3% മൂല്യം വര്‍ധിപ്പിച്ച് രൂപ

3% മൂല്യം വര്‍ധിപ്പിച്ച് രൂപ

ഏഷ്യയിലെ ഏറ്റവും മികച്ച കറന്‍സി; ഭരണത്തുടര്‍ച്ചാ പ്രതീക്ഷകളും ബാലാകോട്ട് വ്യോമാക്രമണവും തുണയായി

മുംബൈ: തെരഞ്ഞെടുപ്പ് പ്രതീക്ഷകളുടെ പിന്‍ബലത്തില്‍ കരകയറി ഇന്ത്യന്‍ രൂപ. കഴിഞ്ഞ വര്‍ഷം ഏഷ്യയില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച കറന്‍സികളിലൊന്നെന്ന ദുഷ്‌പേര് പൂര്‍ണമായും മായിക്കുന്ന പ്രകടനമാണ് ഫെബ്രുവരി ആദ്യ വാരം മുതല്‍ രൂപ നടത്തുന്നത്. ഡോളറിലെ അപേക്ഷിച്ച് 3 ശതമാനത്തിലേറെ മൂല്യ വര്‍ധനയാണ് ഇന്ത്യന്‍ കറന്‍സി കൈവരിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ വരുമെന്ന പ്രതീക്ഷകള്‍ സജീവമായതാണ് രൂപയുടെ ഉണര്‍വിന്റെ പ്രധാന കാരണങ്ങളിലൊന്ന്.

നിലവില്‍ ഡോളറിനെതിരെ 68.82 എന്ന നിലയിലാണ് രൂപയുടെ മൂല്യം. കഴിഞ്ഞ ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും ശക്തമായ സ്ഥിതി. 2018 ആഗസ്റ്റ് ഒന്നിനാണ് ഇത്രയും ഉയര്‍ന്ന മൂല്യത്തിലേക്ക് രൂപ എത്തിയിട്ടുളളത്. അന്ന് ഡോളറിനെതിരെ 68.43 എന്ന നിലയിലായിരുന്നു ഇന്ത്യന്‍ രൂപയുടെ മൂല്യം. മോദി അധികാരത്തുടര്‍ച്ച നേടിയാല്‍ രൂപയുടെ മൂല്യം വീണ്ടും ഉയരുമെന്നും ജൂണ്‍ അവസാനത്തോടെ 67 ലേക്ക് എത്തിയേക്കുമെന്നും ബ്ലൂംബെര്‍ഗിനോട് പ്രതികരിച്ച സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഉയര്‍ന്ന് വരുന്ന മറ്റ് വിപണികളിലെ കറന്‍സികളെ അപേക്ഷിച്ച് ഏറ്റവും മികച്ച പ്രകടം കാഴ്ചവെച്ചത് രൂപയാണെന്ന് റിസര്‍ച്ച് സ്ഥാപനമായ കാപിറ്റല്‍ ഇക്കണോമിക്‌സ് പറയുന്നു. ”ഹ്രസ്വകാലാടിസ്ഥാനത്തില്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പിന്റെ ഒരു ബാരോമീറ്ററാണ് രൂപ,” എന്നാണ് സിംഗപ്പൂര്‍ ബാങ്കായ ഡിബിഎസ് വിലയിരുത്തുന്നത്. വിദേശ നിക്ഷേപത്തിലെ ഒഴുക്കും തെരഞ്ഞെടുപ്പിന്റെ മറ്റൊരു പ്രതിഫലനമാണ്. മാര്‍ച്ച് മാസത്തില്‍ ഇതുവരെ 3.3 ബില്യണ്‍ ഡോളറിന്റെ ഓഹരിയാണ് വിദേശ നിക്ഷേപകര്‍ വാങ്ങിച്ചത്. ഈ വര്‍ഷം ആകെ വാങ്ങിയ 5.6 ബില്യണ്‍ ഡോളറിന്റെ പകുതിയിലധികം വരുമിത്. കഴിഞ്ഞമാസം നിഫ്റ്റി 50, സെന്‍സെക്‌സ് സൂചികകള്‍ 8 ശതമാനത്തോളം ഉയര്‍ന്നിരുന്നു.

അതേസമയം മുന്നേറ്റം എത്രകാലം തുടരാനാവുമെന്നതില്‍ ഡിബിഎസ് സംശയം പ്രകടിപ്പിക്കുന്നുണ്ട്. രൂപയെ സ്വാധീനിക്കുന്ന നിരവധി ബാഹ്യ ഘടകങ്ങളാണ് ഇതിന് കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നത്. ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് നിലപാട്, യുഎസ്-ചൈന വ്യാപാര യുദ്ധം, ബ്രക്‌സിറ്റ് പ്രതീക്ഷകള്‍ ഇവയെല്ലാം നിര്‍ണായക ഘടകങ്ങളാണ്. വര്‍ഷാവസാനത്തോടെ രൂപയുടെ മൂല്യം ഡോളറിനെതിരെ 72 ലേക്ക് എത്തുമെന്ന് കാപിറ്റല്‍ ഇക്കണോമിക്‌സും 70 ലേക്ക് താഴുമെന്ന് ഡിബിഎസും കണക്കാക്കുന്നു.

Categories: FK News, Slider
Tags: Rupee