റിയാദിന്റെ സമഗ്ര വികസനത്തിന് 23 ബില്യണ്‍ ഡോളറിന്റെ പദ്ധതി

റിയാദിന്റെ സമഗ്ര വികസനത്തിന് 23 ബില്യണ്‍ ഡോളറിന്റെ പദ്ധതി

വരാനിരിക്കുന്നത് റിയാദിനെ ലോകത്തിലെ ഏറ്റവും മികച്ച ജനവാസ മേഖല ആക്കുന്നതിനുള്ള നാല് പദ്ധതികള്‍

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിന്റെ സമഗ്ര വികസനത്തിന് 23 ബില്യണ്‍ ഡോളറിന്റെ പദ്ധതി. മികച്ച ജീവിത സാഹചര്യങ്ങളുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായി റിയാദിനെ മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള നാല് ക്ഷേമ പദ്ധതികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. കിംഗ് സല്‍മാന്‍ പാര്‍ക്ക്, കായിക പാത, ഗ്രീന്‍ റിയാദ്, റിയാദ് ആര്‍ട്ട് എന്നിങ്ങനെ 23 ബില്യണ്‍ ഡോളര്‍ ചിലവ് വരുന്ന നാല് പദ്ധതികളുടെ പ്രഖ്യാപനം സല്‍മാന്‍ രാജാവ് നടത്തി.

വിഷന്‍ 2030നോട് അനുബന്ധിച്ചുള്ള ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമാണ് ഈ നാല് പദ്ധതികളും. നാല് പദ്ധതികളിലുമായി 23 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് സര്‍ക്കാര്‍ നടത്തുക. പാര്‍പ്പിട, വാണിജ്യ, ക്ഷേമ, വിനോദ മേഖലകളിലുള്ള ഈ പദ്ധതികളില്‍ സ്വകാര്യ മേഖലയ്ക്ക് 15 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താനുള്ള അവസരവും നല്‍കും. പതിനായിരക്കണക്കിന് തൊഴിലവസരങ്ങളാണ് ഈ പദ്ധതികളിലൂടെ സൃഷ്ടിക്കപ്പെടുക. മാത്രമല്ല ജനക്ഷേമം, ആരോഗ്യം, കായികം, സാംസ്‌കാരികം, കല തുടങ്ങിയ രംഗങ്ങളുടെ ഉന്നമനവും പദ്ധതികളുടെ ഭാഗമായി വന്നുചേരും.

13.4 ചതുരശ്ര കിലോമീറ്ററില്‍ വിഭാവനം ചെയ്യുന്ന കിംഗ് സല്‍മാന്‍ പാര്‍ക്ക് ലോകത്തിലെ ഏറ്റവും വലിയ പാര്‍ക്കായിരിക്കും. പാര്‍പ്പിടങ്ങള്‍, ഹോട്ടലുകള്‍, റോയല്‍ ആര്‍ട്ട് കോംപ്ലെക്‌സ്, തീയറ്ററുകള്‍, മ്യൂസിയം, സിനിമാസ്, കായിക വേദികള്‍, ജല വിതാനങ്ങള്‍, റെസ്‌റ്റോറന്റുകള്‍, 18 ഹോള്‍ റോയല്‍ ഗോള്‍ഫ് കോഴ്‌സ് എന്നിവയും കിംഗ് സല്‍മാന്‍ പാര്‍ക്ക് പദ്ധതിയുടെ ഭാഗമാണ്. റിയാദ് ഫൗണ്ടേന്‍, വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ അടക്കമുള്ള ആകര്‍ഷണങ്ങളും കിംഗ് സല്‍മാന്‍ പാര്‍ക്കില്‍ ഒരുക്കും.

സൗദി തലസ്ഥാന നഗരിയുടെ പച്ചപ്പ് വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് ഗ്രീന്‍ റിയാദ് പദ്ധതി. പദ്ധതിയുടെ ഭാഗമായി റിയാദില്‍ 75 ലക്ഷം മരങ്ങള്‍ വെച്ച് പിടിക്കും. നിലവില്‍ 1.5 ശതമാനം മാത്രം വരുന്ന റിയാദിലെ ഹരിത ആവരണം 2030 ആകുമ്പോഴേക്കും 9.1 ശതമാനം, ഏകദേശം 541 ചതുരശ്ര കി.മീ ആയി ഉയര്‍ത്താനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഗ്രീന്‍ റിയാദ് പദ്ധതിയിലൂടെ നഗരത്തിലെ ശരാശരി താപനിലയില്‍ 2 ഡിഗ്രി സെല്‍ഷ്യസിന്റെ കുറവ് ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. മാത്രമല്ല പുതുതായി വെച്ച് പിടിപ്പിക്കുന്ന മരങ്ങള്‍ നനയ്ക്കുന്നതിനായി 10 ലക്ഷം ഘന അടി സംസ്‌കരിച്ച മലിന ജലം പ്രയോജനപ്പെടുത്താമെന്നും ഇങ്ങനെ ജലസ്രോതസ്സുകളുടെ സന്തുലനാവസ്ഥ കാത്തുസൂക്ഷിക്കാമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

റിയാദ് നഗരവും അതിനോട് ചേര്‍ന്ന് കിടക്കുന്ന താഴ്‌വരകളും ഉള്‍പ്പെടുന്ന 135 കി.മീ ദൈര്‍ഘ്യത്തിലുള്ള സൈള്‍ ട്രാക്കാണ് കായിക പാത പദ്ധതിയിലെ പ്രധാന ആകര്‍ഷണം. 35 ലക്ഷം മീറ്റര്‍ തുറസ്സായ ഇടങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായി റിയാദ് നഗരത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നത്. കായിക കേന്ദ്രം, റൈഡിംഗ് പാതകള്‍, കായികതാരങ്ങള്‍ക്ക് വേണ്ടിയുള്ള ട്രാക്കുകള്‍ എന്നിവയും ഈ പദ്ധതിയുടെ ഭാഗമായി സജ്ജീകരിക്കും.

പൊതു കലാ രംഗത്ത് ഒരു സര്‍ക്കാര്‍ ഇത്ര വലിയ തുക നിക്ഷേപിക്കുന്ന ലോകത്തിലെ തന്നെ ആദ്യത്തെ പദ്ധതി ആയിരിക്കും റിയാദ് ആര്‍ട്ട് പദ്ധതി. ഇന്റെറാക്റ്റീവ് പബ്ലിക് ആര്‍ട്ട് പരിപാടികളിലൂടെ ചുമരുകളില്ലാത്ത ഒരു ഗാലറി ആയി റിയാദിനെ മാറ്റുക എന്ന ലക്ഷ്യമാണ് ഈ പദ്ധതിക്കുള്ളത്. പത്ത് വ്യത്യസ്ത കലാ പരിപാടികളിലും വാര്‍ഷിക കലോത്സവത്തിലൂടെയും ആയിരത്തോളം കലാസൃഷ്ടികളാണ് പദ്ധതിയുടെ ഭാഗമായി പ്രദര്‍ശിപ്പിക്കുക. 21ാം നൂറ്റാണ്ടിലെ റിയാദിന്റെ നാഴികക്കല്ലാകുന്ന ഒരു പ്രതിഷ്ഠാപനവും പദ്ധതിയുടെ ഭാഗമായി ഉണ്ടാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

എല്ലാ പദ്ധതികളുടെയും നിര്‍മ്മാണ പ്രവര്‍ത്തനം ഈ വര്‍ഷം പകുതിയോടെ ആരംഭിക്കും.

Comments

comments

Categories: Arabia