ഐഎടിഎയില്‍ ഇനി മുതല്‍ സ്‌പൈസ്‌ജെറ്റും

ഐഎടിഎയില്‍ ഇനി മുതല്‍ സ്‌പൈസ്‌ജെറ്റും

ഐഎടിഎ അംഗമാകുന്ന ചെലവ് കുറഞ്ഞ (ബജറ്റ് കാരിയര്‍) ആദ്യ ഇന്ത്യന്‍ വിമാനക്കമ്പനി

മുംബൈ: വിമാനക്കമ്പനികളുടെ ആഗോള സംഘടനയായ ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷനില്‍ (ഐഎടിഎ) അംഗത്വം നേടി സ്‌പൈസ്‌ജെറ്റ്. ഇതോടെ അസോസിയേഷനില്‍ അംഗമാകുന്ന ചെലവ് കുറഞ്ഞ ആദ്യ ഇന്ത്യന്‍ വിമാനക്കമ്പനിയെന്ന ബഹുമതി സ്‌പൈസ്‌ജെറ്റ് സ്വന്തമാക്കി.

ഇന്ത്യയില്‍ നിന്നുള്ള എയര്‍ ഇന്ത്യ, ജെറ്റ് എയര്‍വെയ്‌സ്, വിസ്താര എന്നിവ ഉള്‍പ്പെടെ 290ല്‍ അധികം വിമാനക്കമ്പനികളാണ് അന്താരാഷ്ട്ര എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷനില്‍ അംഗമായിട്ടുള്ളത്. ബിസിനസ് വിപുലീകരിക്കുന്നതിനുള്ള സ്‌പൈസ്‌ജെറ്റിന്റെ സ്വപ്‌ന പദ്ധതികള്‍ സാക്ഷാത്കരിക്കുന്നതിന് ഐഎടിഎ അംഗത്വം സഹായകമാകും. മറ്റ് വിമാനക്കമ്പനികളുമായി വാണിജ്യ കരാറിലേര്‍പ്പെടുന്നതിനും മറ്റും അംഗത്വം ഗുണം ചെയ്യുമെന്നും സ്‌പൈസ്‌ജെറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.

290ഓളം വിമാനക്കമ്പനികള്‍ ഉള്‍പ്പെട്ട ഐഎടിഎ കുടുംബത്തിലേക്ക് സ്‌പൈസ്‌ജെറ്റിനെ കൂടി സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതായി ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ ഏഷ്യ-പസഫിക് വിഭാഗം റീജണല്‍ വൈസ് പ്രസിഡന്റ് കോണ്‍റാഡ് ക്ലിഫോര്‍ഡ് പറഞ്ഞു. ഐഎടിഎ അംഗത്വം നേടുന്ന ആദ്യ ഇന്ത്യന്‍ ബജറ്റ് കമ്പനിയാണ് സ്‌പൈസ്‌ജെറ്റെന്നും ഇന്ത്യയില്‍ നിന്നുള്ള അഞ്ചാമത്തെ അംഗമാണെന്നും അദ്ദേഹം സ്ഥിരീകരിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര വിപണികളില്‍ സാന്നിധ്യം ശക്തമാക്കാനുള്ള സ്‌പൈസ്‌ജെറ്റിന്റെ പദ്ധതികള്‍ കണക്കിലെടുക്കുമ്പോള്‍ ഐഎടിഎ അംഗത്വം വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഐഎടിഎയിലെ അന്താരാഷ്ട്ര വിമാനക്കമ്പനികളുമായുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനും മറ്റ് വിപുലീകരണ സാധ്യതകള്‍ തേടുന്നതിനും സ്‌പൈസ്‌ജെറ്റിന് ഇത് സൗകര്യമൊരുക്കും. ഭാവിയില്‍ യാത്രികര്‍ക്കായി എളുപ്പത്തില്‍ നെറ്റ്‌വര്‍ക്ക് വിപുലീകരണം നടത്തുന്നതിന് അംഗത്വം സഹായിക്കുമെന്നും സ്‌പൈസ്‌ജെറ്റ് പ്രസ്താവനയില്‍ പറയുന്നു.

ആഭ്യന്തര, അന്താരാഷ്ട്ര തലത്തിലടക്കം 12 പുതിയ വിമാന സര്‍വീസുകളാണ് കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിട്ടുള്ളത്. സ്‌പൈസ്‌ജെറ്റിന്റെ ആഭ്യന്തര സര്‍വീസുകള്‍ക്ക് മാര്‍ച്ച് 31നും അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് ഏപ്രില്‍ 15നും തുടക്കമാകും. ഹൈദരാബാദ്-കൊളംബോ-ഹൈദരാബാദ് റൂട്ടില്‍ നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിച്ചുകൊണ്ട് അന്താരാഷ്ട്ര തലത്തില്‍ സാന്നിധ്യം വിപുലീകരിക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും കമ്പനി പൂര്‍ത്തിയാക്കി കഴിഞ്ഞു. ഈ റൂട്ടില്‍ പറാക്കാനൊരുങ്ങുന്ന ഇന്ത്യയിലെ ആദ്യ ബജറ്റ് എയര്‍ലൈന്‍ ആണ് സ്‌പൈസ്‌ജെറ്റ്.

ആഗോള തലത്തിലെ മികച്ച പ്രവര്‍ത്തനങ്ങളും ഇന്നൊവേഷനുകളും മനസിലാക്കുന്നതിന് ഐഎടിഎ അംഗത്വം സഹായകമാകുമെന്ന് സ്‌പൈസ്‌ജെറ്റ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ അജയ് സിംഗ് പറഞ്ഞു. ഐഎടിഎയിലെ മറ്റ് വിമാനക്കമ്പനികളുമായി അടുത്ത ഇടപെടല്‍ നടത്താനുള്ള അവസരമാണ് അംഗത്വം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. അസോസിയേഷനില്‍ അംഗമാകുന്നതിന് സ്‌പൈസ്‌ജെറ്റ് അപേക്ഷിച്ചതായി ഡിസംബറില്‍ ഐഎടിഎ ഡയറക്റ്റര്‍ ജനറല്‍ അലക്‌സാണ്ടര്‍ ദി ജൂനിയാക് പറഞ്ഞിരുന്നു. അടുത്തിടെ കമ്പനിക്ക് ഐഎടിഎയുടെ ഓപ്പറേഷണല്‍ സേഫ്റ്റി ഓഡിറ്റ് സര്‍ട്ടിഫിക്കറ്റും ലഭിച്ചു.

Comments

comments

Categories: FK News
Tags: IATA, Spicejet