സുഖജീവിതം:ഗാലപ് വേള്‍ഡ് പോളില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ യുഎഇയും

സുഖജീവിതം:ഗാലപ് വേള്‍ഡ് പോളില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ യുഎഇയും

മെച്ചപ്പെട്ട ആരോഗ്യമേഖല, സുരക്ഷ, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളില്‍ ഒന്നാംസ്ഥാനം

ദുബായ്: യുഎഇ എന്തുകൊണ്ടാണ് ലോകത്തെവിടെയുമുള്ള ആളുകളുടെ ഇഷ്ടതാവളമായി മാറുന്നത്. ഉത്തരം മറ്റൊന്നുമല്ല, അവിടുത്തെ സുഖ ജീവിതം തന്നെ. യുഎഇയിലെ ഈ സുഖ ജീവിതം ആഗോളതലത്തില്‍ തന്നെ അംഗീകാരം നേടിയിരിക്കുന്നു. ഗാലപിന്റെ ആഗോള വെല്‍ ബീയിംഗ് (സുഖ ജീവിതം) സര്‍വ്വെ ലോകത്തിലെ പത്ത് മികച്ച സ്ഥലങ്ങളില്‍ ഒന്നായി യുഎഇയെയും അടയാളപ്പെടുത്തിയിരിക്കുകയാണ്.

വിവിധ ക്ഷേമ ഘടകങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള ഗാലപിന്റെ 2018ലെ ആഗോള സര്‍വ്വെയിലാണ് സുഖജീവിതത്തിന് പറ്റിയ പത്ത് ഇടങ്ങളില്‍ ഒന്നായി ആളുകള്‍ യുഎഇയെ തെരഞ്ഞെടുത്തത്. 160 ഓളം രാഷ്ട്രങ്ങളില്‍ നിന്നുള്ള ആളുകളാണ് ഗാലപിന്റെ സര്‍വ്വെയില്‍ പങ്കെടുത്തത്. സുരക്ഷ, ആരോഗ്യമേഖലയുടെ നിലവാരം, തൊഴില്‍, ആശയവിനിമയ സൗകര്യങ്ങള്‍, റോഡുകളുടെയും ദേശീയപാതകളുടെയും നിലവാരം, പരിസ്ഥിതി സംരക്ഷണം, ഇഷ്ടങ്ങള്‍ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം തുടങ്ങി നിരവധി ക്ഷേമ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സര്‍വ്വെ നടന്നത്.

എല്ലാ മേഖലകളുടെയും ക്ഷേമം ലക്ഷ്യമാക്കി രാജ്യം നടത്തുന്ന ശ്രമങ്ങളുടെ പ്രതിഫലനമാണ് ഈ അംഗീകാരമെന്ന് യുഎഇ സന്തോഷ, ക്ഷേമ മന്ത്രാലയ സഹമന്ത്രിയും പ്രധാനമന്ത്രിയുടെ ഓഫീസിലെ ഡയറക്റ്റര്‍ ജനറലുമായ ഒഹൂദ് ബിന്റ് ഖല്‍ഫാന്‍ അല്‍ റൂമി പറഞ്ഞു. യുഎഇ ഭരണ നേതൃത്വത്തിന്റെ ദര്‍ശനങ്ങളും നിര്‍ദ്ദേശങ്ങളും അനുസരിച്ച് പ്രവര്‍ത്തിച്ച സര്‍ക്കാര്‍, സ്വകാര്യ, സാമൂഹിക, അക്കാദമിക് സംഘടനകളുടെ പ്രവര്‍ത്തനങ്ങളാണ് ഈ നേട്ടം സാധ്യമാക്കിയതെന്നും മന്ത്രി പറഞ്ഞു.

മെച്ചപ്പെട്ട ആരോഗ്യ സേവനങ്ങളുടെ കാര്യത്തില്‍ ലോകത്തില്‍ ഒന്നാംസ്ഥാനമാണ് യുഎഇ നേടിയത്. ഈ മേഖലയില്‍ കഴിഞ്ഞ വര്‍ഷം രണ്ടാം സ്ഥാനത്തായിരുന്നു എങ്കിലും ആരോഗ്യമേഖലയുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള നിരന്തര പ്രവര്‍ത്തനങ്ങളിലൂടെയാണ് യുഎഇ ഈ നേട്ടം സ്വന്തമാക്കിയത്. സുരക്ഷ, പരിസ്ഥിതി സംരക്ഷണം, മുഴുവന്‍ സമയ തൊഴില്‍ നിരക്ക്, ജനസംഖ്യയ്ക്ക് ആനുപാതികമായ വേതന നിരക്ക്, മൊബീല്‍ ഫോണ്‍ ലഭ്യത എന്നീ ഘടകങ്ങളിലും യുഎഇ ലോകത്ത് ഒന്നാംസ്ഥാനത്തെത്തി. റോഡുകളുടെയും ദേശീയപാതകളുടെയും നിലവാരം, ആരോഗ്യപ്രശ്‌നങ്ങളുടെ അഭാവം എന്നീ ഘടകങ്ങളില്‍ ലോകത്തില്‍ രണ്ടാംസ്ഥാനത്താണ് യുഎഇ. ദൈനംദിന ജോലികള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്ന തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് ആരോഗ്യപ്രശ്‌നങ്ങളുടെ അഭാവം എന്ന ഘടകം അര്‍ത്ഥമാക്കുന്നത്.

വിദ്യാഭ്യാസം, കുടുംബം, സമൂഹം, വ്യക്തിപരമായ ക്ഷേമം, ജോലി, ബിസിനസ്, സാമ്പത്തികം, സര്‍ക്കാര്‍, ഭക്ഷണം, പാര്‍പ്പിടം, പരിസ്ഥിതി, ഊര്‍ജം, ആശയവിനിമയം, സാങ്കേതികവിദ്യ, നിയമം, ക്രമസമാധാനം എന്നിങ്ങനെ ആളുകളുടെ ജീവിതവുമായി നേരിട്ട് ബന്ധപ്പെട്ട് കിടക്കുന്ന പതിമൂന്നോളം സുപ്രധാന മേഖലകളുടെ നിലവാരത്തെ അടിസ്ഥാനപ്പെടുത്തി 160 ല്‍ അധികം രാജ്യങ്ങളില്‍ എല്ലാ വര്‍ഷവും ഗാലപ് ആഗോള സര്‍വ്വെ നടത്താറുണ്ട്.

എന്താണ് ഗാലപ് വേള്‍ഡ് പോള്‍

ഭക്ഷണ ലഭ്യത, തൊഴില്‍, നേതൃഗുണ പ്രകടനങ്ങള്‍, ക്ഷേമം തുടങ്ങി ആഗോള തലത്തിലെ സുപ്രധാന പ്രശ്‌നങ്ങളെ നിരന്തരം നിരീക്ഷിച്ചു വരുന്ന ഒരു സംഘടനയാണ് ഗാലപ്. 2005ലാണ് ഗാലപ് ആദ്യമായി 160 ഓളം രാജ്യങ്ങളിലെ പ്രായപൂര്‍ത്തിയായ ആളുകളെ ഉള്‍പ്പെടുത്തി സര്‍വ്വെ സംഘടിപ്പിച്ചത്.

Comments

comments

Categories: Arabia