ഭീതിവിതച്ച് വെസ്റ്റ്‌നൈല്‍

ഭീതിവിതച്ച് വെസ്റ്റ്‌നൈല്‍

മലപ്പുറത്ത് മരണം റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് വെസ്റ്റ്‌നൈല്‍ പനി കേരളജനതയില്‍ ഭയം സൃഷ്ടിച്ചിരിക്കുകയാണ്

വൈറല്‍ പനിവിഭാഗത്തില്‍പ്പെട്ട വെസ്റ്റ്‌നൈല്‍ ബാധിച്ച് മലപ്പുറത്ത് ആറുവയസുകാരന്‍ മരിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് നിപ ബാധയ്ക്കു ശേഷം വീണ്ടും വലിയ ഭീതി ഉടലെടുത്തിരിക്കുകയാണ്. നാഡീവ്യൂഹത്തെ ബാധിക്കുന്ന വെസ്റ്റ്‌നൈല്‍ പനി പടര്‍ത്തുന്ന വൈറസ്, ഫഌവിവിറിഡേയ് വിഭാഗത്തില്‍പ്പെടുന്നവയാണ്. കൊതുകുകളും പക്ഷികളും ഈ വൈറസ് വാഹകരാണ്. മനുഷ്യരില്‍ നിന്നു മനുഷ്യരിലേക്കു പകരുന്നവയല്ലെങ്കിലും സസ്തനികളില്‍ നിന്നു സസ്തനി ജീവികളിലേക്ക് പകരുമെന്നതിനാല്‍ നിപ വൈറസ് ബാധപോലെ വവ്വാലുകള്‍ വെസ്റ്റ്‌നൈല്‍ പനി പടര്‍ത്തുമോയെന്ന് ആശങ്ക വളരുന്നുണ്ട്.

പക്ഷികളില്‍ നിന്ന് കൊതുകുകള്‍ വഴിയാണ് വൈറസ് മനുഷ്യരിലേക്ക് പടരുന്നത്. ക്യുലെക്‌സ് കൊതുകുകളാണ് ഇതു പരത്തുന്നത്. വൈറസ് വാഹകരായ പക്ഷികളില്‍ നിന്ന് രക്തം കുടിക്കുമ്പോള്‍ കൊതുകുകളിലേക്ക് ഇത് പകരുകയും പിന്നീട് മനുഷ്യരിലേക്കും മറ്റ് സസ്തനികളിലേക്കും പകരുകയുമാണു ചെയ്യുന്നത്. കൊതുകില്‍ പടര്‍ന്നിരിക്കുന്ന വൈറസ്, മുട്ടയിലൂടെ വീണ്ടും അടുത്ത തലമുറയിലേക്ക് കൈമാറുന്നു. ഈ സാഹചര്യത്തില്‍ ഇതൊരു ഭീഷണിയായി നിലനില്‍ക്കുന്നു.

നാഡീവ്യൂഹത്തെ ബാധിക്കുന്ന വൈറസ് തലച്ചോറിലെത്തുന്നതോടെയാണ് ജീവനു ഭീഷണിയാകുന്നത്. ഇത് മസ്തിഷ്‌കവീക്കത്തിനു കാരണമാകുന്നു. തലച്ചോറ്, നട്ടെല്ല് എന്നിവിടങ്ങളിലെ കോശങ്ങളെ വൈറസ് ബാധിക്കുന്നതോട മെനിഞ്‌ജൈറ്റിസ് രോഗം പിടി പെടുന്നു. പനി, തലവേദന, ഛര്‍ദ്ദി, ക്ഷീണം, ശരീരവേദന, ചര്‍മ്മത്തിലെ പാടുകള്‍, ഓര്‍മ്മക്കുറവ് എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. വൈറസ് ബാധയേറ്റ് മൂന്നു ദിവസം മുതല്‍ രണ്ടാഴ്ച വരെയാണ് രോഗം വരാനുള്ള കാലാവധി. എന്നാല്‍ 80 ശതമാനം രോഗികളിലും രോഗം നിശബ്ദമായിരിക്കും.

രോഗലക്ഷണങ്ങള്‍ കണ്ടാലോ എന്തെങ്കിലും സംശയം തോന്നിയാലോ ഉടന്‍ തന്നെ വൈദ്യപരിശോധനയ്ക്ക് വിധേയരാകുക. പരിശോധനാഫലങ്ങളുടെ അടിസ്ഥാനത്തിലും ലാബ് റിപ്പോര്‍ട്ടുകള്‍ അനുസരിച്ചുമാണ് രോഗം സ്ഥിരീകരിക്കാനാകുകയുള്ളൂ. വൃദ്ധര്‍, കുട്ടികള്‍, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ പെട്ടെന്ന് വൈറസ് ബാധയ്ക്കു കീഴ്‌പ്പെടും.

അസുഖത്തിന് പ്രതിരോധമരുന്ന കണ്ടുപിടിച്ചിട്ടില്ല. വെസ്റ്റ് നൈല്‍ വൈറസിനെ നശിപ്പിക്കാനുള്ള മരുന്നു ലഭ്യമല്ല. ഈ സാഹചര്യത്തില്‍ രോഗം പിടിപെടാതിരിക്കുക മാത്രമാണ് ഏക പ്രതിവിധി. കൊതുകുകളെ നിശിപ്പിക്കുകയാണ് പ്രധാനം. ക്യൂലക്‌സ് കൊതുകുകളെ നശിപ്പിക്കുക, പരിസരം മാലിന്യമുക്തമാക്കി സൂക്ഷിക്കുക, കൊതുകുകടിയില്‍ നിന്ന് ഒഴിവായി നില്‍ക്കുക, രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ സമയം കളയാതെ ചികില്‍സയ്ക്കു വിധേയരാകുക.

വൈറസ് ബാധിച്ചാല്‍ രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികില്‍സിക്കുകയേ വഴിയുള്ളൂ. ഫഌയിഡ് കുത്തിവെപ്പെടുക്കുകയും ശ്വസോച്ഛ്വാസം സുഗമമാക്കാന്‍ ഉപകരണങ്ങളുടെ സഹായവും വേണ്ടി വന്നേക്കാം. മറ്റ് അസുഖങ്ങള്‍ ഇല്ലാതെ നോക്കുകയാണ് ഏറ്റവും പ്രധാനം. അണുബാധ തടയാന്‍ രോഗിയെ മറ്റുള്ളവരില്‍ നിന്ന് മാറ്റി അത്യാഹിതവാര്‍ഡില്‍ തനിച്ചു പാര്‍പ്പിക്കേണ്ടി വരുന്നു.

ആഫ്രിക്ക, യൂറോപ്പ്, മധ്യേഷ്യ, വക്കേ അമേരിക്ക, പടിഞ്ഞാറന്‍ ഏഷ്യ എന്നിവിടങ്ങളിലാണ് വെസ്റ്റ്‌നൈല്‍ വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. ഉഗാഡയിലെ വെസ്റ്റ്‌നൈലില്‍ 1937ല്‍ ആണ് ആദ്യമായി ഈ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. 1977ല്‍ ഇന്ത്യയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തു. തിഴ്‌നാട്ടിലെ വെല്ലൂരിലായിരുന്നു അത്. കേരളത്തില്‍ 2011 മേയില്‍ സാന്നിധ്യം കണ്ടെത്തി. അമേരിക്ക, ഗ്രീസ്, കാനഡ, റഷ്യ, റൊമാനിയ എന്നീ രാജ്യങ്ങളിലും പനി വലിയതോതില്‍ പടര്‍ന്നു പിടിച്ചിട്ടുണ്ട്.

Categories: Health
Tags: Westnile