ഫോക്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ഏറ്റെടുക്കല്‍ ഡിസ്‌നി പൂര്‍ത്തിയാക്കി

ഫോക്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ഏറ്റെടുക്കല്‍ ഡിസ്‌നി പൂര്‍ത്തിയാക്കി

ആമസോണ്‍, നെറ്റ്ഫഌക്‌സ് എന്നിവയ്ക്ക് ശക്തമായ മല്‍സരം ഉയര്‍ത്തുന്നതിനാണ് ഡിസ്‌നി ലക്ഷ്യം വെക്കുന്നത്

കാലിഫോര്‍ണിയ: ഫോക്‌സ് എന്റര്‍ടെയ്‌മെന്‍സിനെ ഏറ്റെടുക്കുന്നതിനുള്ള 71 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യം വരുന്ന ഇടപാട് ഡിസ്‌നി പൂര്‍ത്തിയാക്കി. ആഗോള മാധ്യമ വ്യവസായ രംഗത്ത് വലിയ ചലനങ്ങള്‍ക്ക് ഇടയാക്കുന്ന കരാറാണ് യാഥാര്‍ത്ഥ്യമായിരിക്കുന്നത്. ഡിസ്‌നി തങ്ങളുടെ വിഡിയോ സ്ട്രീമിംഗ് സേവനം ഡിസ്‌നി പ്ലസ് ആരംഭിക്കാനിരിക്കെയാണ് ഫോക്‌സിനെ കൂട്ടിച്ചേര്‍ക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഡിസ്‌നി പ്ലസ് തുടങ്ങുമെന്നാണ് സൂചന.

ആയിരക്കണക്കിന് ജീവനക്കാരുടെ തൊഴില്‍ നഷ്ടത്തിനും കരാര്‍ വഴിതെളിക്കുമെന്നാണ് സൂചന. ഡിസ്‌നിയുടെയും ഫോക്‌സിന്റെയും സമാനമായ ബിസിനസുകളില്‍ സമാനമായ തസ്തികകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് തൊഴില്‍ നഷ്ടമാകുന്നത്. വിഡിയോ സ്ട്രീമിംഗ് രംഗത്ത് പുതിയ കാഴ്ചക്കാരെയും വരുമാനവും സ്വന്തമാക്കി മുന്നേറുന്ന ആമസോണ്‍, നെറ്റ്ഫഌക്‌സ് എന്നിവയ്ക്ക് ശക്തമായ മല്‍സരം ഉയര്‍ത്തുന്നതിനാണ് ഡിസ്‌നി ലക്ഷ്യം വെക്കുന്നത്. എക്‌സ്-മെന്‍, ദ സിംപ്‌സണ്‍സ് തുടങ്ങിയ ലോകോത്തര ചിത്രങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക ഫോക്‌സിന്റെ സംവിധാനങ്ങളും സ്റ്റുഡിയോയും കരസ്ഥമാക്കുന്നതിലൂടെ കൂടുതല്‍ മികച്ച ഉള്ളടക്കങ്ങള്‍ ഓണ്‍ലൈന്‍ പ്രേക്ഷകര്‍ക്കായി അവതരിപ്പിക്കാനാകുമെന്നാണ് ഡിസ്‌നി കരുതുന്നത്.
തങ്ങളുടെ ടിവി ഷോകളിലൂടെയും സിനിമകളിലൂടെയും വിഡിയോ സ്ട്രീമിംഗ് സേവനത്തിന്റെ ഉപയോക്താക്കളാകാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളാണ് ഡിസ്‌നി ആരായുന്നത്. ടെലിവിഷന്‍ രംഗത്തും ഈ ഇടപാട് ഏറെ മുന്നോട്ടുപൊകാന്‍ ഡിസ്‌നിയെ സഹായിക്കും. ഫോക്‌സിനു കീഴിലുള്ള എഫ്എക്‌സ് നെറ്റ് വര്‍ക്‌സ്, നാഷണല്‍ ജ്യോഗ്രഫിക് എന്നീ ചാനലുകള്‍ക്ക് ആഗോള തലത്തില്‍ തന്നെ വന്‍തോതില്‍ പ്രേക്ഷകരുണ്ട്.

ഡിസ്‌നി പ്ലസിനും നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തുന്ന സേവന വിഭാഗത്തിനുമാണ് ഇപ്പോള്‍ മുന്തിയ പരിഗണന നല്‍കുന്നതെന്ന് ഡിസ്‌നി സിഇഒ ബോബ് ഐഗര്‍ പറയുന്നു. ഹുലു എന്നു പേരില്‍ നിലവിലുള്ള വിഡിയോ സ്ട്രീമിംഗ് സേവനത്തില്‍ നിയന്ത്രണാധികാരമുള്ള പങ്കാളിത്തം ഇപ്പോള്‍ ഡിസ്‌നിക്കുണ്ട്. കൂടുതല്‍ പൊതുസ്വഭാവത്തിലുള്ള പരിപാടികളുമായി ഹുലു മുന്നോട്ടുകൊണ്ടുപോകും. കുടുംബ പ്രേക്ഷകരെ ലക്ഷ്യം വെച്ചുള്ള ഷോകളും ചലച്ചിത്രങ്ങളുമാണ് ഡിസ്‌നി പ്ലസില്‍ അവതരിപ്പിക്കുക.

Comments

comments

Categories: FK News