ഇന്ത്യന്‍ വിപണിയില്‍ 3,500 കോടി രൂപ നിക്ഷേപിച്ച് ഷഓമി

ഇന്ത്യന്‍ വിപണിയില്‍ 3,500 കോടി രൂപ നിക്ഷേപിച്ച് ഷഓമി

രാജ്യത്ത് ഷഓമി നടത്തിയിട്ടുള്ളതില്‍ ഏറ്റവും വലിയ നിക്ഷേപമാണിത്

ന്യൂഡെല്‍ഹി: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ഭീമന്‍ ഷഓമി ഇന്ത്യന്‍ ബിസിനസില്‍ 3,500 കോടി രൂപയുടെ നിക്ഷേപം നടത്തി. നാല് വര്‍ഷം മുന്‍പാണ് ഷഓമി ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ അരങ്ങേറ്റം കുറിച്ചത്. ഇക്കാലയളവിനിടെ കമ്പനി രാജ്യത്ത് നടത്തിയിട്ടുള്ളതില്‍ ഏറ്റവും വലിയ നിക്ഷേപമാണിത്. വിപണി വിഹിതത്തിന്റെ അടിസ്ഥാനത്തില്‍ സാംസംഗിനെ മറികടന്ന് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ആധിപത്യമുറപ്പിക്കാനും നാല് വര്‍ഷംകൊണ്ട് ഷഓമിക്ക് കഴിഞ്ഞിട്ടുണ്ട്.

മികച്ച ഫീച്ചറുകളിലെത്തുന്ന ഷഓമി സ്മാര്‍ട്ട്‌ഫോണുകളുടെ വില തന്നെയാണ് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ബ്രാന്‍ഡിനെ ആകര്‍ഷണമാക്കിയതിന്റെ പിന്നിലെ പ്രധാന കാരണം. രണ്ട് ഘട്ടമായാണ് ഷഓമി തങ്ങളുടെ ഇന്ത്യന്‍ യൂണിറ്റില്‍ നിക്ഷേപം നടത്തിയതെന്ന് രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ സമര്‍പ്പിച്ച രേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാര്‍ച്ച് ഒന്നിന് 2,000 കോടി രൂപയും ജനുവരി 17ന് 1,500 കോടി രൂപയുമാണ് കമ്പനി നിക്ഷേപിച്ചത്. അതേസമയം, നിക്ഷേപം എന്തിനാണ് വിനിയോഗിക്കുകയെന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല.

ലോകത്തിലെ തന്നെ ഏറ്റവും ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകളിലൊന്നാണ് ഷഓമി. ഇന്ത്യന്‍ വിപണിയില്‍ വാട്ടര്‍ പ്യൂരിഫയര്‍, റഫ്രിജറേറ്റര്‍, വാഷിംഗ്‌മെഷീന്‍, ലാപ്‌ടോപ്പ് എന്നിവയടങ്ങുന്ന വൈറ്റ് ഗുഡ്‌സ് വിഭാഗത്തിലേക്ക് കടക്കുന്നതിനായിരിക്കും കമ്പനി ഈ നിക്ഷേപം വിനിയോഗിക്കുകയെന്നാണ് മേഖലയില്‍ നിന്നുള്ള എക്‌സിക്യൂട്ടീവുകള്‍ പറയുന്നത്. ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ നേതൃസ്ഥാനം നിലനിര്‍ത്തുന്നതിനായി മി ഹോം റീട്ടെയ്ല്‍ സ്‌റ്റോറുകള്‍ വിപുലീകരിക്കാനും ഷഓമി നിക്ഷേപം ഉപയോഗപ്പെടുത്തിയേക്കും.

സാംസംഗുമായുള്ള കടുത്ത മത്സരം തന്നെയാണ് രാജ്യത്ത് കൂടുതല്‍ നിക്ഷേപം നടത്താന്‍ ഷഓമിയെ പ്രേരിപ്പിച്ചത്. ഒന്നിലധികം പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലെത്തിച്ചുകൊണ്ട് നേതൃസ്ഥാനം തിരിച്ചുപിടിക്കുന്നതിനുള്ള പദ്ധതികള്‍ സാംസംഗ് ആസൂത്രണം ചെയ്ത പശ്ചാത്തലത്തിലാണ് ഷഓമി നിക്ഷേപം നടത്തിയിരിക്കുന്നത്. ഫിള്പ്കാര്‍ട്ടിലെയും ആമസോണിലെയും വില്‍പ്പന വഴിയാണ് ഷഓമി ഇന്ത്യയില്‍ വില്‍പ്പന വളര്‍ച്ച നേടിയത്. ബ്രിക്-ആന്‍ഡ്-മോര്‍ട്ടാര്‍ സ്‌റ്റോറുകളിലൂടെ വില്‍ക്കുന്നതിനേക്കാള്‍ ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ വഴി സ്മാര്‍ട്ട്‌ഫോണ്‍ വില്‍ക്കുമ്പോള്‍ കമ്പനിക്ക് പ്രവര്‍ത്തന ചെലവ് കുറവാണ്.

വിപണി ഗവേഷണ സംരംഭമായ കൗണ്ടര്‍പോയ്ന്റ് റിസര്‍ച്ചില്‍ നിന്നുള്ള കണക്ക് അനുസരിച്ച് 2018ല്‍ 28 ശതമാനം വിഹതമാണ് ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഷഓമിക്ക് നേടാനായത്. 2017ല്‍ 19 ശതമാനമായിരുന്നു കമ്പനിയുടെ വിപണി വിഹിതം. എന്നാല്‍, സാംസംഗ്, വിവോ, ഒപ്പോ എന്നീ കമ്പനികളുടെ വിപണി വിഹിത്തില്‍ വലിയ മാറ്റങ്ങളൊന്നും ഈ രണ്ട് വര്‍ഷങ്ങളില്‍ ഉണ്ടായിട്ടില്ല. കഴിഞ്ഞ വര്‍ഷം സാംസംഗ് 24 ശതമാനവും വിവോ പത്ത് ശതമാനവും ഒപ്പോ എട്ട് ശതമാനവും വിപണി വിഹിതമാണ് രേഖപ്പെടുത്തിയത്.

2017 ഒക്‌റ്റോബര്‍-ഡിസംബര്‍ പാദത്തിലാണ് ഷഓമി സാംസംഗിനെ മറികടന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഷഓമി ടെക്‌നോളജി ഇന്ത്യയുടെ വില്‍പ്പനയില്‍ 175 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 23,060 കോടി രൂപയുടെ വില്‍പ്പന വരുമാനം ഇക്കാലയളവില്‍ കമ്പനി നേടി. അറ്റ ലാഭം 79 ശതമാനം വര്‍ധിച്ച് 293 കോടി രൂപയിലെത്തി. വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഇപ്പോഴും സാംസംഗ് തന്നെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനി. 37,350 കോടി രൂപയുടെ വരുമാനമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയിലെ മൊബീല്‍ ഫോണ്‍ ബിസിനസില്‍ നിന്നും സാംസംഗ് നേടിയത്.

Comments

comments

Categories: Business & Economy
Tags: Xiaomi