ബാങ്ക് ഓഫ് ചൈനയുമായി കൈകോര്‍ത്ത് എസ്ബിഐ

ബാങ്ക് ഓഫ് ചൈനയുമായി കൈകോര്‍ത്ത് എസ്ബിഐ
  • ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്കാണ് ബാങ്ക് ഓഫ് ചൈന
  • എസ്ബിഐയ്ക്കും ബാങ്ക് ഓഫ് ചൈനയ്ക്കും പങ്കാളിത്തം ഒരു പോലെ ഗുണം ചെയ്യും

ന്യൂഡെല്‍ഹി: ബിസിനസ് അവസരങ്ങള്‍ വികസിപ്പിക്കുന്നതിന് ബാങ്ക് ഓഫ് ചൈന (ബിഒസി)യുമായി ധാരണാപത്രം ഒപ്പിട്ടതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. മൂലധനത്തിന്റ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്കാണ് ബാങ്ക് ഓഫ് ചൈന. ചൈനീസ് ബാങ്കിംഗ് രംഗത്തെ ഒരു സുപ്രധാന കണ്ണികൂടിയാണ് ബിഒസി.

ബാങ്ക് ഓഫ് ചൈനയുമായുള്ള ബിസിനസ് പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് ഈ സഹകരണം വഴിവെക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രസ്താവനയിലൂടെ അറിയിച്ചു. ഉടമ്പടി എസ്ബിഐയ്ക്കും ബാങ്ക് ഓഫ് ചൈനയ്ക്കും ഒരു പോലെ ഗുണം ചെയ്യും. ബാങ്കുകള്‍ക്ക് തങ്ങളുടെ നിര്‍ദിഷ്ട വിപണികളിലേക്ക് നേരിട്ട് പ്രവേശനം നേടാനും കരാറിലൂടെ സാധിക്കും. ഇരു ബാങ്കുകളുടെയും ക്ലൈന്റുകള്‍ക്ക് വിദേശത്തുള്ള അവരുടെ ബിസിനസ് വിപുലീകരിക്കുന്നതിന് വിശാലമായ ബാങ്കിംഗ് ശൃംഖല ഉപയോഗപ്പെടുത്താനും കഴിയും.

ഷാംഗ്ഹയില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖ പ്രവര്‍ത്തിക്കുന്നുണ്ട്. മുംബൈയില്‍ ബാങ്ക് ഓഫ് ചൈന ശാഖ തുറക്കുമെന്നും എസ്ബിഐ അറിയിച്ചു. എസ്ബിഐയുമായുള്ള സഹകരണം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് കോര്‍പ്പറേറ്റുകളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുമെന്ന് ബിഒസി ചെയര്‍മാന്‍ ചെന്‍ സിക്വിംഗ് പറഞ്ഞു. ഇന്ത്യ ആഗോള സാന്നിധ്യം ശക്തമാക്കികൊണ്ടിരിക്കുകയാണ്. എസ്ബിഐ പോലുള്ള ഒരു സ്ഥാപനവുമായുള്ള പങ്കാളിത്തം ബിഒസി സംബന്ധിച്ച് തന്ത്ര പ്രധാനമായ ഒന്നാണ്. തങ്ങളുടെ വിപണി വൈദഗ്ധ്യത്തിലൂടെയും ബന്ധങ്ങളിലൂടെയും എസ്ബിഐയുടെ വളര്‍ച്ചയില്‍ നിര്‍ണായ പങ്കാളിത്തം വഹിക്കാനാണ് ബിഒസി നേക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകളുടെ രണ്ട് പ്രധാന ബാങ്കുകള്‍ തമ്മിലുള്ള സഹകരണം സ്വാഗതം ചെയ്യാവുന്ന നടപടിയാണെന്ന് എസ്ബിഐ ചെയര്‍മാന്‍ രജനിഷ് കുമാര്‍ പറഞ്ഞു. എസ്ബിഐയുടെയും ബിഒസിയുടെയും ക്ലൈന്റുകള്‍ക്ക് ഇരു ബാങ്കുകളുടെയും പ്രൊഡക്റ്റുകളും സേവനങ്ങളും ലഭ്യമാക്കുന്നതിന് ഉടമ്പടി സൗകര്യമൊരുക്കുമെന്നും പരസ്പരം പ്രയോജനപ്പെടുന്ന തരത്തിലുള്ള ഒരു ബിസിനസ് ബന്ധം വളര്‍ത്തിയെടുക്കാന്‍ കരാര്‍ സഹായിക്കുമെന്നും രജനീഷ് കുമാര്‍ വ്യക്തമാക്കി

Comments

comments

Categories: FK News