കളിക്കളത്തിലെ അപകടങ്ങള്‍ സൂക്ഷിക്കുക

കളിക്കളത്തിലെ അപകടങ്ങള്‍ സൂക്ഷിക്കുക

കളിക്കളത്തില്‍ സംഭവിക്കുന്ന അപകടങ്ങള്‍ നിത്യദുരിതങ്ങളായി മാറാന്‍ സാധ്യതയുണ്ടെന്ന് പഠനം. ഫുട്‌ബോള്‍ അടക്കമുള്ള കളികളില്‍ നടക്കുന്ന അപകടങ്ങള്‍ നിരവധി പേരെ അത്യാഹിത വിഭാഗത്തില്‍ എത്തിക്കുന്നതായി കാണുന്നു.തലച്ചോറിനേറ്റ പരുക്കുകളുമായി 2010 നും 2016 നും ഇടയില്‍ ഏകദേശം രണ്ട് ദശലക്ഷം പ്രായപൂര്‍ത്തിയാകാത്തവര്‍ യുഎസിലെ ആശുപത്രികളില്‍ അത്യാഹിതവിഭാഗങ്ങളില്‍ പ്രവേശിപ്പിക്കപ്പെട്ടതായി സര്‍ക്കാര്‍ റിപ്പോര്‍ട്ട്.

ഫുട്‌ബോള്‍, സൈക്ലിംഗ്, ബാസ്‌കറ്റ്‌ബോള്‍ എന്നിവയാണ് കുട്ടികളെ ദുരിതത്തിലേക്ക് തള്ളിവിടുന്നത്. തലയ്‌ക്കേല്‍ക്കുന്ന പ്രഹരം, കൂട്ടിയിടി എന്നിവയാണ് ഗുരുതരമായി ബാധിക്കുന്നത്. ആവര്‍ത്തിച്ചുള്ള വീഴ്ചകളും പ്രഹരങ്ങളും മസ്തിഷ്‌കത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും നാഡീരോഗങ്ങള്‍ക്കു കാരണമാകുകയും ചെയ്യുന്നതായി യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ റിപ്പോര്‍ട്ട് പറയുന്നു. ഫുട്‌ബോള്‍, ബേസ് ബോള്‍ എന്നിവയടക്കമുള്ള കായിക ഇനങ്ങള്‍ക്ക് യുവജനങ്ങള്‍ക്കിടയില്‍ ജനപ്രീതി വളര്‍ന്നതോടെ ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

തലയ്ക്കു സംഭവിക്കുന്ന ആഘാതങ്ങള്‍ തിരിച്ചറിയല്‍ ശേഷിയെയും ഓര്‍മ്മശക്തിയെയും ബാധിക്കുന്നു. കുട്ടികളുടെ വികസ്വര നാഡീവ്യൂഹങ്ങളും തരുണാസ്ഥികളും ഇത്തരം പരുക്കുകളെ തുടര്‍ന്ന് തകര്‍ന്നു പോകാനിടയുണ്ട്. ഇത് ഭാവിയില്‍ വലിയ പത്യാഘാതങ്ങള്‍ക്കിടയാക്കും. ഗുരുതരമായ മസ്തിഷ്‌കത്തിനേല്‍ക്കുന്ന പരുക്കുകളുടെ കാര്യത്തില്‍ 2012 മുതല്‍ കുറവു കണ്ടിട്ടുണ്ടെങ്കിലും പരുക്കേല്‍ക്കുന്ന ആണ്‍കുട്ടികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിട്ടില്ല.

2012 ലെ കണക്കുകള്‍ പ്രകാരം പെണ്‍കുട്ടികളേക്കാള്‍ രണ്ടിരട്ടിയാണ് മസ്തിഷ്‌ക പരുക്കുകള്‍ ഏല്‍ക്കുന്ന ആണ്‍കുട്ടികളുടെ എണ്ണം. 10നും 17 നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ ഇതിന്റെ നിരക്ക് ഉയരും. പെണ്‍കുട്ടികള്‍, ചെറിയ കുട്ടികള്‍ എന്നിവരേക്കാള്‍ കൗമാരക്കാരന്മാരും യുവാക്കന്മാരുമാണ് കൂടുതലായി ഇത്തരം കളികളില്‍ ഏര്‍പ്പെടുന്നത്.

Comments

comments

Categories: Health