സ്‌കോഡ ഒക്ടാവിയ കോര്‍പ്പറേറ്റ് എഡിഷന്‍ പുറത്തിറക്കി

സ്‌കോഡ ഒക്ടാവിയ കോര്‍പ്പറേറ്റ് എഡിഷന്‍ പുറത്തിറക്കി

പെട്രോള്‍ വേരിയന്റിന് 15.49 ലക്ഷം രൂപയും ഡീസല്‍ വേരിയന്റിന് 16.99 ലക്ഷം രൂപയുമാണ് ഇന്ത്യ എക്‌സ് ഷോറൂം വില

ന്യൂഡെല്‍ഹി : സ്‌കോഡ ഒക്ടാവിയ കോര്‍പ്പറേറ്റ് എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. പെട്രോള്‍ എന്‍ജിന്‍ വേരിയന്റിന് 15.49 ലക്ഷം രൂപയും ഡീസല്‍ എന്‍ജിന്‍ വേരിയന്റിന് 16.99 ലക്ഷം രൂപയുമാണ് ഇന്ത്യ എക്‌സ് ഷോറൂം പ്രാരംഭ വില. ഒക്ടാവിയയുടെ ബേസ് മോഡലായിരിക്കും കോര്‍പ്പറേറ്റ് എഡിഷന്‍. ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ സ്‌കോഡ സൂപ്പര്‍ബ് കോര്‍പ്പറേറ്റ് എഡിഷന്‍ പോലെ, നിലവിലെ സ്‌കോഡ ഉപയോക്താക്കള്‍ക്ക് മാത്രമായിരിക്കും ഒക്ടാവിയ കോര്‍പ്പറേറ്റ് എഡിഷന്‍ വാങ്ങാന്‍ കഴിയുന്നത്. സ്‌കോഡ റാപ്പിഡ് സെഡാന്‍ മാറ്റിവാങ്ങണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കാണ് അവസരമൊരുക്കുന്നത്. കാന്‍ഡി വൈറ്റ് എന്ന ഒറ്റ നിറത്തില്‍ മാത്രമായിരിക്കും കാര്‍ ലഭിക്കുന്നത്.

ഒക്ടാവിയ സ്‌റ്റൈല്‍ വേരിയന്റില്‍ കാണുന്ന അതേ ഫീച്ചറുകളാണ് കോര്‍പ്പറേറ്റ് എഡിഷനില്‍ നല്‍കിയിരിക്കുന്നത്. എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍ സഹിതം സവിശേഷ ‘ക്വാഡ്ര’ ഹെഡ്‌ലാംപുകള്‍, 16 ഇഞ്ച് വെലോറം അലോയ് വീലുകള്‍, ഒക്ടാവിയയുടെ കൂപ്പെ സമാനമായ തനത് റൂഫ്‌ലൈന്‍ എന്നിവ കാണാം. പിന്നില്‍ ‘സി’ ആകൃതിയില്‍ തെളിയുന്ന അതേ എല്‍ഇഡി ടെയ്ല്‍ലാംപുകള്‍ നല്‍കിയിരിക്കുന്നു.

ഒക്ടാവിയ കോര്‍പ്പറേറ്റ് എഡിഷന്റെ കാബിനിലും സ്റ്റൈല്‍ വേരിയന്റ് ഫീച്ചറുകള്‍ നല്‍കി. സെന്റര്‍ കണ്‍സോളിലും ഡോര്‍ പാനലുകളിലും ബ്രഷ്ഡ് അലങ്കാരങ്ങള്‍ കാണാം. ഓണിക്‌സ്, ഐവറി എന്നീ ഇരട്ട നിറങ്ങളിലുള്ളതാണ് ഡാഷ്‌ബോര്‍ഡ്. ഇളംതവിട്ടുനിറത്തിലുള്ളതാണ് പ്രീമിയം അപ്‌ഹോള്‍സ്റ്ററി. ഡാഷ്‌ബോര്‍ഡിന് നടുവില്‍ സ്മാര്‍ട്ട്‌ലിങ്ക് സാങ്കേതികവിദ്യയോടെ 6.5 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം കാണാം. മിറര്‍ലിങ്ക്, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റി സാധ്യമാണ്. ശുദ്ധമായ വായു ലഭിക്കുന്ന സംവിധാനത്തോടെ ഡുവല്‍ സോണ്‍ ക്ലൈമറ്റ്രോണിക് എയര്‍ കണ്ടീഷണിംഗ് സിസ്റ്റം സവിശേഷതയാണ്.

മുന്നിലും വശങ്ങളിലുമായി നാല് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി (ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍), ഹൈഡ്രോളിക് ബ്രേക്ക് അസിസ്റ്റ്, ആന്റി-സ്ലിപ്പ് റെഗുലേഷന്‍, മോട്ടോര്‍ സ്പീഡ് റെഗുലേഷന്‍, ഇലക്ട്രോണിക് ഡിഫ്രന്‍ഷ്യല്‍ ലോക്ക്, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, മള്‍ട്ടി കൊളീഷന്‍ ബ്രേക്കിംഗ് തുടങ്ങിയവ സുരക്ഷാ ഫീച്ചറുകളാണ്.

1.4 ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ എന്‍ജിന്‍, 2.0 ലിറ്റര്‍ ടിഡിഐ ഡീസല്‍ മോട്ടോര്‍ എന്നിവയാണ് എന്‍ജിന്‍ ഓപ്ഷനുകള്‍. പെട്രോള്‍ എന്‍ജിന്‍ 148 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഡീസല്‍ മോട്ടോര്‍ 141 ബിഎച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കുമാണ് പുറപ്പെടുവിക്കുന്നത്. രണ്ട് എന്‍ജിനുകളുമായി 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേഡായി ചേര്‍ത്തുവെച്ചു. പെട്രോള്‍ എന്‍ജിന്‍ 16.7 കിലോമീറ്ററും ഡീസല്‍ മോട്ടോര്‍ 21 കിലോമീറ്ററും ഇന്ധനക്ഷമത സമ്മാനിക്കും.

Comments

comments

Categories: Auto