെ ശുഭാപ്തിവിശ്വാസം വിശ്വാസയോഗ്യമായ തൊഴില്‍ കണക്കുകളില്ലാതെ ഉറപ്പിക്കാനാകില്ലെന്നും സര്‍വേ ചൂണ്ടിക്കാട്ടി. എന്നിരുന്നാലും ഇവരുടെ പ്രതീക്ഷകള്‍ പൊതുതെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും.

Comments

comments

Categories: FK News