ലോകത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യം ഫിന്‍ലാന്‍ഡ്

ലോകത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യം ഫിന്‍ലാന്‍ഡ്

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യമായി ഫിന്‍ലാന്‍ഡിനെ വീണ്ടും തെരഞ്ഞെടുത്തു. വേള്‍ഡ് ഹാപ്പിനെസ് ഡേ ആയ മാര്‍ച്ച് 20നു യുഎന്‍ സസ്റ്റെയ്‌നബിള്‍ ഡവലപ്‌മെന്റ് സൊല്യൂഷന്‍സ് നെറ്റ്‌വര്‍ക്ക് പുറത്തുവിട്ട 2019-ലെ വാര്‍ഷിക വേള്‍ഡ് ഹാപ്പിനെസ് റിപ്പോര്‍ട്ടിലാണു ഫിന്‍ലാന്‍ഡ് ഒന്നാം സ്ഥാനം നേടിയത്. മൊത്തം 155 രാജ്യങ്ങളെ പിന്തള്ളിയാണു ഫിന്‍ലാന്‍ഡ് ഒന്നാം സ്ഥാനത്തെത്തിയത്. ഡെന്‍മാര്‍ക്ക്, നോര്‍വേ, ഐസ്‌ലാന്‍ഡ്, നെതര്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളാണു ഫിന്‍ലാന്‍ഡിനു പിന്നില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. വരുമാനം, സ്വാതന്ത്ര്യം, വിശ്വാസം, ആരോഗ്യമുള്ള ആയുര്‍ദൈര്‍ഘ്യം, സമൂഹത്തില്‍നിന്നുള്ള പിന്തുണ, ദാനശീലം തുടങ്ങിയ ഒരു മനുഷ്യന്റെ ക്ഷേമത്തിലേക്കു നയിക്കുന്ന ആറ് പ്രധാന ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കുന്നത്. പട്ടികയിലെ ആദ്യ പത്ത് സ്ഥാനങ്ങളിലിടം പിടിക്കുന്ന രാജ്യങ്ങളില്‍ മേല്‍ സൂചിപ്പിച്ച ആറ് കാര്യങ്ങളും വളരെ ഉയര്‍ന്ന നിലയിലായിരിക്കും.

സാമൂഹ്യ സുരക്ഷയ്ക്കായി ഉയര്‍ന്ന നികുതി അടയ്ക്കുന്നവരാണു ഫിന്നിഷുകാര്‍. അവര്‍ക്കു സര്‍ക്കാരില്‍ വിശ്വാസമുണ്ട്. പരസ്പരം ദാനം ചെയ്തു കൊണ്ട് അവര്‍ സ്വാതന്ത്ര്യത്തോടെ ജീവിക്കുന്നു. പരസ്പരം കരുതലേകിയാണ് അവര്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം ഭീകരാക്രമണം അരങ്ങേറിയ ന്യൂസിലാന്‍ഡ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ഇടം നേടിയിരിക്കുന്നത്. വേള്‍ഡ് ഹാപ്പിനെസ് റിപ്പോര്‍ട്ടിലെ ഏറ്റവു ഉയര്‍ന്ന സ്ഥാനത്ത് ഇടം പിടിച്ചതു കൊണ്ടു ഏതെങ്കിലുമൊരു രാജ്യത്തെ ജനങ്ങള്‍ക്ക് അക്രമത്തില്‍നിന്നും സുരക്ഷ ലഭിക്കുമെന്ന് അര്‍ഥമില്ല. ന്യൂസിലാന്‍ഡ് ഉദാഹരണമാണ്. എന്നാല്‍ അക്രമത്തോടുള്ള അവരുടെ പ്രതികരണം വളരെ ഉയര്‍ന്നതായിരിക്കുമെന്ന് ഉറപ്പിക്കാം. പട്ടികയില്‍ ഇപ്രാവിശ്യം യുഎസ് 19-ാം സ്ഥാനത്താണ്. ഇന്ത്യയുടെ സ്ഥാനം 118.

Categories: FK News, Slider
Tags: finland