കാനഡ മരുന്ന് ഏജന്‍സി തുടങ്ങുന്നു

കാനഡ മരുന്ന് ഏജന്‍സി തുടങ്ങുന്നു

കനേഡിയന്‍ ജനത ആശ്രയിക്കുന്നത് പൊതു-സ്വകാര്യ ഇന്‍ഷുറന്‍സ് പദ്ധതികളെയാണ്

ദേശീയാരോഗ്യ പദ്ധതി വിപുലീകരിക്കുന്നതിന്റെ ഭാഗമായി മരുന്നുകളുടെ വില കുറയ്ക്കാന്‍ കാനഡ ഒരു ദേശീയ മരുന്ന് ഏജന്‍സിക്കു രൂപം നല്‍കും. സാര്‍വത്രിക പൊതുജനാരോഗ്യ സംരക്ഷണനയമുള്ള മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി, കാനഡയില്‍ മരുന്നുകള്‍ സൗജന്യമല്ല. ഒരു വര്‍ഷത്തിനകം മരുന്നുവില ഗണ്യമായി കുറയ്ക്കാനാണ് ഏജന്‍സി രൂപീകരണം കൊണ്ടു ലക്ഷ്യമിടുന്നതെന്ന് കഴിഞ്ഞ ദിവസത്തെ ബജറ്റ് പ്രഖ്യാപനത്തില്‍ പറയുന്നു.

മിക്ക കനേഡിയരും പൊതു-സ്വകാര്യ ഇന്‍ഷുറന്‍സ് പദ്ധതികളെയാണ് ചികില്‍സയ്ക്ക് ആശ്രയിക്കുന്നത്. കാനഡയിലെ ചട്ടമനുസരിച്ച് മരുന്നു ചെലവ് പൗരന്മാര്‍ വഹിക്കേണ്ടതിനാല്‍ രാജ്യത്തെ ചികില്‍സാചെലവില്‍ വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. 1985 ല്‍ 2.6 ബില്ല്യണ്‍ കനേഡിയന്‍ ഡോളര്‍ ആയിരുന്നു ചെലവെങ്കില്‍ 2018ല്‍ അത് 33.7 ബില്ല്യണ്‍ ആയി ഉയര്‍ന്നു. വരുന്ന ഒക്‌റ്റോബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി മുമ്പോട്ടു വെക്കുന്ന പ്രധാനവാഗ്ദാനം സൗജന്യ മരുന്ന് ലഭ്യതയാണ്.

മറ്റ് വികസിതരാജ്യങ്ങളേക്കാള്‍ ശരാശരി 20 ശതമാനം അധികമാണ് കാനഡയില്‍ ബ്രാന്‍ഡഡ് മരുന്നുകള്‍ക്കു വരുന്ന ചെലവ്. കാനഡയിലെ ജനങ്ങളില്‍ 20 ശതമാനത്തിനും ഇന്‍ഷുറന്‍സില്ല. പുതുതായി രൂപം കൊടുക്കുന്ന ഏജന്‍സി, മരുന്നുവില നിര്‍ണയം സംബന്ധിച്ച് ഫലപ്രദവും ഏകീകൃതവുമായ സമീപനം സ്വീകരിക്കും. ഇതിലൂടെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രതിവര്‍ഷം മൂന്നു ബില്ല്യണ്‍ വരെ മരുന്നുചിലവ് കുറയ്ക്കാനാകുമെന്നാണു പ്രതീക്ഷ.

2022-23 സാമ്പത്തിക വര്‍ഷത്തോടെ ഏജന്‍സി പ്രവര്‍ത്തനമാരംഭിക്കും. അതുവരെ പുതിയ മരുന്നുകളുടെ ഫലപ്രാപ്തി വിലയിരുത്തുകയും, വിലകള്‍ സംബന്ധിച്ച് ഉല്‍പ്പാദകരുമായി വിലപേശല്‍ ചര്‍ച്ചകളിലേര്‍പ്പെടുകയും ചെയ്യാനാണ് തീരുമാനം. മുടക്കുന്ന പണത്തിന്റെ മൂല്യമനുസരിച്ചുള്ള ഗുണം ലഭിക്കണമെന്ന് നിഷ്‌കര്‍ഷിക്കും. എന്നാല്‍, ഈ നടപടികള്‍ കൊണ്ടു മാത്രം നിര്‍ദിഷ്ടമരുന്നുകള്‍ ആവശ്യമുള്ളവര്‍ക്ക് എത്തിക്കാനാകില്ല.രാജ്യത്തെ പൗരന്മാര്‍ക്ക് ആവശ്യമുള്ള മരുന്നുകളെല്ലാം ലഭിക്കുന്നതിന് സഹായകമാകുന്ന പ്രാഥമിക നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ടെന്ന് ധനകാര്യമന്ത്രി ബില്‍ മോര്‍ണ്യു ബജറ്റ് പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

പ്രഖ്യാപനത്തെ രാജ്യത്തെ മരുന്ന് നിര്‍മ്മാതാക്കളുടെ പ്രധാന ലോബി ഗ്രൂപ്പായ ഇന്നൊവേറ്റിവ് മെഡിസിന്‍സ് സ്വാഗതം ചെയ്തു. സങ്കീര്‍ണ്ണമായ മരുന്ന് നിയന്ത്രണ സംവിധാനത്തെ സുഗമമാക്കാനുള്ള നടപടികളെ പിന്തുണയ്ക്കുമെന്ന് അവര്‍ പ്രഖ്യാപിച്ചു. അപൂര്‍വ രോഗങ്ങള്‍ക്ക് കൂടുതല്‍ വില വരുന്ന മരുന്നുകള്‍ ലഭ്യമാക്കുന്നതിനുള്ള ഒരു ദേശീയനയവും സര്‍ക്കാര്‍ രൂപീകരിക്കും. ഇതിനായി 2022-23 സാമ്പത്തിക വര്‍ഷത്തില്‍ രണ്ട് വര്‍ഷത്തേക്ക് ഒരു ബില്ല്യണ്‍ നിക്ഷേപിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

വിലപേശല്‍ ചര്‍ച്ചകളില്‍ ശുഭപ്രതീക്ഷ പുലര്‍ത്തുന്നതായി കനേഡിയന്‍ ലൈഫ് ആന്റ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അസോസിയേഷന്‍ വ്യക്തമാക്കി. ഇത് രാജ്യത്തെ സ്വകാര്യ, പൊതു ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വലിയ സാധ്യത നല്‍കുമെന്ന് അസോസിയേഷന്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ സ്റ്റീഫന്‍ ഫ്രാങ്ക് പറഞ്ഞു. ഏജന്‍സി രൂപീകരണം വൈകുന്നതു സംബന്ധിച്ച അമിത ആശങ്കയില്ലെന്ന് അദ്ദേഹം പറഞ്ഞു.

ചികില്‍സാചെലവുകള്‍ കുറയ്ക്കുന്നതിന് കാനഡ പദ്ധതി ആവിഷ്‌കരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മരുന്നുചെലവുകള്‍ ഏകീകരിക്കുന്നതിലൂടെ അത്തരം നടപടികള്‍ക്കു തുടക്കമാകുകയാണ്. മരുന്നുവില കുറയ്ക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ലിബറല്‍ പാര്‍ട്ടി തയാറാകുമെന്നും പ്രവചിക്കപ്പെട്ടിരുന്നു.  മരുന്ന് വിതരണം സംബന്ധിച്ച് ഓഗസ്റ്റില്‍ നടക്കുന്ന കനേഡിയന്‍ അഡൈ്വസറി കൗണ്‍സിലിന്റെ അന്തിമറിപ്പോര്‍ട്ടനുസരിച്ചാണ് ഈ പദ്ധതിയുടെ ഭാവി.

Comments

comments

Categories: Health