കൂടുതല്‍ ഫീച്ചറുകളോടെ 2019 ഡാറ്റ്‌സണ്‍ റെഡി-ഗോ

കൂടുതല്‍ ഫീച്ചറുകളോടെ 2019 ഡാറ്റ്‌സണ്‍ റെഡി-ഗോ

ഹാച്ച്ബാക്കിന്റെ എല്ലാ വേരിയന്റുകളിലും എബിഎസ് സ്റ്റാന്‍ഡേഡായി നല്‍കി

ന്യൂഡെല്‍ഹി : കൂടുതല്‍ ഫീച്ചറുകള്‍ നല്‍കി 2019 മോഡല്‍ ഡാറ്റ്‌സണ്‍ റെഡി-ഗോ വിപണിയിലെത്തിച്ചു. പരിഷ്‌കരിച്ച ഹാച്ച്ബാക്കിന് നിലവിലെ മോഡലിനേക്കാള്‍ ഏകദേശം 7,000 രൂപ വില കൂടുതലാണ്. നിലവില്‍ 2.68 ലക്ഷം രൂപ മുതലാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. സുരക്ഷയും സുഖസൗകര്യങ്ങളും നല്‍കുന്ന ഫീച്ചറുകളാണ് പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. മെക്കാനിക്കല്‍ മാറ്റങ്ങളില്ല. ഇന്ത്യയില്‍ ഡാറ്റ്‌സണ്‍ ബ്രാന്‍ഡില്‍ വിപണിയിലെത്തിക്കുന്ന എന്‍ട്രി ലെവല്‍ മോഡലാണ് റെഡി-ഗോ.

2019 ഡാറ്റ്‌സണ്‍ റെഡി-ഗോയുടെ എല്ലാ വേരിയന്റുകളിലും ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്) സ്റ്റാന്‍ഡേഡായി നല്‍കിയിരിക്കുന്നു. എന്നാല്‍ ഡ്രൈവര്‍ എയര്‍ബാഗ് ടോപ് സ്‌പെക് എസ് വേരിയന്റില്‍ മാത്രമായി തുടരും. സ്റ്റാന്‍ഡേഡായി ലഭിക്കില്ല. ടി, ടി(ഒ), എസ് എന്നീ വേരിയന്റുകളില്‍ റിമോട്ട് കീ സഹിതം സെന്‍ട്രല്‍ ലോക്കിംഗ് നല്‍കിയിരിക്കുന്നു. എ വേരിയന്റില്‍ പവര്‍ സ്റ്റിയറിംഗ് നല്‍കി.

അതേസമയം മെക്കാനിക്കല്‍ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. 0.8 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 53 ബിഎച്ച്പി കരുത്തും 72 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തിരിക്കുന്നു. 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 67 ബിഎച്ച്പി കരുത്തും 91 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 5 സ്പീഡ് മാന്വല്‍, എഎംടി എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.

ഡാറ്റ്‌സണ്‍ റെഡി-ഗോ കൂടാതെ, റെനോ ക്വിഡ് മാത്രമാണ് ഈ സെഗ്‌മെന്റില്‍ സ്റ്റാന്‍ഡേഡ് ഫീച്ചറായി എബിഎസ് ലഭിച്ച ഏക മോഡല്‍. ഡാറ്റ്‌സണ്‍ റെഡി-ഗോ, റെനോ ക്വിഡ് മോഡലുകള്‍ ഒരേ സിഎംഎഫ്-എ പ്ലാറ്റ്‌ഫോമാണ് അടിസ്ഥാനമാക്കുന്നത്. രണ്ട് മോഡലുകളും ചെന്നൈയിലെ റെനോ-നിസാന്‍ പ്ലാന്റില്‍ നിര്‍മ്മിക്കുന്നു. സെഗ്‌മെന്റിലെ ബെസ്റ്റ് സെല്ലര്‍ മാരുതി സുസുകി ഓള്‍ട്ടോ ആണെങ്കിലും ടോപ് വേരിയന്റുകളില്‍ മാത്രമാണ് എബിഎസ് നല്‍കിയിട്ടുള്ളത്. അടുത്ത തലമുറ ആള്‍ട്ടോ 2020 ല്‍ വിപണിയിലെത്തും. എബിഎസ് ഉള്‍പ്പെടെയുള്ളവ സ്റ്റാന്‍ഡേഡ് ഫീച്ചറായി എല്ലാ വേരിയന്റുകളിലും നല്‍കുമെന്ന് പ്രതീക്ഷിക്കാം.

Comments

comments

Categories: Auto