ടാറ്റയുടെ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കിന് വഴിതെളിയുന്നു

ടാറ്റയുടെ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കിന് വഴിതെളിയുന്നു

ടിയാഗോയുടെ താഴെ യഥാര്‍ത്ഥ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് അവതരിപ്പിക്കുകയാണ് ലക്ഷ്യം

ന്യൂഡെല്‍ഹി : ടിയാഗോ, നെക്‌സോണ്‍ മുതലായ മോഡലുകളുടെ വില്‍പ്പന വിജയത്തിനുശേഷം എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് സെഗ്‌മെന്റില്‍ ടാറ്റ മോട്ടോഴ്‌സ് കണ്ണെറിയുന്നു. ടിയാഗോയുടെ താഴെ ഒരു മോഡല്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യം. യഥാര്‍ത്ഥ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് പുറത്തിറക്കാനാണ് ആലോചന. എന്‍ട്രി ലെവല്‍ സെഗ്‌മെന്റില്‍ വലിയ സാധ്യതകളുണ്ടെന്ന് ടാറ്റ മോട്ടോഴ്‌സ് കണക്കുകൂട്ടുന്നു.

ടിയാഗോ, ടിഗോര്‍ മോഡലുകള്‍ക്ക് താഴെയുള്ള സെഗ്‌മെന്റില്‍ വലിയ വില്‍പ്പന നടക്കാനുള്ള സാധ്യതയാണ് ടാറ്റ മോട്ടോഴ്‌സ് നോക്കിക്കാണുന്നത്. മാര്‍ക്കറ്റ് ലീഡറായ മാരുതി സുസുകിയാണ് എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് സെഗ്‌മെന്റില്‍ ആധിപത്യം പുലര്‍ത്തുന്നത്. മാരുതി സുസുകി ഓള്‍ട്ടോ, സെലേറിയോ എന്നിവ കഴിഞ്ഞാല്‍ റെനോ ക്വിഡ്, ഡാറ്റ്‌സണ്‍ റെഡി-ഗോ, ഈയിടെ തിരികെയെത്തിച്ച ഹ്യുണ്ടായ് സാന്‍ട്രോ എന്നിവയായിരിക്കും എന്‍ട്രി ലെവല്‍ ടാറ്റ ഹാച്ച്ബാക്കിന്റെ എതിരാളികള്‍.

ഭാവിയില്‍ എല്ലാ മോഡലുകളും ആല്‍ഫ, ഒമേഗ എന്നീ രണ്ട് പ്ലാറ്റ്‌ഫോമുകളില്‍ മാത്രമായിരിക്കും നിര്‍മ്മിക്കുകയെന്ന് ടാറ്റ മോട്ടോഴ്‌സ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഒമേഗ പ്ലാറ്റ്‌ഫോമില്‍ വലിയ മോഡലുകള്‍ നിര്‍മ്മിക്കുമ്പോള്‍ 3.6 മീറ്റര്‍ മുതല്‍ 4 മീറ്റര്‍ വരെ നീളമുള്ള കാറുകളായിരിക്കും ആല്‍ഫ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കുന്നത്. ഈയിടെ ജനീവ മോട്ടോര്‍ ഷോയില്‍ അനാവരണം ചെയ്ത ടാറ്റ ആള്‍ട്രോസ് പ്രീമിയം ഹാച്ച്ബാക്ക് നിര്‍മ്മിക്കുന്നത് ആല്‍ഫ പ്ലാറ്റ്‌ഫോമിലായിരിക്കും. എച്ച്2എക്‌സ് കണ്‍സെപ്റ്റ് അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്ന സബ്‌കോംപാക്റ്റ് മൈക്രോ എസ്‌യുവി ആല്‍ഫ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കും. അടുത്ത തലമുറ ടിയാഗോ, ടിഗോര്‍ മോഡലുകളും ആല്‍ഫ പ്ലാറ്റ്‌ഫോമിലേക്ക് മാറും.

Comments

comments

Categories: Auto