താരങ്ങള്‍ മദ്യപാനത്തെ പ്രോല്‍സാഹിപ്പിക്കുന്നു

താരങ്ങള്‍ മദ്യപാനത്തെ പ്രോല്‍സാഹിപ്പിക്കുന്നു

സെലിബ്രിറ്റികളുടെ മദ്യപരസ്യങ്ങള്‍ കൗമാരക്കാരെ സ്വാധീനിക്കുന്നു

ലോകമെമ്പാടുമുള്ള പ്രായപൂര്‍ത്തിയാകാത്തവരില്‍ മദ്യപാനശീലം വളര്‍ത്തുന്നതില്‍ കായിക, സിനിമാതാരങ്ങളുടെ പങ്കു നിഷേധിക്കാനാകില്ലെന്നു പഠനം. ഡേവിഡ് ബെക്കാം, മില കുനിസ്, റിയാന്‍ റെയ്‌നോള്‍ഡ്‌സ് തുടങ്ങിയ സെലിബ്രിറ്റികള്‍ കൗമാരക്കാര്‍ക്കിടയിലെ മദ്യപാനം വര്‍ദ്ധിപ്പിക്കുന്നുവെന്നാണ് ബിഎംജെ എന്ന ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍ പുറത്തുവിട്ട പഠനത്തില്‍ പറയുന്നത്. സ്റ്റെര്‍ലിംഗ് സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ മാര്‍ക്കറ്റിംഗ് ഗവേഷകരാണ് കാന്‍സര്‍ റിസര്‍ച്ച് യുകെയില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പഠനം നടത്തിയത്. 11 -19 പ്രായപരിധിയില്‍പ്പെട്ട 3,399 പേരുടെ വിവരങ്ങള്‍ ഇതിനായി ശേഖരിച്ചു. 2017 യൂത്ത് ആല്‍ക്കഹോള്‍ പോളിസി സര്‍വേ എന്നാണ് പഠനത്തിന്റെ പേര്.

ഇവരില്‍ ഏതാണ്ട് അഞ്ചില്‍ ഒരാള്‍ ബ്രാന്‍ഡഡ് മദ്യം ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നു. മദ്യത്തിന്റെ പരസ്യങ്ങള്‍ അവരെ എങ്ങനെ സ്വാധീനിച്ചെന്നും അവരോടു ചോദിച്ചു. പത്രമാസികകള്‍, സമൂഹമാധ്യങ്ങള്‍ എന്നിവയിലും സെലിബ്രിറ്റികള്‍ അണിനിരന്ന പരസ്യങ്ങളിലൂടെയും ലഹരിപാനീയങ്ങളുടെ പ്രത്യേക വിലക്കിഴിവ് സംബന്ധിച്ച അറിയിപ്പുകളിലൂടെയുമൊക്കെയാണ് തങ്ങള്‍ മദ്യപാനത്തിലേക്ക് ആകൃഷ്ടരാകുന്നതെന്ന് അവര്‍ പറയുന്നു. കുടിക്കുന്ന ബ്രാന്‍ഡ്, അളവ്, സമയം എന്നിവയെക്കുറിച്ചും ആരാഞ്ഞു. അവര്‍ നല്‍കിയ ഉത്തരങ്ങള്‍ ആധാരമാക്കി മദ്യത്തിന്റെ ഉപയോഗം നിയന്ത്രിക്കുന്ന ഡിസോര്‍ഡേഴ്‌സ് ഐഡന്റിഫിക്കേഷന്‍ ടെസ്റ്റ് കണ്‍സംപ്ഷന്‍ ഉപയോഗിച്ച്, മദ്യവിപണനത്തിലേക്ക് അവര്‍ എങ്ങനെ ആകൃഷ്ടരായെന്ന് മനസിലാക്കാന്‍ ഗവേഷകര്‍ക്കു സാധിച്ചു.

ഇതനുസരിച്ച് മദ്യവിപണനരീതികളെപ്പറ്റി കൂടുതല്‍ അറിവുള്ളവരാണ് മുഴുക്കുടിയന്മാരാകാന്‍ സാധ്യതയെന്ന് ഗവേഷകര്‍ കണ്ടെത്തി. പഠനവിധേയരായവരില്‍ പോയ മാസം മദ്യത്തിന്റെ പരസ്യങ്ങള്‍ കൂടുതല്‍ കണ്ട 54 പേരെ കണ്ടു. സര്‍വെയില്‍ പങ്കെടുത്ത 76 ശതമാനം പേരും 18 വയസ്സിനു താഴെയുള്ളവരായിരുന്നു. ഇതില്‍ 48 ശതമാനം പേര്‍ കുടിയന്മാരായിരുന്നുവെങ്കില്‍ 44 ശതമാനം മുഴുക്കുടിയന്മാരായിരുന്നു. ബ്രിട്ടണില്‍ 18 വയസ്സിന് താഴെയുള്ളവര്‍ മദ്യം വാങ്ങുന്നതും അവര്‍ക്കു വില്‍ക്കുന്നതും നിയമവിരുദ്ധമാണ്. എന്നാല്‍, മദ്യലൈസന്‍സുള്ള ഒരു ഭക്ഷണശാലയില്‍ മുതിര്‍ന്നവരോടൊപ്പമെത്തുന്ന 16 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് ബിയര്‍, വൈന്‍ എന്നിവ വിളമ്പാം. വീടിനകത്തോ സ്വകാര്യയിടങ്ങളിലോ അഞ്ചിനും പതിനാറിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ മദ്യപിക്കുന്നതിനു നിയമം അനുവദിക്കുന്നു.

മദ്യവിപണനം പരസ്യങ്ങളേക്കാള്‍ വിപുലമായാണു നടക്കുന്നതെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ ഡോ. നഥാന്‍ ക്രിച്ചിലോ പറഞ്ഞു. വിപണനമിശ്രിതം എന്നു വിളിക്കപ്പെടുന്ന ഇതിന് പല രൂപങ്ങളപുണ്ട്. യുവാക്കളുടെ ഓര്‍മ്മകളില്‍ പലപ്പോഴും ഇത് പ്രതിഫലിപ്പിക്കപ്പെട്ടതായി ഞങ്ങള്‍ കണ്ടെത്തിയെന്നും അദ്ദേഹം പറയുന്നു. ടിവി പരസ്യങ്ങള്‍, സെലിബ്രിറ്റികളുടെ ഉപയോഗം, പ്രത്യേക ഓഫറുകള്‍ എന്നിവയിലൂടെയാണ് യുവാക്കളില്‍ മൂന്നിലൊന്നു പേരുടെ ശ്രദ്ധയിലേക്ക് മദ്യബ്രാന്‍ഡുകള്‍ എത്തുന്നത്. അതേസമയം, അഞ്ചിലൊന്നു പേര്‍ പരസ്യപ്പലകകള്‍, സമൂഹമാധ്യമങ്ങള്‍ എന്നിവയിലെ പരസ്യങ്ങളിലൂടെ മദ്യത്തിന്റെ സാന്നിധ്യം ശ്രദ്ധിക്കുന്നു.

മദ്യ ഉപഭോഗംവും അര്‍ബുദവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് കാന്‍സര്‍ റിസര്‍ച്ച് യുകെയിലെ ഗവേഷണവിഭാഗം മേധാവി ഡോ. ജ്യോത്സ്‌ന വോറ പറഞ്ഞു. വായ്, സ്തനം, കുടല്‍, കരള്‍,തൊണ്ട, അന്നനാളം, ശബ്ദനാളി എന്നിങ്ങനെ ഏഴ് വ്യത്യസ്ത തരം കാന്‍സറുകള്‍ക്ക് മദ്യപാനം കാരണമാകാം. ബ്രിട്ടണില്‍ പ്രതിവര്‍ഷം ഏതാണ്ട് 12,000 കാന്‍സര്‍ രോഗികള്‍ ഉണ്ടാകുന്നു. രാജ്യത്തെ പത്തില്‍ ഒരാള്‍ക്ക് അര്‍ബുദ സാധ്യതയുണ്ട്. അതിനാല്‍ മദ്യവിപണി ചെറുപ്പക്കാരെ എങ്ങനെ ബാധിക്കുമെന്ന് വിലയിരുത്താന്‍ കൂടുതല്‍ സൂക്ഷ്മപരിശോധനയും പഠനവും ആവശ്യമാണ്.

Comments

comments

Categories: Health
Tags: Drinking\