ഏറ്റവും വലിയ കൃത്രിമ ദ്വീപ് നിര്‍മിക്കാനൊരുങ്ങി ഹോങ്കോങ്

ഏറ്റവും വലിയ കൃത്രിമ ദ്വീപ് നിര്‍മിക്കാനൊരുങ്ങി ഹോങ്കോങ്

ഹോങ്കോങ്: ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ ദ്വീപുകളിലൊന്നു നിര്‍മിക്കാനൊരുങ്ങുകയാണു ഹോങ്കോങ്. 79 ബില്യന്‍ യുഎസ് ഡോളറെന്ന കണ്ണഞ്ചിപ്പിക്കുന്ന തുകയാണ് കൃത്രിമ ദ്വീപിനു വേണ്ടി ചെലവഴിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. കൃത്രിമ ദ്വീപും അതിനുള്ളില്‍ പുതിയ ഗതാഗത ശൃംഖലയും നിര്‍മിക്കുന്നതോടെ ഹോങ്കോങിലെ മൂന്നാമത്തെ വലിയ ബിസിനസ് ഡിസ്ട്രിക്റ്റും ഹൗസിംഗ് ഹബ്ബുമായിരിക്കും(പാര്‍പ്പിട കേന്ദ്രം) രൂപപ്പെടുകയെന്ന് റിപ്പോര്‍ട്ടുണ്ട്. ലാന്റൗ ടുമോറോ വിഷന്‍ (Lantau Tomorrow Vision) എന്നാണു പദ്ധതിയുടെ പേര്. പദ്ധതിക്കെതിരേ പരിസ്ഥിതി പ്രവര്‍ത്തകരടക്കം നിരവധി കോണുകളില്‍നിന്നുള്ളവര്‍ പ്രതിഷേധമുയര്‍ത്തിയി രംഗത്തു വന്നിട്ടുണ്ട്. പദ്ധതി സമുദ്രജീവികള്‍ക്കു ഭീഷണിയാണെന്നു പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. പദ്ധതി, പൊതുഖജനാവിന് അധിക ബാദ്ധ്യത വരുത്തിവയ്ക്കുന്നതാണെന്ന പരാതിയുമുണ്ട്. പദ്ധതി 2025-ല്‍ പൂര്‍ത്തീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപ്പോള്‍ പദ്ധതി തുക 112 ബില്യന്‍ ഡോളറിലെത്തുമെന്നും പറയപ്പെടുന്നു. ദുബായിയില്‍ പാം ജുമെയ്‌റ എന്ന പാം ട്രീ (പന മരം) രൂപത്തിലുള്ള കൃത്രിമ ദ്വീപ് നിര്‍മിച്ചതിനേക്കാള്‍ ആറിരട്ടി ചെലവ് ഹോങ്കോങ് നിര്‍മിക്കാന്‍ പോകുന്ന ദ്വീപിന് വരുമെന്നു കണക്കാക്കപ്പെടുന്നു.

ഹോങ്കോങ് നഗരത്തിന്റെ നിലവിലെ ധന കരുതല്‍ തുകയുടെ (fiscal reserves) പകുതിയോളം ചെലവഴിക്കേണ്ടതായി വരും പദ്ധതിക്ക്. ഹോങ്കോങില്‍ 1998ല്‍ തുറന്ന അന്താരാഷ്ട്ര എയര്‍പോര്‍ട്ടിന്റെ നാല് മടങ്ങ് ചെലവ് വരുന്നതാണ് ഇപ്പോള്‍ നിര്‍മിക്കാന്‍ പോകുന്ന കൃത്രിമ ദ്വീപിന്റെ ചെലവ്. ഈ ദ്വീപ് രൂപപ്പെടുമ്പോള്‍ അതിന്റെ 70 ശതമാനവും പാര്‍പ്പിടത്തിനായിട്ടായിരിക്കും വിനിയോഗിക്കുകയെന്നു സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. 2,60,000 റെസിഡന്‍ഷ്യല്‍ യൂണിറ്റുകളായിരിക്കും നിര്‍മിക്കുക. ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ നഗരങ്ങളിലൊന്നാണു ഹോങ്കോങ്. ഉയര്‍ന്ന ചെലവ് വരുന്നതിനാല്‍ നഗരവാസികളില്‍ ഭൂരിഭാഗത്തിനും പാര്‍പ്പിട സൗകര്യം അപ്രാപ്യമായിരിക്കുകയാണ്. നഗരത്തിലെ ഒട്ടുമിക്ക ഭൂപ്രദേശങ്ങളും പ്രോപ്പര്‍ട്ടി ഡവലപ്പര്‍മാര്‍ കൈയ്യടിവച്ചിരിക്കുകയാണ്. ഈയൊരു സാഹചര്യം മറികടക്കാനാണു കൃത്രിമ ദ്വീപ് നിര്‍മിക്കുന്നതെന്നാണു പദ്ധതിയെ അനുകൂലിക്കുന്നവര്‍ പറയുന്നത്.

Comments

comments

Categories: FK News