എഐ വൈദഗ്ധ്യം ഉള്ളത് 3% ഇന്ത്യന്‍ ടെക്കികള്‍ക്ക് മാത്രം

എഐ വൈദഗ്ധ്യം ഉള്ളത് 3% ഇന്ത്യന്‍ ടെക്കികള്‍ക്ക് മാത്രം

89 ശതമാനം ഇന്ത്യന്‍ എന്‍ജിനീയര്‍മാരും തൊഴിലിനാവശ്യമായ നൈപുണ്യം കൈമുതലായി ഇല്ലാത്തവരാണ്

ന്യൂഡെല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, ഡാറ്റാ സയന്‍സ്, മൊബീല്‍ ഡെവലപ്‌മെന്റ് എന്നീ നൂതന സാങ്കേതിക വിദ്യകളില്‍ കേവലം 3 ശതമാനത്തോളം ഇന്ത്യന്‍ ടെക്കികള്‍ക്ക് മാത്രമാണ് വൈദഗ്ധ്യമുള്ളതെന്ന് സുപ്രധാന പഠന റിപ്പോര്‍ട്ട്. ആഗോള തലത്തിലെ തന്നെ മുന്‍നിര തൊഴില്‍ശേഷി വിലയിരുത്തല്‍ സ്ഥാപനമായ ആസ്പിരിംഗ് മൈന്‍ഡ്‌സ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യന്‍ സാങ്കേതിക മുന്നേറ്റത്തിന് വെല്ലുവിളിയുണര്‍ത്തുന്ന വൈദഗ്ധ്യ വിടവ് ചൂണ്ടിക്കാണിക്കുന്നത്. തൊഴില്‍ ശേഷി സംബന്ധിച്ച് ആസ്പിരിംഗ് മൈന്‍ഡ്‌സ് പുറത്തിറക്കുന്ന ഏഴാമത് വാര്‍ഷിക റിപ്പോര്‍ട്ടാണിത്.

കോഡിംഗ് സാധ്യമാകുന്ന എന്‍ജിനീയര്‍മാരുടെ പ്രാതിനിധ്യം ഇന്ത്യയെ അപേക്ഷിച്ച് യുഎസില്‍ നാലുമടങ്ങ് അധികമാണെന്നാണ് കണക്കാക്കുന്നത്. സോഫ്റ്റ്‌വെയര്‍ അധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആവശ്യമായ ടെക്‌നിക്കല്‍, കൊഗ്നിറ്റിവ്, കോഡിംഗ് ലാംഗ്വേജ് ശേഷികള്‍ ഇന്ത്യയിലെ 3.84 ശതമാനം എന്‍ജിനീയര്‍മാര്‍ക്ക് മാത്രമാണുള്ളത്. വളരേ വേഗത്തില്‍ പരിഹാരം കാണേണ്ട സാഹചര്യമാണുള്ളതെന്ന് ആസ്പിരിംഗ് മൈന്‍ഡ്‌സിന്റെ സഹ സ്ഥാപകനും ചീഫ് ടെക്‌നിക്കല്‍ ഓഫിസറുമായ വരുണ്‍ അഗര്‍വാള്‍ പറയുന്നു. ഇന്ത്യയുടെ ഐടി വ്യവസായത്തിന്റെ മുന്നോട്ടുപോക്കിനും ആഗോളതലത്തില്‍ പ്രാധാന്യം നിലനിര്‍ത്തുന്നതിനും പുതിയ വൈദഗ്ധ്യങ്ങളുടെ വളര്‍ച്ചയില്‍ ഇന്ത്യ ശ്രദ്ധയൂന്നേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

വിവര സാങ്കേതികമേഖലയിലെ തൊഴില്‍ നേടാനുള്ള ശേഷിയില്‍ ഇന്ത്യക്കാര്‍ വളരേ പുറകില്‍ തന്നെ തുടരുകയാണ്. 89 ശതമാനം ഇന്ത്യന്‍ എന്‍ജിനീയര്‍മാരും തൊഴിലിനാവശ്യമായ നൈപുണ്യം കൈമുതലായി ഇല്ലാത്തവരാണെന്നാണ് കണക്കാക്കുന്നത്. യുഎസിലും ചൈനയിലുമായി ജോലിക്ക് ശ്രമിക്കുന്ന 1.7 ലക്ഷത്തോളം എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളില്‍ നിന്നും 70,000ഓളം എന്‍ജിനീയര്‍മാരില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍വേ റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്.

ഇന്ത്യന്‍ എന്‍ജിനീയര്‍മാരുടെ തൊഴില്‍ ശേഷി കുറഞ്ഞിരിക്കുന്നതിന്റെ ചില കാരണങ്ങളും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. 40 ശതമാനത്തോളം എന്‍ജിനീയറിംഗ് ബിരുദധാരികള്‍ മാത്രമാണ് ഇന്ത്യയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നത്. കോഴ്‌സിന്റെ ഭാഗമായല്ലാതെ ഏതെങ്കിലും പ്രൊജക്റ്റുകള്‍ ചെയ്യുന്നത് 36 ശതമാനത്തോളം എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ മാത്രമാണ്. 47 ശതമാനത്തോളം പേര്‍ വ്യാവസായിക സംഭാഷണങ്ങളുടെ സദസിന്റെ ഭാഗമായിട്ടുണ്ട്. 60 ശതമാനത്തോളം എന്‍ജിനീയറിംഗ് അധ്യാപകരും വിവിധ ആശയങ്ങളുടെ വ്യാവസായിക ഉപയോഗത്തെ കുറിച്ച് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതേയില്ല. വെറും ഏഴു ശതമാനം എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഒന്നിലധികം ഇന്റേണ്‍ഷിപ്പുകള്‍ ചെയ്തിട്ടുള്ളത്.
എന്‍ജിനീയറിംഗ് പഠനത്തിന്റെ ആദ്യ വര്‍ഷം മുതല്‍ തന്നെ തൊഴില്‍ ശേഷി വിലയിരുത്തലുകളും അതിനനുസൃതമായ പരിശീലനങ്ങളും സംഘടിപ്പിക്കണമെന്ന് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. വിദ്യാര്‍ത്ഥികളുടെ അടിസ്ഥാനപരമായ വൈദഗ്ധ്യങ്ങള്‍ ആദ്യഘട്ടത്തില്‍ തന്നെ തിരിച്ചറിയണമെന്നും തൊഴില്‍ ശേഷിയെ പിന്നോട്ടുവലിക്കുന്ന മേഖലകളില്‍ ആറുമാസം വരെ നീളുന്ന പരിശീലനം ആവശ്യമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. പരീക്ഷാ സമ്പ്രദായം പരിഷ്‌കരിക്കുക, പ്രൊജക്റ്റ് അധിഷ്ഠിത പഠനം നടപ്പാക്കുക, ഗവേഷണ പദ്ധതികള്‍ ആവിഷ്‌കരിക്കുക, ഇന്റേണ്‍ഷിപ്പുകള്‍ പ്രോല്‍സാഹിപ്പിക്കുക തുടങ്ങിയവയാണ് മറ്റ് പ്രധാന നിര്‍ദേശങ്ങള്‍.

Comments

comments

Categories: FK News