സിയാസിന്റെയും എര്‍ട്ടിഗയുടെയും ടൊയോട്ട പതിപ്പ് പുറത്തിറങ്ങും

സിയാസിന്റെയും എര്‍ട്ടിഗയുടെയും ടൊയോട്ട പതിപ്പ് പുറത്തിറങ്ങും

ഇന്ത്യയില്‍ പരസ്പര സഹകരണം വിപുലീകരിക്കുകയാണെന്ന് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കള്‍

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ പരസ്പര സഹകരണം വിപുലീകരിക്കുകയാണെന്ന് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ സുസുകിയും ടൊയോട്ടയും ഇന്നലെ പ്രഖ്യാപിച്ചു. ഇതനുസരിച്ച് മാരുതി സുസുകിയുടെ സിയാസ്, എര്‍ട്ടിഗ മോഡലുകള്‍ ഇന്ത്യയിലും ആഫ്രിക്കയിലുമായി ടൊയോട്ടയ്ക്ക് വിതരണം ചെയ്യും. എന്നാല്‍ ഈ രണ്ട് മാരുതി സുസുകി മോഡലുകളുടെയും ടൊയോട്ട പതിപ്പുകളുടെ വില്‍പ്പന എപ്പോള്‍ ആരംഭിക്കുമെന്ന് തീരുമാനിച്ചിട്ടില്ല.

ഇന്ത്യയില്‍ പങ്കാളിത്തം സ്ഥാപിച്ച് സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ഇരുവരും നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ ദിവസത്തെ സംയുക്ത പ്രസ്താവന. മുന്‍നിശ്ചയപ്രകാരം, മാരുതി സുസുകി വിറ്റാര ബ്രെസ്സയുടെ ടൊയോട്ട വേര്‍ഷന്‍ 2022 മുതല്‍ നിര്‍മ്മിച്ചുതുടങ്ങും. ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെ കര്‍ണാടകയിലെ ബിഡദി പ്ലാന്റിലായിരിക്കും ഉല്‍പ്പാദനം. ഇരു കമ്പനികളുടെയും പങ്കാളിത്തത്തില്‍നിന്ന് പുറത്തുവരുന്ന ആദ്യ മോഡല്‍ മാരുതി സുസുകി ബലേനോയുടെ ടൊയോട്ട വേര്‍ഷനാണ്. ‘ടൊയോട്ട ബലേനോ’യുടെ വില്‍പ്പന ഈ വര്‍ഷം ആരംഭിക്കും. പരസ്പര സഹകരണത്തിന്റെ ഭാഗമായി കൊറോള ആള്‍ട്ടിസ് സെഡാനാണ് മാരുതി സുസുകിക്ക് ടൊയോട്ട സമ്മാനിക്കുന്നത്. 2020 ല്‍ അടുത്ത തലമുറ കൊറോള ആള്‍ട്ടിസ് വില്‍പ്പനയ്‌ക്കെത്തിച്ചശേഷമായിരിക്കും മാരുതി സുസുകിക്ക് നല്‍കുന്നത്.

കൂടാതെ ടൊയോട്ടയുടെ പുതിയ സി സെഗ്‌മെന്റ് എംപിവി വികസിപ്പിക്കുന്നതിന് ഇരു കമ്പനികളും ഒരുമിച്ച് പ്രവര്‍ത്തിക്കും. ഈ വാഹനം സുസുകിക്ക് കൈമാറും. ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കുന്നതിനും ഇരു വാഹന നിര്‍മ്മാതാക്കളും ചേര്‍ന്നുപ്രവര്‍ത്തിക്കും. ഹൈബ്രിഡ് സംവിധാനങ്ങള്‍, എന്‍ജിനുകള്‍, ബാറ്ററി എന്നിവ ഇന്ത്യയില്‍നിന്ന് സംഭരിക്കും. ടൊയോട്ട തങ്ങളുടെ ഹൈബ്രിഡ് സംവിധാനം സുസുകിക്ക് കൈമാറും.

ഇന്ത്യയ്ക്കുപുറമേ, യൂറോപ്പിലും ടൊയോട്ടയും സുസുകിയും പങ്കാളിത്തം സ്ഥാപിക്കും. ടൊയോട്ടയുടെ കോംപാക്റ്റ് കാറുകള്‍ക്കായി സുസുകിയുടെ ചെറിയ എന്‍ജിനുകള്‍ ഉപയോഗിക്കും. അതേസമയം ടൊയോട്ട തങ്ങളുടെ രണ്ട് ഇലക്ട്രിക് വാഹനങ്ങള്‍-റാവ്4, കൊറോള എസ്‌റ്റേറ്റ്- സുസുകിക്ക് നല്‍കും. പരസ്പരം സഹകരിക്കുന്നതിലൂടെ ചെലവുകള്‍ പങ്കുവെയ്ക്കാമെങ്കിലും വിപണിയില്‍ സ്വതന്ത്രമായി മല്‍സരിക്കുമെന്ന് ഇരുവരും വ്യക്തമാക്കി.

Comments

comments

Categories: Auto
Tags: Ciaz, Toyota