മാരുതി സുസുകി ഈക്കോ പരിഷ്‌കരിച്ചു

മാരുതി സുസുകി ഈക്കോ പരിഷ്‌കരിച്ചു

പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി സുരക്ഷാ ഫീച്ചറുകള്‍ നല്‍കി

ന്യൂഡെല്‍ഹി : സുരക്ഷാ ഫീച്ചറുകള്‍ നല്‍കി മാരുതി സുസുകി ഈക്കോ പരിഷ്‌കരിച്ചു. ഇന്ത്യയില്‍ ഈ വര്‍ഷം പ്രാബല്യത്തിലാകുന്ന പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് മാരുതി സുസുകിയുടെ നടപടി. നിശ്ചിത സുരക്ഷാ ഫീച്ചറുകള്‍ നല്‍കാതെ വാഹനങ്ങള്‍ വില്‍ക്കാന്‍ കഴിയില്ല. സുരക്ഷാ ഫീച്ചറുകള്‍ നല്‍കിയതൊഴിച്ചാല്‍ വാഹനത്തില്‍ മെക്കാനിക്കല്‍ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. മോടി കൂട്ടിയതുമില്ല.

സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിക്കുന്നതിന്റെ ഭാഗമായി ഡ്രൈവര്‍ എയര്‍ബാഗ്, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവയാണ് നല്‍കിയത്. കൂടാതെ, മാരുതി സുസുകി ഈക്കോയുടെ എല്ലാ വേര്‍ഷനുകളിലും ഡ്രൈവര്‍ & ഫ്രണ്ട് പാസഞ്ചര്‍ സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലര്‍ട്ട് സിസ്റ്റം എന്നിവ ഉണ്ടായിരിക്കും. വാഹനത്തിന്റെ വേഗം മണിക്കൂറില്‍ 80 കിലോമീറ്ററില്‍ കൂടുതലായാല്‍ തുടര്‍ച്ചയായി ബീപ് ശബ്ദം പുറപ്പെടുവിക്കുന്നതാണ് സ്പീഡ് അലര്‍ട്ട് സിസ്റ്റം. ബജറ്റ് വാഹനമായതിനാല്‍ പവര്‍ സ്റ്റിയറിംഗ് പോലുള്ള ഫീച്ചറുകള്‍ നല്‍കിയിട്ടില്ല.

സുസുകിയുടെ ജി12ബി 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഈ എന്‍ജിന്‍ 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനുമായി ചേര്‍ത്തുവെച്ചു. മേല്‍പ്പറഞ്ഞ സുരക്ഷാ ഫീച്ചറുകള്‍ നല്‍കിയതോടെ മാരുതി സുസുകി ഈക്കോയുടെ വില വിവിധ വേരിയന്റുകള്‍ക്കനുസരിച്ച് 23,000 രൂപ വരെ വര്‍ധിച്ചു.

5 സീറ്റ്, 7 സീറ്റ് വേര്‍ഷനുകളില്‍ മാരുതി സുസുകി ഈക്കോ ലഭിക്കും. ഫാക്റ്ററി ഫിറ്റഡ് സിഎന്‍ജി കിറ്റ് പതിപ്പും ലഭ്യമാണ്. സ്പീഡ് ഗവര്‍ണര്‍ പോലുള്ള ഫീച്ചറുകള്‍ നല്‍കി ഫഌറ്റ്, കാബ് ഓപ്പറേറ്റര്‍മാര്‍ക്കായി ടൂര്‍ വി എന്ന പേരിലും മാരുതി സുസുകി ഈക്കോ വില്‍ക്കുന്നു.

Comments

comments

Categories: Auto
Tags: Eeco