ബെസോസിനൊപ്പം ബില്‍ ഗേറ്റ്‌സും 100 ബില്യണ്‍ ക്ലബില്‍

ബെസോസിനൊപ്പം ബില്‍ ഗേറ്റ്‌സും 100 ബില്യണ്‍ ക്ലബില്‍

ഈ വര്‍ഷം 9.5 ബില്യണ്‍ ഡോളര്‍ ആസ്തിയിലേക്ക് കൂട്ടിച്ചേര്‍ത്താണ് ഗേറ്റ്‌സ് ‘അതി-ശതകോടീശ്വര’ പട്ടികയില്‍ സ്ഥാനം പിടിച്ചത്

വാഷിംഗ്ടണ്‍: ലോകത്തെ 100 ബില്യണ്‍ ഡോളര്‍ ക്ലബിലെ വിരസമായ ഏകാന്തത ഇനി ആമേസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന് അവസാനിപ്പിക്കാം. മൈക്രോസോഫ്റ്റ് കോര്‍പ്പറേന്‍ സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സും 100 ബില്യണ്‍ ഡോളര്‍ ക്ലബ്ബില്‍ സ്ഥാനം പിടിച്ചെന്ന് ബ്ലൂംബെര്‍ഗ് ബില്യണേഴ്‌സ് ഇന്‍ഡെക്‌സ് വ്യക്തമാക്കുന്നു. ഈ വര്‍ഷം 9.5 ബില്യണ്‍ ഡോളര്‍ ആസ്തിയിലേക്ക് കൂട്ടിച്ചേര്‍ത്താണ് ഗേറ്റ്‌സ് ‘അതി-ശതകോടീശ്വര’ പട്ടികയില്‍ സ്ഥാനം പിടിച്ചത്. അതേസമയം ജെഫ് ബെസോസിന്റെ ആസ്തി നിലവില്‍ 145.6 ബില്യണ്‍ ഡോളറാണ്. ഈ വര്‍ഷം ഇതുവരെ 20.7 ബില്യണ്‍ ഡോളറാണ് അദ്ദേഹം തന്റെ സമ്പത്തിലേക്ക് കൂട്ടിച്ചേര്‍ത്തത്.

കൂടുതല്‍ ധനികരായവര്‍ അതിവേഗം കൂടുതല്‍ സമ്പത്ത് സ്വരുക്കൂട്ടുന്നെന്ന ആഗോള പ്രവണതക്ക് അനുസൃതമായാണ് ബെസോസിന്റെയും ബില്‍ ഗേറ്റ്‌സിന്റെയും നേട്ടം വിലയിരുത്തപ്പെടുന്നത്. ഫ്രഞ്ച് ബിസിനസ് ഭീമനായ ബെര്‍ണാഡ് അര്‍നോള്‍ട്ടിന് 86.2 ബില്യണ്‍ ഡോളര്‍ ആസ്തിയാണുള്ളത്. ഫ്രാന്‍സിന്റെ സമ്പദ് വ്യവസ്ഥയുടെ മൂന്ന് ശതമാനത്തിന് തുല്യമാണിത്. സ്പാനിഷ് ശതകോടീശ്വരനായ അമാനികൊ ഒര്‍ട്ടെഗയുടെ അറ്റ ആസ്തി ആ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 5 ശതമാനം വരും. ജോര്‍ജിയന്‍ ബിസിനസുകാരനായ ബിഡ്‌സിന ഇവാനിഷ്‌വിലിയുടെ ആസ്തി ആ രാജ്യത്തിന്റെ ജിഡിപിയുടെ മൂന്നിലൊന്നോളമുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

എന്നാല്‍ ഗേറ്റ്‌സിന്റെയും ബെസൊസിന്റെയും വന്‍ സമ്പത്ത് അധികകാലം നിലനില്‍ക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ബില്‍ ഗേറ്റ്‌സും ഭാര്യ മെലിന്‍ഡയും ചേര്‍ന്ന് രൂപം നല്‍കിയ ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷനിലേക്ക് 35 ബില്യണ്‍ ഡോളറിലധികം ഗേറ്റ്‌സ് സംഭാവന ചെയ്തിട്ടുണ്ട്. സമ്പത്തിന്റെ പകുതിയോളം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. ജെഫ് ബെസോസാവട്ടെ വിവാഹ മോചനത്തിനൊരുങ്ങുകയാണ്. സ്വത്തിന്റെ വലിയൊരു വിഹിതം ഭാര്യ മക്കെന്‍സിയ്ക്ക് നല്‍കേണ്ടി വരുന്നത് മൂലം അദ്ദേഹത്തിന്റെ സമ്പത്തും കുറയും. ഇതോടെ ലോകത്തിലെ ഏറ്റവും ധനികയായ വനിതയായി മക്കെന്‍സി മാറുമെന്നുമാണ് അനുമാനം.

Comments

comments

Categories: FK News
Tags: Bill Gates