മൊസാമ്പികില്‍ നാശം വിതച്ച് ഇദായ് ; യുഎഇ അടിയന്തര സഹായം പ്രഖ്യാപിച്ചു

മൊസാമ്പികില്‍ നാശം വിതച്ച് ഇദായ് ; യുഎഇ അടിയന്തര സഹായം പ്രഖ്യാപിച്ചു

183 ലക്ഷം ദിര്‍ഹം അടിയന്തര സഹായമായി നല്‍കും

മൊസാമ്പിക്: ഇദായ് ചുഴലിക്കാറ്റില്‍ തകര്‍ന്നടിഞ്ഞ് മൊസാമ്പിക്, മലായ്, സിംബാബ്‌വെ രാഷ്ട്രങ്ങള്‍. മൊസാമ്പികില്‍ മാത്രം ആയിരത്തോളം പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. സിംബാംബ്‌വെയില്‍ മരണസംഖ്യ കൃത്യമായി അറിവായിട്ടില്ലെങ്കിലും 200 ലധികം പേരെ കാണാതായതായി സ്ഥിരീകരണം ലഭിച്ചു. അതേസമയം ചുഴലിക്കാറ്റില്‍ നാശോന്മുഖമായ രാഷ്ട്രങ്ങള്‍ക്ക് 183 ലക്ഷം ദിര്‍ഹം അടിയന്തര സഹായം എത്തിക്കുമെന്ന് യുഎഇ അറിയിച്ചു.

ശക്തമായ മഴയ്ക്കും കാറ്റിനുമിടയിലും മൊസാമ്പികില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുകയാണ്. മരത്തിലും കെട്ടിടങ്ങളുടെ മുകളിലും അഭയം തേടിയവരെ രക്ഷപ്പെടുത്തുന്നതിനായി രാപ്പകല്‍ ഇല്ലാതെ രക്ഷാപ്രവര്‍ത്തകര്‍ രംഗത്തുണ്ട്. ആദ്യം മൊസാമ്പികില്‍ ആഞ്ഞടിച്ച ഇദായ് സിംബാബ്‌വെയിലേക്ക് കടക്കും മുമ്പ് കനത്ത നാശനഷ്ടങ്ങളാണ് മൊസാമ്പികില്‍ ഉണ്ടാക്കിയത്. മണ്ണിടിച്ചിലിലും അപ്രതീക്ഷിത പ്രളയത്തിലും ഇരുരാഷ്ട്രങ്ങളിലെയും റോഡുകളും പാലങ്ങളും ഒലിച്ചുപോയി.

ഭക്ഷണസാധനങ്ങള്‍, കുട്ടികള്‍ക്ക് വേണ്ട ഭക്ഷണങ്ങള്‍, മരുന്ന് അടക്കമുള്ള സഹായങ്ങളാണ് ഇദായില്‍ തകര്‍ന്ന മൂന്ന് ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലെ ദുരിതബാധിതരായ 600,000ത്തോളം ജനതയ്ക്ക് യുഎഇ പ്രഖ്യാപിച്ചിരിക്കുന്നത്. അടിയന്തര സാമഗ്രികളുടെ വേഗത്തിലുള്ള വിതരണം ഉറപ്പ് വരുത്തുന്നതിനായി എമിറേറ്റ്‌സ് റെഡ് ക്രെസന്റില്‍ നിന്നുള്ള പ്രതിനിധികള്‍ ദുരിതബാധിത രാഷ്ട്രങ്ങളില്‍ സന്ദര്‍ശനം നടത്തും.

അബുദബി കിരീടാവകാശിയും യുഎഇ സായുധ സേനകളുടെ ഉപ സര്‍വ്വ സൈന്യാധിപനുമായ ഷേഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്റെ നിര്‍ദ്ദേശപ്രകാരമാണ് അടിയന്തര സഹായമെത്തിക്കുന്നത്. എമിറേറ്റ്‌സ് റെഡ് ക്രെസന്റ് ചെയര്‍മാനും ഭരണാധികാരിയുടെ അല്‍ ദഫ്ര പ്രതിനിധിയുമായ ഷേഖ് ഹംദാന്‍ ബിന്‍ സയിദ് ദുരിത ബാധിത മേഖലകളിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്ന് വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ ബ്രിട്ടണ്‍ 60 ലക്ഷം പൗണ്ട് മൊസാമ്പികിന് അടിയന്തര സഹായമായി പ്രഖ്യാപിച്ചിരുന്നു.

Comments

comments

Categories: Arabia
Tags: Idai cyclon